അമിത്തിനെ കാണാതായിട്ട് നാലുവർഷം; നഷ്ടപരിഹാരം നൽകാൻ നിർദേശം
text_fieldsഉദുമ: കപ്പലിൽനിന്ന് കാണാതായിട്ട് നാലുവർഷം പിന്നിട്ട തൃക്കണ്ണാട് സ്വദേശി അമിത് കുമാറിെന്റ അവകാശികൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദേശം. അമിത്തിന്റെ അമ്മ ലക്ഷ്മി മുംബൈ ഷിപ്പിങ് കോർപറേഷന് അയച്ച കത്തിനു ലഭിച്ച മറുപടിയിലാണ് നിർദേശം സംബന്ധിച്ച വിവരമുള്ളത്. നിയമമനുസരിച്ച് കപ്പലിൽനിന്ന് കാണാതാകുന്ന വ്യക്തി മരണപ്പെട്ടതായി രേഖാമൂലം സ്ഥിരീകരിക്കണമെങ്കിൽ ഏഴുവർഷംവരെ കാത്തിരിക്കണം. എന്നാൽ, അതിനു മുമ്പ് ‘ഊഹ മരണ രേഖാപത്രം’ ലഭ്യമാക്കാം. അത് ലഭിക്കാത്തതിനെതുടർന്ന് അമിത്തിന്റെ അമ്മ ലക്ഷ്മി മുംബൈ ഷിപ്പിങ് മാസ്റ്റർക്ക് 2021 മേയ് 11ന് ലക്ഷ്മി കത്ത് അയച്ചിരുന്നു. ഇതിന് 2023 ജനുവരി 31നാണ് മറുപടി കിട്ടുന്നത്.
അമിത് മരണപ്പെട്ടെന്ന് സ്ഥിരീകരിക്കാൻ ഏഴുവർഷം കാത്തിരിക്കേണ്ടെന്നും അവകാശിക്ക് നഷ്ടപരിഹാരം നൽകാനും മുംബൈ ഷിപ്പിങ് മാസ്റ്റർക്ക് നിർദേശം ലഭിച്ചതായി ലക്ഷ്മിക്ക് മറുപടിയിൽ സൂചിപ്പിച്ചിട്ടുണ്ട്. വിവാഹിതനായി നാലുമാസത്തിനകം അമിത് കുമാർ അവധി പൂർത്തിയാക്കി ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യ (എസ്.സി.ഐ)യുടെ എം.ടി. സ്വർണകമൽ എന്ന എണ്ണകപ്പലിൽ 2018 സെപ്റ്റംബർ 19 നാണ് ഓർഡിനറി സീമൻ റാങ്കിൽ ജോലിയിൽ കയറിയത്.
തൃക്കണ്ണാട് കുന്നുമ്മൽ സ്വദേശികളാണെങ്കിലും മംഗളൂരു ബജ്പേയിലാണ് അമിത്തിന്റെ കുടുംബം ഇപ്പോൾ താമസം. ജോലിയിൽ പ്രവേശിച്ച് അഞ്ചു മാസം തികയുംമുമ്പ് 2019 ഫെബ്രുവരി മൂന്നിന് അമിത് കുമാറിനെ കപ്പലിൽ നിന്ന് കാണാതായ വിവരം കമ്പനിയുടെ മുംബൈയിലെ നരിമാൻ പോയിന്റിലെ എസ്.സി.ഐ ഓഫിസിൽനിന്ന് ഫെബ്രുവരി നാലിനാണ് വീട്ടുകാരെ അറിയിച്ചത്. അടുത്ത തുറമുഖം ലക്ഷ്യമിട്ടുള്ള യാത്രാമധ്യേ ചെങ്കടലിൽ വെച്ചാണ് അമിത് കുമാറിനെ കാണാതാവുന്നത്. ആ ദുരന്ത വാർത്തക്ക് നാലു വർഷം പിന്നിട്ടു. തുടർനടപടികൾക്കായി അമ്മ കെ. ലക്ഷ്മി ഷിപ്പിങ് കമ്പനിയുമായി പലതവണ ബന്ധപ്പെട്ടു. മാസങ്ങൾക്ക് ശേഷം അമിത്തിന്റെ പെട്ടിയും പ്രമാണങ്ങളും മുംബൈയിലെ കമ്പനി ഓഫിസിൽ നിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങിയതല്ലാതെ തുടർനടപടികൾ ഉണ്ടായില്ല.
കമ്പനിയുടെ തുടർനടപടികൾക്കായി അമ്മ ലക്ഷ്മിയുടെ കാത്തിരിപ്പ് ഇനിയും എത്രനാൾ തുടരേണ്ടിവരുമെന്ന് അറിയില്ല. അമിത്തിന്റെ ഭാര്യ സോനാലി ഈയിടെ പുനർവിവാഹം ചെയ്തതായും വീട്ടുകാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.