പെരിയാറിൽ വെള്ളം ഇറങ്ങി ; ആശ്വാസ തീരത്ത് കീഴ്മാട് പഞ്ചായത്തും മണ്ണായി നിവാസികളും
text_fieldsആലുവ: പെരിയാറിൽ വെള്ളം ഇറങ്ങിയതോടെ കീഴ്മാട് പഞ്ചായത്തുകാർക്ക് ആശ്വാസം. പെരിയാറിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പ്രധാന കാർഷിക മേഖലയായ ചാലക്കൽ പാടത്തും വെള്ളം കയറിയിരുന്നു. പെരിയാറിൽ ജല നിരപ്പ് ഉയർന്നാൽ തുമ്പിച്ചാൽ - ചാലയ്ക്കൽ തോടിൽ കൂടിയാണ് പെരിയാറിൽ നിന്ന് വെള്ളം ചാലയ്ക്കൽ പാടത്തേക്കും തുമ്പിച്ചാലിലേക്കും കയറുന്നത്. വെള്ളം കയറിയതിനെ തുടർന്ന്, ചാലയ്ക്കൽ, തുമ്പിച്ചാൽ - വട്ടച്ചാൽ പാടശേഖരങ്ങൾ വെള്ളത്തിലായിരുന്നു. തുമ്പിച്ചാൽ മുങ്ങിയതിനെ തുടർന്ന് കുട്ടമശ്ശേരി - തടിയിട്ടപറമ്പ് റോഡിൽ വെള്ളം കയറിയിരുന്നു. വെള്ളം കയറിയതോടെ ചാലയ്ക്കൽ ഭാഗത്തെ കർഷകർ ആശങ്കയിലായിരുന്നു. നിരവധി കർഷകരാണ് ലോൺ എടുത്തും മറ്റും കൃഷി ഇറക്കിയിരിക്കുന്നത്. വാഴയും, കപ്പയുമാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. വിളവെടുപ്പിന് പാകമായതും അല്ലാത്തതുമായ വിളകളുള്ള പാടത്ത് വെള്ളം കയറിയത് കർഷകർക്ക് ആശങ്കയുണ്ടാക്കിയിരുന്നെങ്കിലും വേഗം വെള്ളം ഇറങ്ങിയത് കർഷകർക്ക് ആശ്വാസമായി. എങ്കിലും ചില കർഷകർക്ക് നഷ്ടം സംഭവിച്ചിട്ടുണ്ട്. സമീപ മാസങ്ങളിൽ ആരംഭിച്ച കപ്പ കൃഷിക്കാണ് നഷ്ടം വന്നത്. അധികം ഉയരം വക്കാതിരുന്ന കപ്പ തണ്ടുകൾ ചീഞ്ഞ് പോവുകയായിരുന്നു.
കഴിഞ്ഞ വർഷത്തിലെ മഴക്കാലങ്ങളിലിലെല്ലാം വെള്ളം കയറി നിരവധി കർഷകരുടെ കൃഷികൾ നശിച്ചിരുന്നു. കർഷകർക്ക് എന്ന പോലെ വേഗത്തിൽ വെള്ളം ഇറങ്ങിയത് ചാലയ്ക്കൽ മണ്ണായി നിവാസികൾക്കും ആശ്വാസമായി.
പെരിയാറിൽ വെള്ളം പൊങ്ങിയതോടെ ഭീതിയിലായിരുന്നു മണ്ണായി നിവാസികൾ. കുറെ വർഷങ്ങളായി എല്ലാ കാലാവർഷത്തിലും മണ്ണായി നിവാസികൾക്ക് സ്വസ്തമായി സ്വന്തം വീടുകളിൽ താമസിക്കാൻ സാധിക്കാറില്ല. കീഴ്മാട് പഞ്ചായത്തിൽ പെരിയാറിൽ വെള്ളം ഏറിയാൽ ആദ്യം വീടുകളിൽ വെള്ളം കയറുന്ന സ്ഥലമാണ് ആറാം വാർഡിലെ കുട്ടമശ്ശേരി അമ്പലപറമ്പ് മണ്ണായി ഭാഗം. തുടർച്ചയായ വർഷങ്ങളായി കാലാവർഷത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയേണ്ട ഗതികേടിലാണ് മണ്ണായിക്കാർ. തുമ്പിച്ചാൽ - ചാലക്കൽ തോടിന് പാർശ്വഭിത്തി ഇല്ലാത്തത് മൂലമാണ് ചാലയ്ക്കൽ തോടിന് സമീപം താമസിക്കുന്ന അമ്പലപറമ്പ് മണ്ണായി നിവാസികളുടെ വീടുകളിൽ വെള്ളം കയറുന്നത്. ഈ വർഷം ഇവരുടെ മുറ്റത്തിെൻറ ലെവലിൽ വെള്ളം എത്തിയിരുന്നു. അതുകൊണ്ട് തന്നെ ഭീതിയിലായ ഇവർ വീട്ടു സാധനങ്ങൾ എല്ലാം മാറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. ഏതായാലും വെള്ളം ഇറങ്ങിയതോടെ മണ്ണായിനിവാസികളുടെ ചങ്കിടിപ്പ് മാറുകയും കർഷകർക്ക് ആശ്വസമാവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.