കണ്ണൂർ-മംഗളൂരു പ്രത്യേക ട്രെയിൻ 30 മുതൽ
text_fieldsഉപ്പള: കോവിഡ് മൂലം നിർത്തിവെച്ച കണ്ണൂർ-മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ട്രെയിൻ സർവിസ് 30 മുതൽ. റെയിൽവേയുടെ തീരുമാനത്തെ സേവ് ഉപ്പള റെയിൽവേ സ്റ്റേഷൻ കമ്മിറ്റി സ്വാഗതം ചെയ്തു. പ്രധാന സ്റ്റേഷനുകളിൽ ഒഴികെ നിർത്തിവെച്ച, കൗണ്ടർ വഴിയുള്ള അൺറിസർവ്ഡ് ടിക്കറ്റുകളുടെ വിതരണവും റെയിൽവേ പുനരാരംഭിക്കും.
കോവിഡ് ലോക്ഡൗണിനുമുമ്പ് പാസഞ്ചർ ട്രെയിനിന് ഉണ്ടായിരുന്ന സ്റ്റോപ്പുകളിൽനിന്ന് ചിറക്കൽ, ചന്തേര, കളനാട് എന്നീ സ്റ്റോപ്പുകൾ ഒഴിവാക്കിയാണ് പുതിയ ട്രെയിൻ സർവിസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സ്റ്റേഷനുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ ആവശ്യാർഥം ഇത് പുനഃസ്ഥാപിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
പഴയ ട്രെയിൻ കുമ്പള, ഉപ്പള, മഞ്ചേശ്വരം എന്നിവിടങ്ങളിലെ ഓഫിസുകളുടെയും വിദ്യാഭ്യാസ സ്ഥാപങ്ങളുടെയും സമയത്തിനനുസൃതമായി 9.30ന് മുമ്പേ എത്തിയിരുന്നു.ജനപ്രതിനിധികളുടെയും പാസഞ്ചർ അസോസിയേഷനുകളുടെയും യാത്രക്കാരുടെയും മറ്റും നിരന്തര ആവശ്യത്തെ തുടർന്നാണ്, ഈ സ്റ്റേഷനുകളിൽ ആദ്യം വൈകിയെത്തിയിരുന്ന ട്രെയിൻ നേരത്തെയാക്കാൻ റെയിൽവേ തീരുമാനിച്ചത്. പുതിയ സർവിസിനും പഴയ സമയക്രമം തുടരണമെന്നും സേവ് ഉപ്പള റെയിൽവേ സ്റ്റേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
റെയിൽവേ പ്രഖ്യാപിച്ച പുതിയ സമയക്രമ പ്രകാരം 30ന് രാവിലെ 7.40ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 9.45ന് കുമ്പളയിലും 9.53ന് ഉപ്പളയിലും 10.02ന് മഞ്ചേശ്വരത്തും എത്തിച്ചേരും.
ഇത് 25 മിനിറ്റ് നേരത്തെയെത്തും വിധം സമയക്രമം പുനഃക്രമീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. 31ന് വൈകീട്ട് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 8.40ന് കണ്ണൂരിൽ എത്തിച്ചേരും. 12 ജനറൽ കോച്ചുകളും രണ്ട് ലഗേജ് കം ബ്രേക്ക് വാനുമടക്കം അടങ്ങുന്നതാണ് പുതിയ ട്രെയിനിെൻറ ഘടന.
നിലവിൽ ഇരു ദിശകളിലേക്കും ഓടിക്കൊണ്ടിരിക്കുന്ന മലബാർ സ്പെഷൽ എക്സ്പ്രസ്, മംഗളൂരു-കോയമ്പത്തൂർ എക്സ്പ്രസ് സ്പെഷൽ എന്നീ ട്രെയിനുകൾക്കും കൂടി അൺറിസർവ്ഡ് കോച്ചുകൾ അനുവദിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.അതോടൊപ്പം കണ്ണൂർ-മംഗളൂരു സെക്ഷനിൽ മെമു സർവിസ് ഉടൻ ആരംഭിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.