ജീവനക്കാരന്റെ തിരോധാനം: കപ്പൽ കമ്പനി പ്രതിനിധികൾ പ്രശാന്തിന്റെ വീട്ടിലെത്തി
text_fieldsഉദുമ: ചരക്കു കപ്പലിൽനിന്ന് കാണാതായ ഉദുമ മുക്കുന്നോത്തെ കെ. പ്രശാന്തിന്റെ വീട് ചൊവ്വാഴ്ച സിനർജി ഷിപ്പിങ് മാനേജ്മെന്റ് കമ്പനി പ്രതിനിധികൾ സന്ദർശിച്ചു. ഇവർ വരുന്നുണ്ടെന്നറിഞ്ഞ് കപ്പൽജീവനക്കാരും ബന്ധുക്കളും നാട്ടുകാരുമടക്കം മുക്കുന്നോത്തെ വീട്ടിലെത്തിയിരുന്നു. സിംഗപ്പൂരിൽ വെച്ച് ഡെക്ക് വിഭാഗത്തിൽ എബിൾ സീമൻ റാങ്കിൽ ജോലിയിൽ പ്രവേശിച്ച പ്രശാന്തിനെ ജൻകോ എന്റർപ്രൈസ് എന്ന കപ്പലിൽനിന്ന് കാണാനില്ലെന്ന് 30ന് ഉച്ചയോടെയാണ് കമ്പനിയുടെ ഓഫിസിൽനിന്ന് ഫോണിലൂടെ വീട്ടുകാരെ അറിയിച്ചത്.
തുടർന്നുള്ള അന്വേഷണത്തിൽ തിരച്ചിൽ തുടരുന്നുവെന്ന വിവരം മാത്രമാണ് ഫോണിലൂടെ കിട്ടിയത്. ചൊവ്വാഴ്ച കമ്പനി പ്രതിനിധികൾ വീട്ടിലെത്തുമെന്ന് ഭാര്യ ഷാനിയെ നേരത്തേ അറിയിച്ചിരുന്നു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സിനർജി ഷിപ് മാനേജ്മെന്റ് പ്രതിനിധികളും കപ്പലോട്ടക്കാരുടെ സംഘടനയായ ന്യൂസിയുടെ പ്രതിനിധികളും ഉച്ചക്ക് മുക്കുന്നോത്തെ വീട്ടിലെത്തി ഭാര്യ ഷാനിയെയും മക്കളെയും കുടുംബാംഗങ്ങളെയും സമാശ്വസിപ്പിച്ചു. തിരച്ചിൽ നിർത്തിയെന്നും തുടർനടപടികൾ ഉടനെ ഉണ്ടാകുമെന്നും അവർ അറിയിച്ചു. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, മറ്റു ജനപ്രതിനിധികൾ, കോട്ടിക്കുളം മർച്ചന്റ്നേവി ക്ലബ്, ജില്ല സീമെൻ അസോസിയേഷൻ ആൻഡ് യൂത്ത് വിങ്, കാഞ്ഞങ്ങാട് സൈലേഴ്സ് ക്ലബ് പ്രവർത്തകർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ കഴിഞ്ഞദിവസം വീട് സന്ദർശിച്ചു. കപ്പലിൽനിന്ന് കാണാതായ കെ. പ്രശാന്തിനെ കണ്ടെത്താനാവശ്യമായ നടപടികൾ ഉടനെ കൈക്കൊള്ളണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി വിദേശകാര്യമന്ത്രിയോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.