ആറുമാസത്തെ ആശങ്ക പ്രിയതമനെ കണ്ടെത്തിയ സന്തോഷത്തിൽ സരോജിനിയമ്മ
text_fieldsഉദുമ: ആറുമാസത്തെ തിരച്ചിലിനൊടുവിൽ പ്രിയതമനെ കണ്ടുകിട്ടിയ സന്തോഷത്തിൽ സരോജിനിയമ്മ. പത്തനംതിട്ട പുളിക്കീഴിലെ സരോജിനിയമ്മയാണ് ആറുമാസം മുമ്പ് വീട് വിട്ടുപോയ ഭർത്താവ് ഗോപാലനെ (ഗോപിനാഥൻ) കണ്ടെത്തി തന്നതിന് ബേക്കൽ പൊലീസിന് നന്ദി പറഞ്ഞത്. ഓർമക്കുറവ് മൂലം വീട്ടിൽനിന്ന് ഇറങ്ങി എവിടെയൊക്കെയോ അലഞ്ഞുനടന്ന ഗോപാലൻ, കഴിഞ്ഞ ജൂൺ 10ന് ബേക്കൽ ശിശുസൗഹൃദ ജനമൈത്രി പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
സ്ഥലവും പേരും പറയാൻ കഴിയാത്ത ഗോപാലനെ ചെർക്കപ്പാറ മരിയ ഭവൻ അഗതി മന്ദിരത്തിൽ താമസിപ്പിച്ചു. ഗോപാലിനെ കാണാനില്ല എന്ന പരസ്യം ശ്രദ്ധയിൽപ്പെട്ട മരിയ ഭവൻ മാനേജർ മനോജ് പീറ്റർ ഈ കാര്യം ബേക്കൽ ഇൻസ്പെക്ടർ യു.പി. വിപിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പത്തനംതിട്ട പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ ഇദ്ദേഹത്തെ കാണാനില്ലെന്ന പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വ്യക്തമായി.
കഴിഞ്ഞദിവസം പുളിക്കീഴ് പൊലീസ് ഗോപാലന്റെ ഭാര്യ സരോജിനിയമ്മയുമായി ബേക്കൽ സ്റ്റേഷനിൽ എത്തി. മരിയ ഭവനിൽനിന്ന് ഗോപാലനെ ഏറ്റുവാങ്ങി സരോജിനി അമ്മയെ ഏൽപിക്കുകയും ചെയ്തു. മാസങ്ങൾക്ക് ശേഷം ഭർത്താവിനെ കണ്ടുകിട്ടിയതിന്റെ സന്തോഷത്തിലാണവർ. ബേക്കൽ പൊലീസിനും മരിയ ഭവനും സന്തോഷാശ്രുക്കളോടെ നന്ദി പറഞ്ഞാണ് അവർ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.