ബേക്കലിൽ ടൂറിസം വില്ലേജ് പദ്ധതി
text_fieldsഉദുമ: 'ബേക്കൽ ടൂറിസം വില്ലേജ്' എന്ന പേരിൽ പുതിയ ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബി.ആർ.ഡി.സിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും പദ്ധതി.
അജാനൂർ പഞ്ചായത്തിലെ കൊളവയലിൽ സ്ഥിതി ചെയ്യുന്ന ബി.ആർ.ഡി.സിയുടെ 32 ഏക്കർ സ്ഥലത്താണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. അന്താരാഷ്ട്രതലത്തിൽ തന്നെ സഞ്ചാരികളെ ആകർഷിക്കാൻ സാധിക്കുന്ന നിലയിൽ ഉത്തരവാദിത്ത ടൂറിസം പദ്ധതി മാതൃകയിലാണ് ബേക്കൽ ടൂറിസം വില്ലേജ് വിഭാവനം ചെയ്യുന്നത്.
അഗ്രോ ടൂറിസം, ഫാം ടൂറിസം, അഡ്വഞ്ചർ ടൂറിസം, വില്ലേജ് ടൂറിസം, എക്സ്പിരിയൻഷ്യൽ ടൂറിസം, കൾച്ചറൽ ടൂറിസം തുടങ്ങി നിരവധി ഘടകങ്ങളെ ഒരു കേന്ദ്രത്തിൽ അനുഭവവേദ്യമാക്കാൻ ബേക്കൽ ടൂറിസം വില്ലേജിന് സാധിക്കും.
ഉത്തരവാദിത്ത ടൂറിസം പദ്ധതി എന്ന നിലയിൽ തദ്ദേശീയരായ ആളുകളുടെ തൊഴിൽ ലഭ്യത ഉറപ്പുവരുത്തുന്നതിന് ഈ പദ്ധതി ഏറെ സഹായകരമാകും.ബേക്കൽ ടൂറിസം സെന്ററിന്റെയും ബേക്കൽ ടൂറിസം വില്ലേജിന്റെയും പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കത്തക്ക നിലയിലാണ് ഇപ്പോൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
പദ്ധതിക്ക് അന്താരാഷ്ട്ര നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയാണ് ടെൻഡര്‍ ക്ഷണിക്കുക. എക്സ്പിരിയൻഷ്യൽ ടൂറിസത്തിൽ കാസർകോട് ജില്ല ഏറെ പിറകിലാണ്. അതിനു ഏറെ സാധ്യതകളുള്ള ജില്ലയാണ് കാസർകോട്. ഇവിടത്തെ ആളുകളുടെ ജീവിത സംസ്കൃതി ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം മികച്ച അനുഭവമായിരിക്കും.
ആ നിലയിൽ എക്സ്പിരിയൻഷ്യൽ ടൂറിസത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന ഒരു പദ്ധതിയാണ് ബേക്കൽ ടൂറിസം വില്ലേജ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.