വിവാഹം താലികെട്ടിൽ ഒതുക്കി; ഭക്ഷണം വൃദ്ധസദനത്തിൽ
text_fieldsവിവാഹം താലികെട്ടിൽ ഒതുക്കി ഭക്ഷണം വൃദ്ധസദനത്തിൽ നൽകി യുവ സൈനികൻ. പെരുമ്പള കണ്ടടുക്കം വൃന്ദാവനിൽ റിട്ട. സുബേദാർ സി.കെ. കുഞ്ഞമ്പു നായരുടെയും പത്മിനിയുടെയും മകൻ ഹവിൽദാർ സി.കെ. അവിനാശാണ് വിവാഹസൽക്കാരം പരവനടുക്കം ഗവ. വൃദ്ധസദനത്തിലെ അന്തേവാസികൾക്കായി ഒരുക്കിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് അവിനാശും ചട്ടഞ്ചാൽ മണ്യത്തെ ബാലചന്ദ്രൻ നായരുടെയും ശ്രീദേവിയുടെയും മകൾ ശൈത്യയും തമ്മിലുള്ള വിവാഹം നടന്നത്. തൈര ശ്രീ ദുർഗപരമേശ്വരി ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹസദ്യ പരവനടുക്കം ഗവ. വൃദ്ധസദനത്തിൽ കഴിഞ്ഞദിവസം നടന്നു.
സാധാരണ വൃദ്ധസദനത്തിലെ അന്തേവാസികൾക്കായി ഭക്ഷണം ഒരുക്കുമ്പോൾ ഭക്ഷണം നൽകുന്നവർക്കും വൃദ്ധസദനത്തിലേക്ക് പ്രവേശനം ഉണ്ടായിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ആർക്കും പ്രവേശനം അനുവദിച്ചില്ല. കഴിഞ്ഞ ഏപ്രിലിലായിരുന്നു അവിനാശും ശൈത്യയും തമ്മിലുള്ള വിവാഹം തീരുമാനിച്ചിരുന്നത്. പശ്ചിമബംഗാളിലെ സുക്ന ആർമി ക്യാമ്പിൽ ഹവിൽദാറായ അവിനാശിന് നാട്ടിൽ വരാൻ സാധിക്കാത്തതിനാൽ വിവാഹം നീട്ടിവെക്കുകയായിരുന്നു.
തുടർന്ന് ശ്രീനഗർ ഓൾഡ് എയർ ഫീൽഡ് 14 വയർലെസ് എക്സ്പെരിമെൻറൽ യൂനിറ്റിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിനാലാണ് അവിനാശ് നാട്ടിലെത്തിയത്. ഈ മാസം 26ന് അവിനാശ് ശ്രീനഗർ യൂനിറ്റിലേക്ക് യാത്രതിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.