ലക്കും ലഗാനുമില്ലാത്ത കവർച്ച; പൊലീസ് തെരഞ്ഞെടുപ്പിന് പിന്നാലെ
text_fieldsഉപ്പള: മംഗല്പാടി പഞ്ചായത്ത് ഓഫിസിലെ മുറികളുടെ വാതില്‍ തകര്‍ത്ത് കവര്‍ച്ചശ്രമം. ഇരുമ്പുഗേറ്റിന്റെ പൂട്ട് തകര്‍ത്തശേഷം പഞ്ചായത്ത് അസി. എൻജിനീയര്‍ ഓഫിസ്, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ഓഫിസ്, മറ്റൊരു ഓഫിസ് തുടങ്ങിയവയുടെ വാതിലുകള്‍ തകര്‍ത്താണ് കവര്‍ച്ചസംഘം അകത്തുകയറിയത്. ലാപ്ടോപ്, കമ്പ്യൂട്ടര്‍ എന്നിവ കവര്‍ന്നിട്ടില്ല. മേശവലിപ്പും ഫയലുകളും വാരിവലിച്ച നിലയിലാണ്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
മഞ്ചേശ്വരം, കുമ്പള സ്റ്റേഷന് പരിധികളില്‍ കവര്‍ച്ചകള്‍ പെരുകാന്‍ കാരണം പൊലീസ് തെരഞ്ഞെടുപ്പിന് പിന്നാലെ പോകുന്നതാണെന്നാണ് നാട്ടുകാർ പറയുന്നത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥരെയടക്കം സ്ഥലംമാറ്റിയിട്ടുണ്ട്. പുതിയ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കാല പ്രതികളെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നില്ല.
ഇത് അന്വേഷണത്തെ ബാധിക്കുന്നതായി പൊലീസ് വൃത്തങ്ങൾ പറയുന്നു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി എത്തുന്ന മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും സംരക്ഷണം നൽകുന്നതിന് പോകുന്നതും അന്വേഷണത്തെ ബാധിക്കുന്നുണ്ട്.
ബദിയടുക്ക: വീടിന്റെ അടുക്കളവാതില്‍ കുത്തിത്തുറന്ന് ഏഴുപവനും 6200 രൂപയും കവര്‍ന്നു. നെല്ലിക്കട്ട സാലത്തടുക്കയിലെ യശോദയുടെ വീട്ടിലാണ് കവര്‍ച്ച. വീട്ടുകാര്‍ നെക്രാജെയിലെ വയനാട്ട് കുലവന് തെയ്യം കാണാൻ പോയിരുന്നു. രാത്രി 11.45ഓടെ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ അടുക്കളവാതില്‍ കുത്തിത്തുറന്ന നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും കവര്‍ന്നത് വ്യക്തമായത്. പരാതിയില്‍ ബദിയടുക്ക പൊലീസ് അന്വേഷണം തുടങ്ങി.
തൃക്കരിപ്പൂർ: വീട്ടുകാരില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്നു. മുംബൈയിൽ സ്വകാര്യ കമ്പനിയിലെ റിട്ട. ജീവനക്കാരൻ പേക്കടം പരത്തിച്ചാലിലെ എം.വി. രവീന്ദ്രന്റെ വീട്ടിലാണ് കവർച്ച. പത്ത് പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും ആഡംബര വാച്ചുമാണ് കവർന്നത്. പത്ത് ദിവസം മുമ്പ് മകൾ റിത്തുവിന്റെ വീട്ടിൽ ബംഗളൂരുവിൽ വിഷു ആഘോഷത്തിന് പോയി കുടുംബം തിരിച്ചെത്തിയപ്പോഴാണ് കവർച്ച അറിയുന്നത്. വീടിന്റെ അടുക്കളഭാഗത്തുള്ള ഗ്രിൽസിന്റെ പൂട്ടുപൊളിച്ചാണ് അകത്ത് കടന്നത്.
താഴത്തെ കിടപ്പുമുറിയുടെ വാതിലിന്റെ പൂട്ടുതകർത്ത് അലമാര കുത്തിത്തുറന്നാണ് കവർച്ച. വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ ഉൾപ്പെടെ സ്ഥലത്തെത്തി. ചന്തേര പൊലീസ് അന്വേഷണം ആരംഭിച്ചു.
ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കവർച്ച സംഘം
ഉപ്പള: ആറംഗ കവർച്ചസംഘം ഗൾഫ് പ്രവാസിയുടെ വീടിന്റെ വാതില്‍ തകര്‍ത്ത് നാലരപ്പവനും 34,000 രൂപയും സി.സി.ടി.വി ഹാര്‍ഡ് ഡിസ്കും കവര്‍ന്നു. തടയാന്‍ശ്രമിച്ച യുവാവിനെ ഇരുമ്പുവടികൊണ്ട് അടിച്ചുവീഴ്ത്തി തോക്ക് ചൂണ്ടിയശേഷം കടന്നുകളഞ്ഞു. ഉപ്പളയിലെ പ്രതാപ് നഗറിൽ മുനീറിന്റെ വീട്ടിലാണ് കവര്‍ച്ച. ഞായറാഴ്ച വൈകീട്ട് 6.45ഓടെയാണ് സംഭവം. മുനീറിന്റെ ഭാര്യ രഹ്ന വീടുപൂട്ടി പോയതായിരുന്നു.
വീട്ടുമുറ്റത്ത് മൂന്ന് ബൈക്കുകള്‍ കണ്ടതിനെ തുടര്‍ന്ന് മുനീറിന്റെ ഭാര്യാസഹോദരന്‍ റമീസ് ഇവിടേക്ക് വന്നതാണ്. അകത്ത് കവര്‍ച്ചസംഘത്തെ കണ്ടതോടെ ഇവരെ തടയാന്ശ്രമിച്ചപ്പോള് സംഘത്തിലെ ഒരാള്‍ ഇരുമ്പുവടികൊണ്ട് റമീസിനെ അടിക്കുകയും തോക്കുചൂണ്ടി ബൈക്കില്‍ കടന്നുകളയുകയുമായിരുന്നു. നാട്ടുകാര്‍ കവര്‍ച്ചസംഘത്തെ പിന്തുടരുന്നതിനിടെ ഹാര്‍ഡ് ഡിസ്ക് കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു.
കുമ്പള പൊലീസും നാട്ടുകാരും അകത്തുകയറി പരിശോധിച്ചപ്പോള്‍ 34,000 രൂപയും നാലരപ്പവനും സി.സി.ടി.വി ഹാര്‍ഡ് ഡിസ്കും കവര്‍ന്നതായി മനസ്സിലായി. ഹാര്‍ഡ് ഡിസ്ക് കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ചസംഘം കന്നടയില്‍ സംസാരിച്ചതായി റമീസ് പറഞ്ഞു. കര്‍ണാടക രജിസ്ട്രേഷനുകളിലുള്ള ബൈക്കുകളിലാണ് സംഘമെത്തിയതെന്നും പറയുന്നു.
സ്വര്‍ണവും പണവും കവര്‍ന്ന സംഭവം: അന്വേഷണം ഊര്‍ജിതമെന്ന് പൊലീസ്
ഉപ്പള: ഉപ്പള മജലിലെ വീട്ടില്‍നിന്ന് ആഭരണങ്ങളും പണവും റാഡോ വാച്ചും കവര്‍ന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമെന്ന് മഞ്ചേശ്വരം പൊലീസ്. വിരലടയാള പരിശോധനയില്‍ എട്ട് അടയാളങ്ങള്‍ ലഭിച്ചു. പൊലീസ് നായ് വീട്ടില്‍നിന്ന് മണംപിടിച്ച് ഒന്നര കിലോമീറ്ററോളം അകലെ ദേശീയപാതയില്‍ നിന്നു.
മജലിലെ മുഹമ്മദ് റഫീഖിന്റെ വീട്ടിലാണ് കവര്‍ച്ച. ഒരുമാസം മുമ്പാണ് റഫീഖും കുടുംബവും ഉംറക്ക് പോയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ബന്ധുക്കള്‍ മുന്‍വശത്തെ വാതില്‍ തകര്‍ത്തനിലയില്‍ കണ്ടത്.
കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് അലമാരകളില്‍ സൂക്ഷിച്ച ഏഴു പവനും 60,000 രൂപയും റാഡോ വാച്ചും കവര്‍ന്നതായി മനസ്സിലായത്. മിയാപ്പദവ് ചികുര്‍പാതയിലെ ഗള്ഫുകാരന് അബ്ദുല്‍ സത്താറിന്റെ വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് രണ്ടുപവന്‍ ആഭരണങ്ങളും 20,000 രൂപയും കവര്‍ന്ന സംഭവത്തില്‍ വീട്ടുകാര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.