മംഗൽപാടിയിൽ മാലിന്യ സംസ്കരണം ഡിജിറ്റലാവുന്നു
text_fieldsഉപ്പള: മാലിന്യ സംസ്കരണത്തിൽ പുത്തൻ സംവിധാനവുമായി മംഗൽപാടി ഗ്രാമ പഞ്ചായത്ത്. മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങൾ ഡിജിറ്റല്‍ സംവിധാനത്തിലൂടെ വിലയിരുത്താൻ ഹരിത മിത്രം ആപ്ലിക്കേഷൻ തയാറാവുകയാണ്. വീട് ഉൾപ്പെടെ പൊതുസ്ഥലങ്ങളുടെ നിലവിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ വിവരങ്ങള്‍ ഇതിലൂടെ ലഭ്യമാവും.
ഹരിതകർമ സേനയുടെ യൂസര്‍ഫീ ശേഖരണം, കലണ്ടര്‍ പ്രകാരമുള്ള പാഴ് വസ്തു ശേഖരണം തുടങ്ങിയ വിവരങ്ങളും അറിയാന്‍ സാധിക്കും. കൃത്യമായ രീതിയില്‍ യൂസര്‍ഫീ ലഭിക്കാത്തതാണ് ഹരിതകർമ സേന നേരിടുന്ന പ്രധാന വെല്ലുവിളി. ആപ്പ് വരുന്നതുവഴി യൂസര്‍ഫീ നല്‍കാത്ത വീടുകളെയും സ്ഥാപനങ്ങളെയും എളുപ്പത്തില്‍ കണ്ടുപിടിക്കാനും വാതില്‍പ്പടി ശേഖരണം കൃത്യമായി നടപ്പാക്കാനും സാധിക്കും.
ഗുണഭോക്താക്കള്‍ക്ക് സേവനം ആവശ്യപ്പെടുന്നതിനും പരാതികള്‍ അറിയിക്കുന്നതിനും ഫീസുകള്‍ അടക്കുന്നതിനുമുള്ള സംവിധാനങ്ങൾ ആപ്പിലുണ്ട്. കൂടാതെ മലിനീകരണ പ്രശ്നങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയിൽപെടുത്തുന്നതിനുള്ള സൗകര്യവും ലഭ്യമാണ്.
എം.സി.എഫ്/ മിനി എം.സി.എഫ് തുടങ്ങിയവയുടെ ലൊക്കേഷന്‍ മാപ്പ്, മാലിന്യവും പാഴ് വസ്തുക്കളും നീക്കംചെയ്യുന്നതിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ സഞ്ചാര ദിശ, ജി.പി.എസ് സംവിധാനം ഉപയോഗപ്പെടുത്തി ട്രാക്ക് ചെയ്യല്‍ എന്നിവയും ഇതിലൂടെ ഉറപ്പാക്കാനാവും.
ഇതുമായി ബന്ധപ്പെട്ടവർക്കുള്ള പരിശീലന ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റുബീന നൗഫൽ നിർവഹിച്ചു. ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൻ ഇർഫാന ഇക്ബാൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് യൂസഫ് ഹേരൂർ, ചെയർമാന്മാരായ ഖൈറു ഉമ്മർ, മുഹമ്മദ് ഹുസൈൻ, മെംബർമാരായ, റഷീദ ഹനീഫ്, ബീഫാത്തിമ, ബാബു, രേവതി, സുധ, സുഹറ, ഗുൽസാർ ബാബി, കിഷോർ മാസ്റ്റർ എന്നിവരും ഹരിതകർമ സേനാംഗങ്ങളും പങ്കെടുത്തു, ഹരിതകർമ സേന അംബാസഡർ മജീദ് പച്ചമ്പള സ്വാഗതവും കോഓഡിനേറ്റർ സഫ്വാന നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.