ബേക്കലിന് പ്രതീക്ഷയായി പുതിയ ചീഫ് സെക്രട്ടറി ഡോ. വേണു
text_fieldsഉദുമ: ഡോ. വി. വേണു പുതിയ ചീഫ് സെക്രട്ടറിയായി നിയമിതനാവുമ്പോൾ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ബേക്കലിൽ പ്രതീക്ഷ. സംസ്ഥാന സർക്കാറിന്റെ സ്വപ്നപദ്ധതിയായ ബേക്കൽ ടൂറിസം പദ്ധതി ജില്ലയിൽ നടപ്പാക്കാൻ രൂപവത്കരിച്ച ബേക്കൽ റിസോർട്ട് ഡവലപ്മെന്റ് കോർപറേഷന്റെ (ബി.ആർ.ഡി.സി) ആദ്യ മനേജിങ് ഡയറക്ടറായിരുന്നു ഡോ. വേണു. 1995ൽ സ്ഥാപിതാമായ പൊതുമേഖല സ്ഥാപനമായ ബി.ആർ.ഡി.സിയുടെ ചെയർമാൻ സംസ്ഥാന ചീഫ് സെക്രട്ടറിയാണ്. ചീഫ് സെക്രട്ടറിയായതോടെ ഡോ. വേണു ബി.ആർ.ഡി.സിയുടെ ചെയർമാൻ കൂടിയാവും. ബേക്കൽ ടൂറിസം പദ്ധതികൾ നടപ്പാക്കാനായി 235 ഏക്കർ ആണ് അന്ന് ജില്ലയിലെ നാല് പഞ്ചായത്തുകളിൽ നിന്ന് ഏറ്റെടുത്തത്. ടൂറിസത്തിന്റെ അനന്തസാധ്യതകൾ പറഞ്ഞ് തദ്ദേശീയരെ പദ്ധതിയുമായി സഹകരിപ്പിക്കുവാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ പ്രവർത്തനം കൊണ്ട് മാത്രമായിരുന്നു.
ബേക്കൽ കോട്ടയിലെ ടൂറിസ്റ്റ് ബംഗ്ലാവിലായിരുന്നു അദ്ദേഹം കുറേകാലം താമസിച്ചത്. ഡോ. വേണുവിന്റെ നേതൃത്വമാണ് ബേക്കലിന് ഉണർവേകിയത്. പദ്ധതി പ്രദേശമായ ജില്ലയിലെ ചെമ്മനാട്, ഉദുമ, പള്ളിക്കര, അജാനൂർ പഞ്ചായത്തുകളിൽ റിസോർട്ടുകൾക്കും പൊതുജനങ്ങൾക്കുമായി കുടിവെള്ള പദ്ധതി, വോൾട്ടേജ് ക്ഷാമമുണ്ടായിരുന്ന പദ്ധതി പ്രദേശത്ത് 11 കെ.വി. ലൈനുകൾ, പദ്ധതിയുടെ ഭാഗമായി നിരവധി റോഡുകൾ എന്നിവക്കായി അദ്ദേഹം മുൻകൈയെടുത്തു. ഗ്ലോബൽ ടെൻഡറിലൂടെ ആറ് റിസോർട്ട് സൈറ്റുകളിലേക്ക് നിക്ഷേപകരെ കൊണ്ടുവന്നത് അദ്ദേഹം ബി.ആർ.ഡി.സി എം.ഡി ആയിരിക്കുന്ന കാലത്താണ്. വർഷങ്ങൾ ബി.ആർ.ഡി.സിയുടെ എം.ഡിയായി സേവനമനുഷ്ഠിച്ച ഡോ. വേണു ടൂറിസം മറ്റ് ഇതര വകുപ്പുകളുടെ സെക്രട്ടറിയായി പ്രവർത്തിക്കുകയും അഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ ചുമതലയുള്ള അഡീ. ചീഫ് സെക്രട്ടറിയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.