പ്രതിഷേധങ്ങൾക്കിടെ ഉദുമയിൽ സിൽവർലൈൻ കല്ലുകൾ നാട്ടി
text_fieldsഉദുമ: സ്ഥലമുടമകളുടെയും കെ-റെയിൽ വിരുദ്ധ സമര സമിതിയുടെയും പ്രതിഷേധങ്ങൾക്കിടെ ഉദുമ വില്ലേജിൽ പൊലീസ് സാന്നിധ്യത്തിൽ സിൽവർലൈൻ അതിരടയാള കല്ലുകൾ നാട്ടി. രണ്ടാഴ്ചമുമ്പ് ഉദ്യോഗസ്ഥർ കല്ലുകൾ നാട്ടാൻ എത്തിയിരുന്നുവെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് തിരിച്ചുപോയിരുന്നു.
കെ-റെയിൽ സ്പെഷൽ തഹസിൽദാർ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം ബേക്കൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ മേൽപറമ്പ്, ആദൂർ, ബേഡകം, അമ്പലത്തറ എന്നീ സ്റ്റേഷനിലെ പൊലീസുകാരുടെ സഹായത്തോടെയാണ് സർവേക്കല്ലുകൾ സ്ഥാപിക്കാൻ എത്തിയത്. ഉദ്യോഗസ്ഥർക്ക് മുന്നിൽ മുദ്രാവാക്യം വിളിച്ച സ്ത്രീകളെ വനിത പൊലീസുകാരെ ഉപയോഗിച്ച് മാറ്റിനിർത്തി.
ജനപ്രതിനിധികളായ ഗീതാകൃഷ്ണൻ, പുഷ്പ ശ്രീധരൻ, ചന്ദ്രൻ നാലാംവാതുക്കൽ, ഹാരിസ് അങ്കക്കളരി, കെ-റെയിൽ ലൈൻ വിരുദ്ധ സമിതി നേതാക്കളായ കാപ്പിൽ കെ.ബി.എം. ഷരീഫ്, പ്രഭാകരൻ തെക്കേക്കര, കെ.വി. അമ്പാടി എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷമാണ് കല്ലുകൾ നാട്ടിയത്.
കോട്ടിക്കുളം വില്ലേജിലെ മലാംകുന്ന്, അങ്കക്കളരി വാർഡുകളിൽ തിങ്കളാഴ്ച രാവിലെ നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ നാട്ടിയ കല്ലുകൾ വൈകുന്നേരത്തോടെ പിഴുതുമാറ്റിയിരുന്നു.
എല്ലാ പോക്കറ്റ് വഴിയിലും പൊലീസിനെ നിലയുറപ്പിച്ചാണ് ബുധനാഴ്ച ഉദുമയിൽ കല്ലിടാനെത്തിയത്. കുന്നിൽ പള്ളിക്ക് സമീപത്ത് നിന്നാണ് കല്ലിടൽ ആരംഭിച്ചത്. ഉച്ചക്ക് ശേഷം പെരിലവളപ്പ്, വള്ളിയോട് പ്രദേശങ്ങളിലെ രണ്ട് കിലോമീറ്ററിലേറെ സ്ഥലത്ത് അമ്പതോളം കല്ലുകളാണ് സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.