അങ്ങനെ ആദിവാസി ഊരിൽ റേഷൻ കാർഡ് എത്തി
text_fieldsവെള്ളരിക്കുണ്ട്: ആദിവാസി ദലിത് ഊരുകളിൽ റേഷൻ കാർഡ് എളുപ്പത്തിൽ കിട്ടുമെന്ന് കരുതുന്നവർക്ക് തെറ്റി. പുതിയ കൂരകൾ വെച്ച് താമസിച്ച് പത്തുവർഷമായി റേഷൻ കാർഡിനുവേണ്ടി കാത്തിരിക്കുന്ന ആദിവാസി വിഭാഗത്തിൽപെട്ട 22 കുടുംബങ്ങൾക്ക് ഒടുവിൽ റേഷൻ കാർഡ് ലഭിച്ചു.
അഞ്ചു വർഷംമുമ്പ് ചുമതലയേറ്റ താലൂക്ക് സപ്ലൈ ഓഫിസർ ടി.സി. സജീവന്റെ പ്രത്യേക ഇടപെടൽ കൊണ്ടാണ് ഇത്രയും കുടുംബങ്ങൾക്ക് റേഷൻ കാർഡ് ലഭ്യമായത്. ആവശ്യമായ രേഖകൾ സമർപ്പിക്കാൻ കഴിയാത്ത കുടുംബങ്ങൾക്ക് അതിനുള്ള മാർഗവും രേഖയും ഉണ്ടാക്കിക്കൊടുത്തുകൊണ്ടാണ് ഇവരെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റിയത്.
വെള്ളരിക്കുണ്ട് താലൂക്കിലെ കോടോം ബേളൂർ പഞ്ചായത്തിലെ എണ്ണപ്പാറയിലെ മലയാറ്റുംകര, വേങ്ങച്ചേരി കോളനികളിൽ കാലങ്ങളായി റേഷൻ കാർഡിന് കാത്തിരിക്കുന്ന കുടുംബങ്ങൾക്കാണ് കാർഡ് നൽകിയത്. താമസിക്കുന്ന വീടുകളും കുടിലുകളും മിച്ച ഭൂമിയിലായതിനാലും സ്വന്തം പേരിൽ ആധാരം ഇല്ലാത്തതിനാൽ കൈവശരേഖ ലഭ്യമാവാത്തതിനാൽ വീട്ടുനമ്പർ ലഭിക്കാത്തതിനാലുമായിരുന്നു ഇവർക്ക് ഇതുവരെ റേഷൻ കാർഡ് ലഭിക്കാതെപോയത്. മലയാറ്റുംകര കോളനിയിലെ ഊരു മൂപ്പൻ രമേശൻ മലയാറ്റുകര, വേങ്ങച്ചേരി കോളനിയിലെ അയൽസഭ ചെയർമാൻ ബി. ബാബു എന്നിവരാണ് ഇക്കാര്യം ഈ തിങ്കളാഴ്ച സപ്ലൈ ഓഫിസിന്റെ ശ്രദ്ധയിൽപെടുത്തിയത്.
അടുത്ത ദിവസംതന്നെ സപ്ലൈ ഓഫിസിൽ നിന്ന് സപ്ലൈ ഓഫിസറും ജീവനക്കാരും മേൽ പറഞ്ഞവരുടെ വീടുകളിൽ നേരിട്ടെത്തി ആവശ്യമായ സ്പോട്ട് എൻക്വയറി നടത്തി വീട്ടുനമ്പർ ഇല്ലാത്തവർക്കും റേഷൻ കാർഡ് നൽകുന്ന സർക്കാറിന്റെ പുതിയ പദ്ധതിയിൽപെടുത്തിയാണ് ഇവർക്ക് ഇപ്പോൾ റേഷൻ കാർഡ് നൽകുന്നത്. എണ്ണപ്പാറയിലെ മലയാറ്റുകര കോളനിയിൽ നടന്ന ചടങ്ങിൽ കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി. ശ്രീജ ഉദ്ഘാടനം ചെയ്തു.
മുഴുവൻ കുടുംബങ്ങൾക്കും മുൻഗണന കാർഡുകൾ തന്നെയാണ് നൽകിയത്. പഞ്ചായത്ത് അംഗം എ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഇ. ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൻ രജനികൃഷ്ണൻ, അമ്പലത്തറ പൊലീസ് ഇൻസ്പെക്ടർ കെ. പ്രജീഷ്, വില്ലേജ് ഓഫിസർ എച്ച്.ജെ. അജിത് കുമാർ, പി.ജെ. വർഗീസ്, നബാഡ് പ്രതിനിധി ഇ.സി. ഷാജി, ഊര് മൂപ്പൻ രമേശൻ മലയാറ്റുംകര, വേങ്ങച്ചേരി അയൽസഭ ചെയർമാൻ ബി. ബാബു, പ്രമോട്ടർമാരായ ദിവ്യ കുഞ്ഞിക്കണ്ണൻ, എം. നിധില, കെ. രമ, ജീവനക്കാരായ ബിനോയ് ജോർജ്, ജീവനക്കാരായ പി. പ്രജിത, കെ. സവിദ് കുമാർ സംസാരിച്ചു. താലൂക്ക് സപ്ലൈ ഓഫിസർ ടി.സി. സജീവൻ സ്വാഗതവും റേഷനിങ് ഇൻസ്പെക്ടർ ജാസ്മിൻ കെ. ആൻറണി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.