തീനാളം കവർന്ന വസന്തെൻറ വീട്ടിലേക്ക് കാരുണ്യ സ്പർശവുമായി പൊലീസും വ്യാപാരികളും
text_fieldsവെള്ളരിക്കുണ്ട്: കൊന്നക്കാട് കോട്ടഞ്ചേരിയിൽ തീനാളം കവർന്ന വീട്ടിലേക്ക് കാരുണ്യ സ്പർശവുമായി വെള്ളരിക്കുണ്ട് ജനമൈത്രി പൊലീസും വെള്ളരിക്കുണ്ടിലെ വ്യാപാരികളും.
വെള്ളിയാഴ്ച അർധരാത്രി കത്തിനശിച്ച കോട്ടഞ്ചേരി മലയിലെ വസന്തെൻറ വീട്ടിലേക്കാണ് ശനിയാഴ്ച ഉച്ചയോടെ ആവശ്യമായ വസ്ത്രം ഉൾപ്പെടെയുള്ള സാധനങ്ങളുമായി സി.ഐ കെ. പ്രേംസദെൻറ നേതൃത്വത്തിലുള്ള സംഘം എത്തിയത്.
പറക്കമുറ്റാത്ത മൂന്നു കുട്ടികളുമായി പെരുമഴയത്തു എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനിൽക്കുമ്പോഴാണ് വെള്ളരിക്കുണ്ട് പൊലീസും ഇവിടത്തെ വ്യാപാര സമൂഹവും തുണയായെത്തിയത്.
വെള്ളിയാഴ്ച രാത്രി പന്ത്രണ്ടു മണിയോടെയാണ് കോട്ടഞ്ചേരി ആനമതിലിനടുത്ത ഓലമേഞ്ഞ വീട് കത്തിനശിച്ചത്. കനത്ത മഴയിലെ തണുപ്പിൽനിന്ന് രക്ഷനേടാൻ വീടിനുപുറത്ത് തീപുകച്ച് കിടന്നുറങ്ങിയതായിരുന്നു വസന്തനും കുടുംബവും.
മൂന്നു മക്കളും ഭാര്യയും ഒരുമിച്ചായിരുന്നു ഈ കൊച്ചുകുടിലിൽ ഉറങ്ങാൻ കിടന്നത്. എന്നാൽ, പുറത്തുനിന്നും തീ ആളിപ്പടർന്നു. മിനിറ്റുകൾക്കകം വീട് പൂർണമായും കത്തിയമർന്നു. ഞെട്ടിയുണർന്ന വസന്തനും ഭാര്യയും കുട്ടികളെയുമെടുത്ത് വീടിന് പുറത്തേക്ക് ഓടുകയായിരുന്നു. ഇതിനാൽ വൻ ദുരന്തം ഒഴിവായി.
വസ്ത്രങ്ങളും ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകളും കുട്ടികളുടെ മരുന്നുകൾ, പാഠപുസ്തകങ്ങൾ, ഭക്ഷണ സാധനങ്ങൾ തുടങ്ങി മുഴുവൻ സാധനങ്ങളും തീയിലമർന്നു.
വിവരമറിഞ്ഞു ശനിയാഴ്ച രാവിലെ സ്ഥലത്തെത്തിയ വെള്ളരിക്കുണ്ട് എസ്.ഐ എം.വി. ശ്രീദാസാണ് വസന്തെൻറ ദയനീയത സി.ഐ കെ. പ്രേംസദനെ ധരിപ്പിച്ചത്. സി.ഐ വിവരം വെള്ളരിക്കുണ്ടിലെ വ്യാപാരി നേതാക്കളെ അറിയിച്ചതോടെ അവരും ചേർന്ന് വസന്തനെ സഹായിക്കാൻ തയാറാവുകയായിരുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂനിറ്റ് പ്രസിഡൻറ് ജിമ്മി ഇടപ്പാടിയിൽ, കെ.എം. കേശവൻ നമ്പീശൻ, തോമസ് സ്കറിയ, ഹൈടെക് സന്തോഷ് എന്നിവരും വീട്ടിലെത്തി സഹായങ്ങൾ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.