കെ- റെയിലിനെതിരെ പ്രമേയം പാസാക്കി ഉദുമ പഞ്ചായത്ത്
text_fieldsഉദുമ: സംസ്ഥാന സർക്കാറിന്റെ സ്വപ്നപദ്ധതി കെ-റെയിലിനെതിരെ സി.പി.എം ഭരിക്കുന്ന ഉദുമ ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി. യു.ഡി.എഫ് അംഗം അവതരിപ്പിച്ച പ്രമേയം ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെയാണ് പാസാക്കിയത്.
മുസ്ലിം ലീഗിലെ ഹാരിസ് അങ്കക്കളരിയാണ് പ്രമേയം അവതരിപ്പിച്ചത്. യു.ഡി.എഫിലെ ചന്ദ്രൻ നാലാംവാതുക്കൽ പിന്താങ്ങി. 21 അംഗ പഞ്ചായത്ത് ഭരണസമിതിയിലെ ഒമ്പത് യു.ഡി.എഫ് അംഗങ്ങളും രണ്ട് ബി.ജെ.പി അംഗങ്ങളും അടക്കം 11 പേർ പ്രമേയത്തെ അനുകൂലിച്ചു.
സി.പി.എമ്മിന്റെ പത്ത് അംഗങ്ങൾ എതിർത്തു. പത്തിനെതിരെ 11 അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രമേയം പാസായത്. സംസ്ഥാനത്ത് ആദ്യമായാണ് സി.പി.എം ഭരിക്കുന്ന പഞ്ചായത്തിൽ കെ-റെയിലിനെതിരെ പ്രമേയം പാസായത്. കെ -റെയിൽ കേരളത്തിൽ പ്രായോഗികമല്ല എന്ന വിദഗ്ധാഭിപ്രായങ്ങൾ നിലനിൽക്കെ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള നീക്കത്തിൽ ജനങ്ങൾ ആശങ്കയിലാണെന്ന് പ്രമേയത്തിൽ പറയുന്നു.
ഉദുമ ഗ്രാമപഞ്ചായത്തിനെ കീറിമുറിച്ച് ഏഴോളം വാർഡുകളിലൂടെ കടന്നുപോകുന്ന കെ-റെയിൽ നൂറിലധികം കുടുംബങ്ങളെ കുടിയിറക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പദ്ധതിയിൽനിന്ന് പിന്മാറണമെന്ന് പഞ്ചായത്ത് ഭരണസമിതി പ്രമേയത്തിലൂടെ സംസ്ഥാന സർക്കാറിനോട് അഭ്യർഥിച്ചു.
പ്രമേയം പാസാക്കിയ യു.ഡി.എഫ് അംഗങ്ങളെ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി യോഗം അഭിനന്ദിച്ചു. ചെയർമാൻ കെ.ബി.എം. ഷെരീഫ് അധ്യക്ഷത വഹിച്ചു. ഉദുമ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബി. ബാലകൃഷ്ണൻ, കൊപ്പൽ പ്രഭാകരൻ, കെ.എം. അമ്പാടി, പ്രഭാകരൻ തെക്കേക്കര, പി.കെ. അബ്ദുല്ല, ചന്ദ്രൻ നാലാം വാതുക്കൽ, ബഷീർ പാക്യാര, അനിൽ കുമാർ മൂലയിൽ, ഹാരിസ് അങ്കക്കളരി, അനീഷ് പണിക്കർ എന്നിവർ സംസാരിച്ചു. കൺവീനർ കെ.വി. ഭക്തവത്സലൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.