ആൾപ്പെരുപ്പമില്ലാതെ ആലുവ മണപ്പുറം
text_fieldsആലുവ: ആരവമൊഴിഞ്ഞുനിന്ന മണപ്പുറത്ത് തിരക്കൊഴിഞ്ഞ ബലി തർപ്പണത്തിന് പെരിയാർ സാക്ഷിയായി. ചരിത്രത്തിലാദ്യമായാണ് ആഘോഷങ്ങളില്ലാതെ ചടങ്ങുകൾ മാത്രമായി ശിവരാത്രി ഒതുങ്ങിയത്. വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ് ബലിയിടാൻ അവസരമുണ്ടായിരുന്നത്. വെള്ളിയാഴ്ച പുലർച്ച നാലിനാണ് ഔദ്യോഗികമായ ബലിയിടൽ ആരംഭിച്ചത്. എന്നാൽ, നിയന്ത്രണങ്ങൾക്കിടയിലും വ്യാഴാഴ്ച ഉച്ചമുതൽ ചിലർ ഒറ്റക്കൊറ്റക്ക് ബലിതർപ്പണം നടത്തിയിരുന്നു.
വെള്ളിയാഴ്ച ഉച്ചക്ക് 12 വരെയാണ് ശിവരാത്രി ബലിതർപ്പണത്തിനുള്ള സമയം. വൈകീട്ട് മൂന്നുമുതൽ ശനിയാഴ്ച രാവിലെവരെ കുംഭമാസത്തിലെ അമാവാസിയായതിനാൽ അതുവരെ ബലിയിടാൻ കഴിയും. രാവുറങ്ങാതെ മണപ്പുറത്ത് ബലിതർപ്പണത്തിന് കഴിച്ചുകൂട്ടുന്ന പതിനായിരക്കണക്കായ ഭക്തജനങ്ങളുടെയും വ്യാപാരമേളയുെടയും കാഴ്ച ഇക്കുറിയുണ്ടായില്ല. കോവിഡ് നിയന്ത്രണങ്ങളോടെ 50 ബലിത്തറയാണ് ദേവസ്വം ബോര്‍ഡ് ഒരുക്കിയിരുന്നത്.
10 ബലിത്തറ വീതം അഞ്ച് ക്ലസ്റ്ററാക്കി തിരിച്ചാണ് അനുവദിച്ചിട്ടുള്ളത്. ഒരു ബലിത്തറയില്‍ ഒരേ സമയം 20 പേര്‍ക്ക് ബലിയിടാന്‍ സൗകര്യമുണ്ടായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ച മുതല്‍ 'അപ്നാ ക്യൂ' ആപ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ബലിതര്‍പ്പണം നടത്താന്‍ പ്രവേശനം അനുവദിച്ചു. ക്ഷേത്രചടങ്ങുകള്‍ക്ക് മുല്ലേപ്പിള്ളി ശങ്കരന് നമ്പൂതിരിപ്പാട് നേതൃത്വം നല്കി. വ്യാഴാഴ്ച പുലര്‍ച്ച നാലുമുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ക്ഷേത്രദര്‍ശനം നടത്താൻ അനുവാദം നൽകിയിരുന്നു. കോവിഡിെൻറ പശ്ചാത്തലത്തില്‍ പുഴയില്‍ മുങ്ങിക്കുളിക്കാന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയില്ല. റൂറൽ പൊലീസ് ശക്തമായ സുരക്ഷയൊരുക്കിയിരുന്നു. വ്യാഴാഴ്ച രാവിലെ മുതൽ നഗരവും മണപ്പുറവും പൊലീസിെൻറ പൂർണ നിയന്ത്രണത്തിലാണ്.
കൺട്രോൾ റൂം ആരംഭിച്ചു
ആലുവ: ശിവരാത്രി മഹോത്സവത്തിെൻറ സുഗമമായ നടത്തിപ്പിന് ആലുവ മണപ്പുറത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് കൺട്രോൾ റൂം ആരംഭിച്ചു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു. സബ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേഷന് ഓഫിസര്‍ ഗണേശൻ പോറ്റി എന്നിവര്‍ സംബന്ധിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി കാര്യങ്ങളെക്കുറിച്ച മാർഗനിർദേശങ്ങൾ ആലുവ പ്രിയദർശിനി ടൗൺഹാളിൽ നടന്ന ചടങ്ങിൽ ജില്ല പൊലീസ് മേധാവി വിശദീകരിച്ചുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.