ഒഴുക്കിൽപെട്ട വിദ്യാർഥിക്ക് രക്ഷകനായി ടിപ്പർ ലോറി ഡ്രൈവർ
text_fieldsവെള്ളരിക്കുണ്ട്: സഹപാഠിയുടെ വീട്ടിൽ വിരുന്നെത്തിയ വിദ്യാർഥി കുളിക്കാൻ പുഴയിൽ ഇറങ്ങിയപ്പോൾ ഒഴുക്കിൽപെട്ട് മുങ്ങിത്താണു. നിലവിളി കേട്ട് ഓടിയെത്തിയ ടിപ്പർ ലോറി ഡ്രൈവർ പുഴയിലേക്ക് എടുത്തുചാടി വിദ്യാർഥിയുടെ ജീവൻ രക്ഷിച്ചു. തിങ്കളാഴ്ച ഉച്ച ഒന്നരയോടെ കുന്നുംകൈയിലാണ് സംഭവം. ചിറ്റാരിക്കാൽ കണ്ടത്തിനാനിയിൽ സജിയുടെ മകൻ അഖിൽ സജിയാണ് അപകടത്തിൽപെട്ടത്.
തോമാപുരം ഹയർസെക്കൻഡറി പ്ലസ്ടു വിദ്യാർഥിയായ അഖിൽ സജി, സഹപാഠി കുന്നുംകൈയിലെ അതുൽ ബേബിയുടെ വീട്ടിൽ വിരുന്നെത്തിയതായിരുന്നു.കുന്നുംകൈ പുഴയിൽ മറ്റു നാലു കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ അഖിൽ സജി പുഴയിൽ അടിയൊഴുക്കിൽപെടുകയായിരുന്നു. കൂട്ടുകാരൻ മുങ്ങിത്താഴുന്നത് ശ്രദ്ധയിൽപെട്ട അതുൽ ബേബിക്കൊപ്പമുള്ളവർ നിലവിളിച്ചു കരയുന്നതുകേട്ട് മറുകരയിലെ വീട്ടിലുണ്ടായിരുന്ന ടിപ്പർ ലോറി ഡ്രൈവർ രാജേഷ് ഓടിയെത്തി പുഴയിലേക്ക് എടുത്തുചാടി പുഴയിൽ താഴ്ന്നുപോയ അഖിലിനെ പൊക്കിയെടുക്കുകയായിരുന്നു.
വിവരമറിഞ്ഞ് ഓടിയെത്തിയ കുന്നും കൈയിലെ ഡ്രൈവർമാരായ സുരേഷ്, നസീർ എന്നിവർ ചേർന്ന്, ബോധരഹിതനായ അഖിലിനെ പിക് അപ് ജീപ്പിൽ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അഖിൽ അപകടനില തരണം ചെയ്തു. ഒഴുക്ക് പൊതുവേ കുറഞ്ഞ കുന്നുംകൈ പുഴയിലിറങ്ങിയ അഖിലിെൻറ കൈകാലുകൾ തളർന്നതാണ് അപകടത്തിൽപെടാനിടയായത്. അടുത്ത പറമ്പിൽ ഉണ്ടായിരുന്ന തൊഴിലുറപ്പ് പണിക്കാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ചിറ്റാരിക്കാൽ ടൗണിലെ ഓട്ടോ ഡ്രൈവറായ സജിയുടെ മകനാണ് അഖിൽ സജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.