കാരവനിൽ ലോകം ചുറ്റുന്ന ജർമൻ ടൂറിസ്റ്റുകൾ ബേക്കലിലും
text_fieldsഉദുമ: കാരവനിൽ ലോകംചുറ്റുന്ന ജർമൻ ടൂറിസ്റ്റുകൾ ബേക്കലിലുമെത്തി. ജർമൻകാരായ തീമുർ, ഭാര്യ അനിക, മക്കളായ ലിയ, സിയ, മറ്റൊരു സഞ്ചാരിയായ കാർസ്റ്റൺ എന്നിവരാണ് ബേക്കലിൽ എത്തിയത്. ജർമനായ കാർസ്റ്റൺ ഭാര്യ ഹെയ്ക്കുമൊത്ത് ഒരു മെഴ്സിഡസ് ആക്റ്റേർസിൽ ഒരുക്കിയ കാരവനിലാണ് ലോകയാത്ര ആരംഭിച്ചത്.
2021ൽ ആരംഭിച്ച രണ്ടാം യാത്രയിൽ ജോർഡൻ, ഇറാൻ, ഇറാഖ്, കുവൈത്ത്, യു.എ.ഇ, ഒമാൻ, സൗദി, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചശേഷമാണ് ഇവർ ഇന്ത്യയിലെത്തിയത്. കാർസ്റ്റൺ തന്റെ പിതാവിന് സുഖമില്ലാത്തതിനാൽ മൂന്നാഴ്ച മുമ്പ് ജർമനിയിലേക്ക് മടങ്ങിയിരുന്നു.
മറ്റൊരു ഫോർഡ് കാറിൽ കാരവനൊരുക്കി ലോക സഞ്ചാരത്തിന് പുറപ്പെട്ട് ഹംഗറി, സെർബിയ, തുർക്കിയ, ഇറാൻ, പാകിസ്താൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ചശേഷം വാഗ ബോർഡർ വഴി ഇന്ത്യയിലെത്തിയ ജർമനായ തീമുർ, ഭാര്യ അനികയും മക്കളും കശ്മീർ, ജോധ്പുർ, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് ഗോവയിൽ എത്തിയപ്പോഴാണ് ഇവർ കാർസ്റ്റണുമായി പരിചയപ്പെടുന്നത്. പിന്നീടങ്ങോട്ട് രണ്ട് കാരവനിലാണെങ്കിലും ഇവർ ഒന്നിച്ചായിരുന്നു യാത്ര. യാത്രയിൽ എവിടെയെങ്കിലും നിർത്തിയാൽ ഇവരുടെ ഊണും ഉറക്കവുമൊക്കെ കാരവനിൽതന്നെ.
ബയോ ടോയ്ലറ്റ് അടക്കം അത്യാധുനിക സൗകര്യങ്ങൾ അടങ്ങിയതാണ് കാർസ്റ്റന്റെ കാരവനെങ്കിൽ കാറിൽ ഒരുക്കിയ ചെറിയ കാരവനിലാണ് തീമൂറിന്റെയും കുടുംബത്തിന്റെയും യാത്ര.
ഗോവയിൽനിന്ന് മംഗളൂരുവിലെത്തിയ ഇവരെ ബേക്കൽ റെഡ് മൂൺ ബീച്ച് പാർക്കിലെ സുരേഷാണ് ബേക്കലിലേക്ക് ക്ഷണിക്കുന്നത്. ക്ഷണം സ്വീകരിച്ച് ബേക്കലിലെത്തിയ ഇവർക്ക് റെഡ് മൂൺ ബീച്ച് പാർക്കിൽ കാരവൻ പാർക്ക് ചെയ്യാനും ഉല്ലസിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു.
ബേക്കൽ വളരെ മനോഹരമാണെന്നും ആളുകൾ സ്നേഹത്തോടെയാണ് പെരുമാറുന്നതെന്നും ടൂറിസ്റ്റുകൾ അഭിപ്രായപ്പെട്ടു. കേരളത്തിലെ ജനങ്ങളുടെ സംസ്കാരവും രുചികരമായ ഭക്ഷണവും മറക്കാനാവാത്ത അനുഭവമാണെന്നും അവർ കൂട്ടിച്ചേർത്തു.
കാരവൻ പാർക്കിനായി ബി.ആർ.ഡി.സിയുടെ ബേക്കൽ ബീച്ച് പാർക്കിൽനിന്ന് ഒരേക്കർ സ്ഥലം കെ.ടി.ഡി.സിക്ക് കൈമാറി സർക്കാർ ഫണ്ടനുവദിച്ചിട്ടുണ്ടെങ്കിലും പാർക്ക് എന്ന് യാഥാർഥ്യമാവുമെന്ന് ഒരു നിശ്ചയവുമില്ലാത്തപ്പോഴാണ് റെഡ് മൂൺ പാർക്കധികൃതർ കാരവൻ സഞ്ചാരികൾക്ക് സഹായവുമായെത്തിയത്. ബേക്കൽ ടൂറിസം ഫ്രറ്റേണിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാട് ഇവരെ സ്വീകരിക്കാനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.