വിലവിവരപ്പട്ടിക പ്രദർശിപ്പിക്കുന്നില്ല; ചിക്കൻ സ്റ്റാളുകളിൽ പരിശോധന
text_fieldsവെള്ളരിക്കുണ്ട്: താലൂക്കിലെ വിവിധ ഭാഗങ്ങളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതെയും ലൈസൻസുകൾ ഇല്ലാതെയും ചിക്കൻ സ്റ്റാളുകൾ നടത്തുന്നുവെന്ന പരാതിയെ തുടർന്ന് സിവിൽ സപ്ലൈസ് പരിശോധന നടത്തി. വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ കടുമേനി, കാറ്റാം കവല, മാലോം, പാത്തിക്കര, ചിറ്റാരിക്കൽ എന്നിവിടങ്ങളിലെ വിവിധ ചിക്കൻ സ്റ്റാളുകളിലാണ് പരിശോധന നടത്തിയത്.
പരിശോധന നടന്ന മാലോത്തെ ചിക്കൻ സ്റ്റാളിൽ വില വിവരപ്പട്ടിക പ്രദർശിപ്പിക്കുന്നില്ലെന്നും ഈ കടക്ക് പഞ്ചായത്ത് ലൈസൻസില്ലെന്നും കണ്ടെത്തി. കടുമേനിയിലെ കടയിലും വില എഴുതിവെച്ചിട്ടില്ല. പരിശോധന നടന്ന കാറ്റാംകവലയിലെ രണ്ടു ചിക്കൻ സ്റ്റാളുകളിൽ ഒരെണ്ണത്തിന് ലൈസൻസുണ്ടായിരുന്നില്ല.
പാത്തിക്കരയിലെ ചിക്കൻ സ്റ്റാളിനും ആവശ്യമായ രേഖകൾ ഉണ്ടായിന്നിരുന്നില്ല. കാറ്റാം വയൽ, മാലോം, പാത്തിക്കര എന്നിവിടങ്ങളിലാണ് പഞ്ചായത്ത് ലൈസൻസുപോലും ഇല്ലാതെ ചിക്കൻ സ്റ്റാളുകൾ പ്രവർത്തിക്കുന്നത്. ചില കടകൾ കോൾഡ് സ്റ്റോറേജിന് മാത്രം ലൈസൻസ് നേടിയ ശേഷം കോഴികൾ സ്റ്റോക്ക് ചെയ്ത് വിൽപന നടത്തുന്നതായും കണ്ടെത്തി. ചിറ്റാരിക്കലിൽ പരിശോധന നടത്തിയ രണ്ടു കടകൾക്കും എല്ലാരേഖകളും ഉണ്ടായിരുന്നു. ചിക്കൻ സ്റ്റാളുകൾ നിർബന്ധമായും വിൽപന വില എഴുതിവെച്ച് മാത്രമേ പ്രവർത്തിക്കാവൂ എന്ന് കർശന നിർദേശം നൽകി.
പരിശോധനയിൽ പഞ്ചായത്ത് ലൈസൻസ്, ഭക്ഷ്യ സുരക്ഷാ ലൈസൻസ് എന്നിവ ഇല്ലാത്ത കടകൾ ആയത് ഒരാഴ്ചക്കകം നേടി അറിയിച്ച ശേഷം മാത്രമേ തുടർന്ന് പ്രവർത്തിക്കാവൂ എന്ന് മുന്നറിയിപ്പ് നൽകി. ഇക്കാര്യങ്ങൾ പഞ്ചായത്ത്, ഭക്ഷ്യസുരക്ഷ വകുപ്പ് എന്നിവരെ അറിയിക്കുന്നതിനുള്ള നടപടിയും സ്വികരിച്ചു. പരിശോധനയിൽ താലൂക്ക് സപ്ലെ ഓഫിസർ ടി.സി. സജീവൻ, ജീവനക്കാരനായ എം. മനോജ് കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.