എക്സൈസ് ഉദ്യോഗസ്ഥരെ നായെ അഴിച്ചുവിട്ട് പരിക്കേൽപ്പിച്ചു
text_fieldsഉദുമ: വീട്ടിൽ അനധികൃതമായി മദ്യവിൽപന നടത്തുന്ന വിവരമറിഞ്ഞ് പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ തലക്കടിച്ച് കൊലപ്പെടുത്താനും നായെ വിട്ട് കടിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് നാലുപേർക്കെതിരെ വധശ്രമം ഉൾപ്പെടെ ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കാസർകോട് എക്സൈസ് റേഞ്ച് ഓഫിസർ എം.കെ. ബാബു കുമാറിന്റെ പരാതിയിലാണ് നടപടി.
കാസർകോട് എക്സൈസ് ഇൻറലിജൻസ് ഉദ്യോഗസ്ഥരായ ഇ.കെ. ബിജോയ് (46), കെ.എം. പ്രദീപ് (49) എന്നിവരെയാണ് ഞായറാഴ്ച വൈകീട്ട് വളർത്തുനായെ ഉപയോഗിച്ച് ആക്രമിക്കുകയും കല്ല് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്.
കളനാട് കൈനോത്തെ ഉദയൻ, അജിത്ത്, ഉദയന്റെ ഭാര്യ സജിത, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇതിൽ അജിത്തിനെയും ഉദയന്റെ ഭാര്യ സജിതയേയും മേല്പറമ്പ സി.ഐ ഉത്തംദാസിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഉദയൻ ഒളിവിലാണ്.ഞായറാഴ്ച വൈകീട്ട് ഉദയന്റെ വീടിനുമുന്നിൽ വെച്ച് ഇരുചക്രവാഹനത്തിൽ മദ്യം വിൽപന നടത്തുകയാണെന്ന് വിവരം ലഭിച്ചാണ് എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.
വാഹനം പരിശോധിക്കുന്നതിനിടെ തടഞ്ഞുനിർത്തി ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും വീട്ടിലെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിക്കുകയും അജിത്ത് കല്ല് ഉപയോഗിച്ച് ഉദ്യോഗസ്ഥരെ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചതായും എക്സൈസ് ഉദ്യോഗസ്ഥർ മേല്പറമ്പ പൊലീസിൽ നല്കിയ പരാതിയിൽ പറയുന്നു. പരിക്കേറ്റ എക്സൈസ് ഉദ്യോഗസ്ഥരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എസ്.ഐ രാമചന്ദ്രൻ പാടിച്ചാൽ, പ്രബേഷൻ എസ്.ഐ ശരത് സോമൻ, സിവിൽ പൊലീസുകാരായ പ്രസാദ്, കൃപേഷ്, വനിതാ പൊലീസ് ഷീല എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ വൈദ്യപരിശോധനക്കുശേഷം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.