സംശയ നിഴലിൽ ബേക്കൽ ബീച്ച് ഫെസ്റ്റ്
text_fieldsഉദുമ: ബേക്കൽ ബീച്ച് ഫെസ്റ്റിവൽ നടത്തിപ്പിൽ ലഭിച്ച ലാഭവിഹിതത്തിന്റെ 25 ശതമാനം പഞ്ചായത്തിന് ലഭിക്കണമെന്ന് ഭരണസമിതിയോഗം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് സർക്കാറിന് കത്തയച്ചു. സി.പി.എം ഭരിക്കുന്ന പഞ്ചായത്ത്, പാർട്ടി എം.എൽ.എ ചെയർമാനായ ബീച്ച് ഫെസ്റ്റിവൽ സംഘാടക സമിതിയെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന പരാമർശവും യോഗത്തിൽ ഉണ്ടായി.
ഫെസ്റ്റിവൽ നടത്താനുള്ള അടിസ്ഥാന സൗകര്യം ഒരുക്കിയത് പള്ളിക്കര പഞ്ചായത്താണ്. സർക്കാർ ഉത്തരവ് പ്രകാരം ഒരു ലക്ഷം രൂപ നൽകി. അഞ്ചു മൈതാനികൾ ഒരുക്കി. പഞ്ചായത്ത് അംഗങ്ങൾ, സി.ഡി.എസ്, ഹരിത കർമ സേന എന്നിവരുടെ സഹായങ്ങളും നൽകി. ഈ കാരണത്താൽ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പണം വിഹിതമായി അനുവദിക്കണമെന്ന് പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു.
മുസ്‍ലിം ലീഗ് പ്രതിനിധി സിദ്ദീഖ് പള്ളിപ്പുഴ രൂക്ഷമായി വിമർശിച്ചു. ഫെസ്റ്റിവൽ നടത്തിപ്പ് സംബന്ധിച്ച അഴിമതിയാരോപണങ്ങൾ ഉയരുന്നതായി അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ സംഘാടക സമിതിയോഗം വിളിച്ചുചേർത്ത് കണക്ക് അവതരിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തി യോഗം വിളിക്കാനാവശ്യപ്പെടാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കുമാരൻ പനയാൽ മറുപടി നൽകി.
പള്ളിക്കര പഞ്ചായത്തിൽ നടന്ന ബേക്കൽ ഫെസ്റ്റിൽ പഞ്ചായത്തിനു വേണ്ടത്ര പരിഗണന നൽകിയില്ല എന്ന ആക്ഷേപം ഭരണസമിതിക്കുണ്ട്. പള്ളിക്കര സഹകരണ ബാങ്കിന് ഫെസ്റ്റിവൽ കൊണ്ട് ഗുണമുണ്ടായി. പാർക്കിങ് ചുമതല ടെൻഡർ ഇല്ലാതെ ലഭിച്ചു. കുടുംബശ്രീക്കും ലക്ഷങ്ങളുടെ വിഹിതം ടിക്കറ്റ് വിൽപ്പന വഴി ലഭിച്ചു. സ്പോൺസർമാർക്കും ഇവന്റ് മാനേജ്മെന്റ് സംഘത്തിനും ലാഭമുണ്ടായി. എന്നാൽ പഞ്ചായത്തിന് ഒരു ലക്ഷം രൂപ തനത് ഫണ്ടിൽനിന്ന് നഷ്ടമാകുകയായിരുന്നു. ഇതിനു മറുപടി പഞ്ചായത്തിൽ അവതരിപ്പിക്കേണ്ട ബാധ്യതയുണ്ട് എന്ന് ഉദ്യോഗസ്ഥർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.