ഉദുമയിൽ ആരുദിക്കും?
text_fieldsകാസർകോട്: തുടർച്ചയായ ഏഴാം വിജയം ലക്ഷ്യമിട്ട് കുതിക്കുന്ന ഇടതുപക്ഷത്തെ പിടിച്ചുകെട്ടാൻ യു.ഡി.എഫ് കച്ചകെട്ടിയിറങ്ങിയതോടെ ശ്രദ്ധാകേന്ദ്രമാവുകയാണ് കാസർകോട് ജില്ലയിലെ ഉദുമ. മഞ്ചേശ്വരത്ത് ചെർക്കളം അബ്ദുല്ലയുടെ തേരോട്ടത്തിന് 2006ൽ കടിഞ്ഞാണിട്ട സി.എച്ച്. കുഞ്ഞമ്പുവിനെയാണ് ഉദുമ നിലനിർത്താൻ സി.പി.എം നിയോഗിച്ചതെങ്കിൽ ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ കോൺഗ്രസിലെ ബാലകൃഷ്ണൻ പെരിയക്കാണ് യു.ഡി.എഫ് പ്രതിനിധിയായി നറുക്കുവീണത്. യു.ഡി.എഫ് പ്രഖ്യാപനം വരുംമുെമ്പ സ്ഥാനാർഥിയെ കുറിച്ച് സൂചന ലഭിച്ചതോടെ തർക്കം രൂക്ഷമാവുകയും കെ.പി.സി.സി ജനറൽ സെക്രട്ടറി രാജിവെക്കുകയും ഒരുവിഭാഗം രഹസ്യയോഗം ചേരുകയും ചെയ്തത് വൻ വിവാദമായിരുന്നു.
എന്നാൽ, ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ വിമതസ്വരമുയർത്തിയവർ പത്തിമടക്കി. കഴിഞ്ഞ ആറുതവണ തുടർച്ചയായി ഇടതോരം ചേർന്ന ഉദുമ മണ്ഡലത്തിൽ ഓരോ തവണയും ഭൂരിപക്ഷത്തിലുണ്ടായ ഇടിവ് എൽ.ഡി.എഫിെൻറ നെഞ്ചിടിപ്പേറ്റാൻ പോന്നതാണ്. തുടർച്ചയായി രണ്ടു തവണ എം.എൽ.എയായിരുന്ന കെ. കുഞ്ഞിരാമനെ 2016ൽ തറപറ്റിക്കാൻ സാക്ഷാൽ കെ. സുധാകരനെ തന്നെ യു.ഡി.എഫ് രംഗത്തിറക്കിയെങ്കിലും 3832 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയം ഇടതുമുന്നണിക്കൊപ്പം നിന്നു. പിന്നീട് ലോക്സഭ തെരഞ്ഞെടുപ്പിൽ കല്യോട്ടെ ഇരട്ടക്കൊലപാതകവും രാജ്മോഹൻ ഉണ്ണിത്താെൻറ വ്യക്തിപ്രഭാവവും വോട്ടുകളായി മാറിയപ്പോൾ യു.ഡി.എഫിന് ഉദുമയിൽ 8937 വോട്ട് ലീഡ് ലഭിച്ചു. എന്നാൽ, ആരോപണങ്ങളുടെ കുത്തൊഴുക്കിനിടയിലും തദ്ദേശ തെരഞ്ഞെടുപ്പിൽ 11,678 വോട്ടുകളുടെ ഭൂരിപക്ഷമുണ്ട് ഇടതു മുന്നണിക്കിവിടെ.
കല്യോട്ട് ഇരട്ടക്കൊലക്കുശേഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പായതിനാൽ യു.ഡി.എഫ് ക്യാമ്പിെൻറ പ്രധാന പ്രചാരണ വിഷയവും യുവാക്കളുടെ കൊലപാതകമാണ്. സംഭവം നടന്ന പുല്ലൂർ പെരിയ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫ് പിടിച്ചെടുക്കുകയും ചെയ്തു. ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി എ. വേലായുധനാണ് എൻ.ഡി.എ സ്ഥാനാർഥി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.