കോട്ടിക്കുളം സ്റ്റേഷന് ‘പച്ചക്കൊടി’ മാത്രം
text_fieldsഉദുമ: ജില്ലയിലെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇറങ്ങാവുന്ന കോട്ടിക്കുളം സ്റ്റേഷനിൽ ഓടുന്ന വണ്ടികൾക്ക് ‘ബൈ’ പറയാനുള്ള പച്ചക്കൊടി മാത്രം. ഇപ്പോഴും നിർത്തുന്ന വണ്ടികൾ പരിമിതം. ടൂറിസ്റ്റുകളുടെ ആകർഷണ കേന്ദ്രങ്ങളായ ബേക്കൽ കോട്ട, പള്ളിക്കര, കാപ്പിൽ , ചെമ്പിരിക്ക ബീച്ചുകളിലേക്കും എളുപ്പം എത്തിപ്പെടാനുള്ള സൗകര്യങ്ങളുള്ള കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ തീർത്തും അവഗണനയുടെ പാതയിലാണ്.
സംസ്ഥാനത്തെ ആദ്യ ടൂറിസ്റ്റ് റെയിൽവേ സ്റ്റേഷനായി ഉയർത്താൻ കോട്ടിക്കുളത്തിന്റെ പേർ നിർദേശിച്ചതിന് പിന്നാലെ സർവേയും നടന്നിരുന്നുവെങ്കിലും എല്ലാം ചുവപ്പുനാടയിലാണ്. കോട്ടിക്കുളം റെയിൽവേ സ്റ്റേഷനെ ആദർശ് സ്റ്റേഷനായി ഉയർത്തിയിരുന്നുവെങ്കിലും വികസന പ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ല.
മുഴുസമയ പ്രവർത്തന രീതിയിലേക്ക് മാറ്റണമെന്ന മുറവിളിക്കിടെ ഭാഗികമായി നിലനിന്നിരുന്ന റിസർവേഷൻ സൗകര്യം പോലും മുന്നറിയിപ്പില്ലാതെ നിർത്തലാക്കിയത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്ലാറ്റ്ഫോം ഉയർത്തിക്കിട്ടാനും മലബാർ എക്സ്പ്രസ് നിർത്തിക്കിട്ടാൻ പോലും ട്രെയിൻ തടയൽ സമരം ചെയ്തവരാണ് ഇവിടത്തെ പഴയ തലമുറ.
പ്ലാറ്റ്ഫോമിനെ രണ്ടായി പകുത്തുപോകുന്ന റോഡിലെ കുരുക്ക് മറികടക്കാൻ മേൽപാലം വേണമെന്ന പതിറ്റാണ്ടുനീണ്ട ആവശ്യത്തിന് ഈയിടെ അനുമതി കിട്ടിയെങ്കിലും അത് യാഥാർഥ്യമാകാൻ എത്രനാൾ കാത്തിരിക്കണം എന്നതിനെക്കുറിച്ച് യാതൊരു ധാരണയുമില്ല.
പരശുറാം എക്സ്പ്രസിന് സ്റ്റോപ് അനുവദിച്ചുകിട്ടാൻ കോട്ടിക്കുളത്തുകാർ മുട്ടാത്ത വാതിലുകളില്ല. വരുമാനംകുറഞ്ഞ സ്റ്റേഷനുകളിൽ സ്റ്റോപ്പുള്ള ഏറനാട് എക്സ്പ്രസ് പോലും ഇവിടെ നിർത്താറില്ല.
കോട്ടിക്കുളം റെയിൽവേ വികസനം ലക്ഷ്യമിട്ട് ഇവിടെ പ്രവർത്തിക്കുന്ന സംഘടനകളെല്ലാം ഒരു കുടക്കീഴിൽ അണിചേർന്നാൽ വിപുലമായ കൂട്ടായ്മയിൽ ആവശ്യങ്ങൾ നേടിയെടുക്കാമെന്നാണ് ജനങ്ങളുടെ പക്ഷം. എം.ബി.കെ ഉദുമ മണ്ഡലം ഗ്രൂപ്, ഉദുമ ഹൈസ്കൂളിലെ പൂർവ വിദ്യാർഥി കൂട്ടായ്മ, സംസ്കാര ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ എന്നിവർ ചേർന്ന് പാസഞ്ചേഴ്സ് അമിനിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസിന് കോട്ടിക്കുളം റെയിൽവേ സ്റ്റേഷന്റെ ദുരവസ്ഥകൾക്ക് പരിഹാരംതേടി പരാതി നൽകിയിട്ടുണ്ട്. നാട്ടിലെ വിവിധ സംഘടനകളും വാട്സ് ആപ് കൂട്ടായ്മകളും കോട്ടിക്കുളം റെയിൽവേ വികസനത്തിനായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.