ആര് നന്നാക്കും കെ.എസ്.ആർ.ടി.സിയെ ..?
text_fieldsഉപ്പള: കാസർകോട് - മംഗളൂരു അന്തർസംസ്ഥാന റൂട്ടിൽ ഇരു സംസ്ഥാനങ്ങൾ ഉണ്ടാക്കിയ കരാർ പ്രകാരം 45 വീതം ബസുകളാണ് സർവിസ് നടത്തേണ്ടത്. ഇതനുസരിച്ച് കർണാടക കെ.എസ്.ആർ.ടി.സിയുടെ മുഴുവൻ ബസുകളും സർവിസ് നടത്തുമ്പോൾ കേരള കെ.എസ്.ആർ.ടി.സിക്ക് കരാർ പ്രകാരം സർവിസ് നടത്താൻ കഴിയുന്നില്ല. 45 ബസുകളുടെ സ്ഥാനത്ത് 30 ബുകൾ മാത്രമാണ് സർവിസ് നടത്തുന്നത്. സംസ്ഥാനത്ത് തന്നെ കെ.എസ്.ആർ.ടി.സിക്ക് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന കാസർകോട്- മംഗളൂരു റൂട്ടിലാണ് മുഴുവൻ സർവിസുകളും നടത്താതെ കേരള കെ.എസ്.ആർ.ടി.സി പിൻവലിയുന്നത്. ഇത് ലക്ഷങ്ങളുടെ വരുമാന നഷ്ടമാണ് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാക്കുന്നത്.
കാസർകോട്ടെ വിവിധ ഗ്രാമങ്ങളിൽനിന്നും മറ്റുമായി ദിനേന നൂറുകണക്കിന് രോഗികളും കൂട്ടിരിപ്പുകാരും നിരവധി വിദ്യാർഥികളുമാണ് അഞ്ചിലേറെ മെഡിക്കൽ കോളജുകളുടെയും മറ്റു വിദ്യാഭ്യാസ-ഐ.ടി സ്ഥാപനങ്ങളുടെയും ഹബ്ബായി മാറുന്ന ദേർളക്കട്ടയിലേക്ക് പോയിവരുന്നത്. ഇവിടേക്ക് കാസർകോട്-ദേർളകട്ട- ബി.സി റോഡ് റൂട്ടിൽ ഇരു സംസ്ഥാനങ്ങളിൽ നിന്നായി അഞ്ചു വീതം ബസുകളാണ് സർവിസ് നടത്താനും ഇരു സർക്കാറുകളുടെയും ധാരണയുണ്ട്. ഇതനുസരിച്ച് കർണാടകയുടെ അഞ്ചു ബസും കൃത്യമായി സർവസ് നടത്തുമ്പോൾ കേരളത്തിന്റെ ഒരു ബസ് പോലും ഓടിക്കുന്നില്ല. ഈ റൂട്ടിലെ കർണാടകയുടെ ബസുകളിൽ തിങ്ങിനിറഞ്ഞാണ് യാത്രക്കാർ പോകുന്നത്. ഇത്രെയേറെ വരുമാനമുണ്ടാക്കാൻ കഴിയുന്ന ഈ റൂട്ടിലും കേരളത്തിന് വരുമാനം ആവശ്യമില്ലാത്ത മട്ടാണ്.
കാസർകോട്-മംഗളൂരു റൂട്ടിൽ രണ്ട് മണിക്കൂർ ഇടവിട്ട് കർണാടകയുടെ ബസുകളാണ് സർവിസ് നടത്തുന്നത്. കേരളത്തിന്റെ ആകെ ഓടുന്ന ബസുകളാണെങ്കിൽ കൂട്ടമായി ഒന്നിച്ചാണ് പലപ്പോഴും യാത്ര നടത്തുന്നത്. കാസർകോട് നിന്ന് നേരത്തെ കർണാടക പുത്തിരിലേക്ക് രാവിലെ 5.30ന് കേരള ബസ് ഉണ്ടായിരുന്നു. അത് നിർത്താലാക്കി. ഇപ്പോൾ രാവിൽ ആറിന് കർണാടക സർക്കാറിന്റെ ബസാണ് സർവിസ് നടത്തുന്നത്. ഇത് കൂടാതെ ലാഭകരമായിരുന്ന കാസർകോട്-സുള്ള്യ-മടിക്കേരി, കാസർകോട് -ധർമസ്ഥല, കുമ്പള-പെർള-പുത്തൂർ എന്നീ റൂട്ടുകളിലും നേരത്തെയുണ്ടായിരുന്ന കേരള ബസുകളും നിർത്തലാക്കി. കാസർകോട് നിന്നും ബാംഗളൂരൂവിലേക്ക് കർണാടക സർക്കാറിന്റെ രണ്ട് ബസുകൾ സർവിസ് നടത്തുമ്പോൾ കേരള സർക്കാറിന്റെ ഒരു പഴയ ബസാണ് സർവിസ് നടത്തുന്നത്. ദീർഘദൂര സർവിസിന് എല്ലാ ഡിപ്പോകളിലേക്കും പുതിയ ബസ് കൊടുക്കുമ്പോൾ കാസർകോട്ടേക്ക് പുതിയ ബസുകൾ അപൂർവമായേ കിട്ടുന്നുള്ളൂ. അതിർത്തി പ്രദേശമായ ബി.സി റോഡിൽ കർണാടക പുതിയ ഡിപ്പോ തുടങ്ങിയിട്ടുണ്ട്.
തലപ്പാടിയിലും കേരള കെ.എസ്.ആർ.ടി.സി ഡിപ്പോ തുടങ്ങിയാൽ അന്തർസംസ്ഥാന റൂട്ടുകളിലല്ലാതെ ഒരു കെ.എസ്.ആർ.ടി.സി ബസ് പോലും സേവനം നടത്താത്ത മഞ്ചേശ്വരം മണ്ഡലത്തിലെ ഉൾപ്രദേശങ്ങളിലേക്കും സർവിസ് തുടങ്ങാൻ കഴിയും. തലപ്പാടിയിൽ ഡിപ്പോ ആരംഭിക്കുന്നതിനും കരാർ പ്രകാരമുള്ള മുഴുവൻ കേരള ബസുകളും സർവിസ് നടത്തുന്നതിനും നേരെത്തെയുണ്ടായിരുന്ന അന്തർസംസ്ഥാന റൂട്ട് പുനഃസ്ഥാപിക്കാനും എ.കെ.എം. അഷ്റഫ് എം.എൽ.എക്ക് മുസ്ലിം ലീഗ് പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കണ്ടത്തിലിന്റെയും ജനറൽ സെക്രട്ടറി ഇ.കെ. മുഹമ്മദ് കുഞ്ഞിയുടെയും നേതൃത്വത്തിൽ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.