ബേക്കൽ ബീച്ച് ഫെസ്റ്റിന് വർണാഭ തുടക്കം
text_fieldsഉദുമ: സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമായ ബേക്കൽ ബീച്ച് ഫെസ്റ്റിവൽ വലിയ വിജയമാകുമെന്ന് കേരള നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ. ബേക്കൽ ബീച്ച് പാർക്കിൽ ബേക്കൽ ഇന്റർനാഷനൽ ബീച്ച് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇനി പത്തു ദിവസം വടക്കൻ കേരളത്തിലെ ജനങ്ങൾ ബേക്കലിൽ ഒഴുകിയെത്തും. കലാപരിപാടികൾ ആസ്വദിക്കാൻ മനസ്സ് നന്നാകണം. മതത്തിന്റെയും ജാതിയുടെയും പേരിൽ രാജ്യത്ത് ഭിന്നിപ്പുണ്ടാക്കുന്നു. എന്നാൽ, ഇവിടെ കേരളം വ്യത്യസ്തമാണെന്ന് ബേക്കൽ പ്രഖ്യാപിക്കുന്നു.
ഒരു മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനാകില്ല. ബേക്കൽ വരദാനമാണ്. ഐക്യത്തോടെ സ്നേഹത്തോടെ ജനങ്ങൾ ഇവിടെ ഒത്തുചേരുകയാണ്. മനുഷ്യർ മതത്തിന്റെയും ജാതിയുടെയും പേരിൽ കലഹിക്കാതിരുന്നാൽ ജനങ്ങൾ ഈ ടൂറിസം കേന്ദ്രത്തിലേക്കു വരും. അതിനു കഴിഞ്ഞ വർഷം ബേക്കൽ സാക്ഷിയായി. ഇത്തവണയും അത് സംഭവിക്കുന്നു. അത് നാടിന്റെ ആവശ്യമാണ്. കാസർകോട് ജില്ല വളരെ മാറിയിരിക്കുന്നു.
ജില്ലയാകെ വികസനത്തിന്റെ പാതയിലാണ്. മനോഹരമായ ബീച്ചും ചരിത്ര പ്രസിദ്ധമായ കോട്ടയും ബേക്കലിനെ ദേശീയ പ്രശസ്തമാക്കുന്നു. ടൂറിസം ഭൂപടത്തിൽ ബേക്കൽ ഫെസ്റ്റിവൽ ഇതിനകം ഇടം നേടിയിട്ടുണ്ട്. ഇനി എല്ലാ ഡിസംബറിലും 20 നുശേഷം ബേക്കൽ ഫെസ്റ്റ് ലോകത്തിന്റെ ഉത്സവമായി മാറും. ലോകത്തിന്റെ എല്ലാ കോണിലുമുള്ള കാസർകോട് ജില്ലക്കാരായ പ്രവാസി മലയാളികൾ ഇനി എല്ലാ വർഷവും ഇവിടെ വരണം. വിദേശികൾ ധാരാളമായി വരണം. അവർക്ക് താമസിക്കാനും ഹോട്ടലുണ്ട്. ബേക്കൽ ഇന്റർനാഷനൽ ബീച്ച് ഫെസ്റ്റിവൽ നല്ലനിലയിൽ നടത്തിക്കൊണ്ടു പോകണമെന്നുംസ്പീക്കർ പറഞ്ഞു.
എം. രാജഗോപാലൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. മണികണ്ഠൻ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ. സൈമ, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. കുമാരൻ, അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, മുൻ എം.പി. കരുണാകരൻ, മുൻ എം.എൽ.എമാരായ കെ.വി. കുഞ്ഞിരാമൻ, കെ. കുഞ്ഞിരാമൻ, ബി.ആർ.ഡി.സി ഡയറക്ടർ ഷാലു മാത്യു, കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ടി.ടി. സുരേന്ദ്രൻ, ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, ജില്ല പൊലീസ് മേധാവി പി. ബിജോയി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.പി. ബാബു, ഹക്കീം കുന്നിൽ, കെ.ഇ.എ. ബക്കർ, ബാബുരാജ്, കുര്യാക്കോസ് പ്ലാപറമ്പിൽ, കരീം ചന്തേര, പി.പി. രാജു, രതീഷ് പുതിയ പുരയിൽ, സൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, ടി.വി. ബാലകൃഷ്ണൻ, ലത്തീഫ് , എന്നിവർ സംസാരിച്ചു. ബി.ആർ.ഡി.സി മാനേജിങ് ഡയറക്ടർ ഷിജിൻ പറമ്പത്ത് സ്വാഗതവും ഡി.ടി.പി.സി.സെക്രട്ടറി ലിജോ ജോസഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.