കാത്തിരിപ്പിന് അറുതി; ഏണിച്ചാൽ പാലത്തിന് തറക്കല്ലിട്ടു
text_fieldsവെള്ളരിക്കുണ്ട്: മലയോര ജനതയുടെ ചിരകാല സ്വപ്നമായ ഏണിച്ചാൽ പാലം നിർമാണത്തിന് തുടക്കം. പാലാവയലിൽ നടന്ന ചടങ്ങിൽ എം. രാജഗോപാലൻ എം.എൽ.എ തറക്കല്ലിട്ടു. 3.68 കോടി രൂപ ചെലവിൽ കാസർകോട് പാക്കേജിൽ ഉൾപ്പെടുത്തിയാണ് പാലം നിർമിക്കുന്നത്. ചീമേനി-പാലാവയൽ -ഓടക്കൊല്ലി സംസ്ഥാന പാതയിൽ ഈസ്റ്റ് എളേരിയിലെ പാലാവയലിനടുത്തുള്ള ഏണിച്ചാൽ തോടിനാണ് പാലം പണിയുന്നത്.
കുടിയേറ്റ, മലയോര മേഖലയായ പാലാവയൽ, തയ്യേനി, ഓടക്കൊല്ലി, അത്തിയടുക്കം, വായ്ക്കാനം, മലാംകടവ് പ്രദേശങ്ങളിലെ ജനങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗമാണ് ഈ റോഡ്. എം. രാജഗോപാലൻ എം.എൽ.എ പ്രത്യേക താൽപര്യമെടുത്താണ് പാലത്തിനായി 2020ൽ കാസർകോട് പാക്കേജിൽ പെടുത്തി ഭരണാനുമതിയും സാങ്കേതികാനുമതിയും നേടിയത്.
പാലാവയലിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്തംഗം ജോമോൻ ജോസ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് എൻജിനീയർ സി. രാജേഷ് ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ കെ.കെ. മോഹനൻ, പഞ്ചായത്തംഗങ്ങളായ വി.വി. ബാലചന്ദ്രൻ, പ്രശാന്ത് സെബാസ്റ്റ്യൻ, രാഷ്ട്രീയ പാർട്ടി നേതാക്കളായ എ. അപ്പുക്കുട്ടൻ, ചാക്കോ തെന്നിപ്ലാക്കൽ, കൂലേരി രാഘവൻ എന്നിവർ സംസാരിച്ചു. ഗവ. അഡീഷനൽ സെക്രട്ടറി ഇ.പി. രാജമോഹൻ സ്വാഗതവും അസി. എൻജിനീയർ നവീൻ നാരായണൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.