ആരോഗ്യമേഖലയിൽ കാസർഗോഡ് ജില്ല സ്വയംപര്യാപ്തമല്ല –നിക്ഷേപക സംഗമം
text_fieldsഉദുമ: ആരോഗ്യ മേഖലയിൽ ജില്ല സ്വയം പര്യാപ്തമല്ലെന്നും അത് സാധ്യമാകാൻ കൂടുതൽ നിക്ഷേപം വേണമെന്നും റൈസിങ് കാസർകോട് നിക്ഷേപ സംഗമം ചർച്ച. ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.ജി.സി. ബഷീർ മോഡറേറ്ററായിരുന്നു. ആരോഗ്യ മേഖലയിലെ വിദഗ്ധരും നിക്ഷേപകരും പങ്കെടുത്തു.
ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ എസ്.എൻ. സരിത അധ്യക്ഷത വഹിച്ചു. ജില്ലയിൽ ആരോഗ്യ മേഖലയിൽ സ്വയം പര്യാപ്തതയും വികസനവും അനിവാര്യമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവൻ പറഞ്ഞു.
ജില്ലയുടെ ജനസംഖ്യക്ക് ആനുപാതികമായ കിടത്തി ചികിത്സാ സൗകര്യം ജില്ലയിലില്ല. പ്രാഥമിക, ദ്വിതീയ ചികിത്സകൾ നടക്കുമ്പോഴും തൃതീയ ചികിത്സ സൗകര്യത്തിന് അയൽ ജില്ലകളെയും മംഗളൂരുവിനെയും ആശ്രയിക്കേണ്ടി വരുകയാണ്. ജില്ലയിൽ ആരോഗ്യ മേഖലയിൽ നിക്ഷേപം നടത്തുന്നവർ തൃതീയ ചികിത്സ മേഖലയിലാണ് നിക്ഷേപം നടത്തേണ്ടതെന്നും ഡോ. ജോസഫ് ബെനവൻ പറഞ്ഞു.
കോവിഡ് വ്യാപനത്തിന് ശേഷം ജനങ്ങളുടെ ശുചിത്വ ബോധം വർധിച്ചെന്നും മാസ്ക്, സാനിറ്റൈസർ നിർമാണ രംഗത്ത് ജില്ലയിൽ മികച്ച സാധ്യതയാണ് നിലനിൽക്കുന്നതെന്ന് ചർച്ചയിൽ ഡോ. ജോൺ ജോൺ കെ പറഞ്ഞു. ജില്ലയിൽ എൻ.എ.ബി.എൽ(നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ്) അംഗീകാരമുള്ള ലാബ് സംവിധാനങ്ങൾ നിർമിക്കുന്നതിനും ആരോഗ്യ ഇൻഷുറൻസ് മേഖലയിലും നിക്ഷേപ സാധ്യതകൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപന സമയത്താണ് ആരോഗ്യ മേഖലയിൽ ജില്ല നേരിടുന്ന അപര്യാപ്തതകൾ തിരിച്ചറിഞ്ഞതെന്നും സർക്കാർ സംവിധാനങ്ങൾ സഹകരിച്ചാൽ ജില്ലയിൽ സ്വകാര്യ മെഡിക്കൽ കോളജ് ആരംഭിക്കാൻ തയാറാണെന്നും പ്രമുഖ നിക്ഷേപകൻ ലത്തീഫ് ഉപ്പള പറഞ്ഞു.
നിർമാണ തൊഴിലാളി കണ്ണങ്കൈ കുഞ്ഞിരാമൻ ചർച്ചയിൽ പങ്കെടുത്തു. നിക്ഷേപകരുമായി നവംബർ 20 ന് പ്രത്യേകം ചർച്ച നടത്തുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ പറഞ്ഞു. ജില്ല പഞ്ചായത്ത് അംഗം സി.ജെ. സജിത്ത് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.