പ്രതിസന്ധികൾക്കിടയിലും ആലുവ കോൺഗ്രസ് നിലനിർത്തി
text_fieldsആലുവ: നഗരസഭയിൽ പ്രതിസന്ധികൾക്കിടയിലും കോട്ട കാക്കാനായത് കോൺഗ്രസ് നേതൃത്വത്തിന് നേട്ടമായി. 26 വാർഡുള്ള നഗരസഭയിൽ നില മെച്ചപ്പെടുത്താൻ കോൺഗ്രസിനായില്ല. കഴിഞ്ഞ തവണ ലഭിച്ച 14 സീറ്റ് നിലനിർത്തി. എൽ.ഡി.എഫിന് ഏഴും എൻ.ഡി.എക്ക് നാലും സീറ്റ് ലഭിച്ചു. ഒരു സ്വതന്ത്രനും ജയിച്ചു.
കഴിഞ്ഞ തവണ ഇടതുപക്ഷത്തിന് ഒമ്പത് സീറ്റുണ്ടായിരുന്നു. ബി.ജെ.പിക്ക് ഒന്നും കോൺഗ്രസ് വിമതർക്ക് രണ്ടും സീറ്റും കഴിഞ്ഞ കൗൺസിലിൽ നേടാനായിരുന്നു. എന്നാൽ, ഇക്കുറി കോൺഗ്രസ് വിമതർക്ക് കാര്യമായ നേട്ടം കൊയ്യാനായില്ല. കോൺഗ്രസിൽനിന്ന് സസ്പെൻഷനിലുള്ള കെ.വി. സരള മാത്രമാണ് വിമതപക്ഷത്തുനിന്ന് ജയിച്ചത്. കോൺഗ്രസ് വിമതരടക്കമുള്ള സ്വതന്ത്രരും ആം ആദ്മി സ്ഥാനാർഥിയുമടക്കം ഒമ്പതുപേർ ജനകീയ മുന്നണിയായി മത്സരിച്ചെങ്കിലും സരള മാത്രമാണ് വിജയം നേടിയത്.
കോൺഗ്രസ് ഭരണസമിതിക്കെതിരായ വികാരം തെരഞ്ഞെടുപ്പുഫലത്തിൽ നിഴലിച്ചുനിന്നു. സിറ്റിങ് ചെയർപേഴ്സൻ ലിസി എബ്രഹാം, വൈസ് ചെയർപേഴ്സൻ സി. ഓമന തുടങ്ങിയവരുടെ പരാജയം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. വൈസ് ചെയർപേഴ്സൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ ചെയർപേഴ്സൻ 110 വോട്ടിനാണ് പരാജയപ്പെട്ടത്. പ്രതിപക്ഷത്തിെൻറ ചുമതല മറന്ന് പലപ്പോഴും ഭരണപക്ഷത്തോടൊപ്പം നിലകൊണ്ട ഇടതുപക്ഷത്തിനും തിരിച്ചടിയുണ്ടായി. പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയയുടെ (സി.പി.എം) പരാജയം അത്തരത്തിലുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നു. ആറാം വട്ടവും മത്സരത്തിനിറങ്ങിയവരെ ജനം കൈെയാഴിഞ്ഞു. ഭരണം നേടുമെന്ന് പ്രതീക്ഷിച്ച് സി.പി.എം കളത്തിലിറക്കിയ പൊതുസമ്മതനായ എൽ.ഡി.എഫിെൻറ ചെയർമാൻ സ്ഥാനാർഥി എം.എൻ. സത്യദേവനും പരാജയപ്പെട്ടു.
നഗരസഭയിൽ ആദ്യമായി കഴിഞ്ഞ തവണ ഒരുസീറ്റിൽ വിജയിച്ച ബി.ജെ.പി ഇക്കുറി നാല് സീറ്റ് നേടി. ഇതിൽ രണ്ട് സീറ്റ് കോൺഗ്രസിലെ സ്ഥാനാർഥി നിർണയത്തിൽ സംഭവിച്ച തകരാറുകൾ മൂലമാണ് അവർക്ക് ലഭിച്ചത്.
ചെയർമാൻ സ്ഥാനാർഥിയും മുൻ ചെയർമാനുമായ എം.ഒ. ജോണ്, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ജെബി മേത്തര് ഹിഷാം, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഫാസില് ഹുസൈന് എന്നിവരാണ് കോൺഗ്രസിൽനിന്ന് വിജയിച്ച പ്രമുഖർ. മുൻ കൗൺസിലർമാരായ മിനി ബൈജു, ഗയിൽസ് ദേവസി എന്നിവരാണ് ഇടതുപക്ഷത്തെ പ്രമുഖ കൗൺസിലർമാർ.
ബി.ജെ.പിയുടെ സിറ്റിങ് കൗൺസിലർ എ.സി. സന്തോഷ് കുമാർ പരാജയപ്പെട്ടപ്പോൾ നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് പി.എസ്. പ്രീത വിജയിച്ചു.
ആലുവ മേഖലയിൽ ഇരുമുന്നണിക്കും നേട്ടവും കോട്ടവും
ആലുവ: തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആലുവ മേഖലയിൽ ഇടത്, വലത് മുന്നണികൾക്ക് നേട്ടവും കോട്ടവും. ആലുവ നഗരസഭ കോൺഗ്രസ് നിലനിർത്തി. ചൂർണിക്കര പഞ്ചായത്ത് പിടിച്ചെടുക്കുകയും ചെയ്തു.
നഗരസഭയിൽ 26ൽ 14 സീറ്റ് നേടിയാണ് ഭരണ തുടർച്ച ഉറപ്പാക്കിയത്. ഇവിടെ ഇടതുപക്ഷം ഒമ്പതിൽനിന്ന് ഏഴിലേക്ക് ചുരുങ്ങിയപ്പോൾ ബി.ജെ.പി ഒന്നിൽനിന്ന് നാലിലേക്ക് ഉയർന്നു.
ചൂർണിക്കരയിൽ 18ൽ 10ഉം നേടിയാണ് യു.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചത്. ഭരണപക്ഷമായിരുന്ന ഇടത് അഞ്ചിൽ ഒതുങ്ങിയപ്പോൾ രണ്ട് സ്വതന്ത്രരും ഒരു എൻ.ഡി.എ സ്ഥാനാർഥിയും വിജയം കണ്ടു. കീഴ്മാട് പഞ്ചായത്ത് നിലനിർത്തിയ എൽ.ഡി.എഫ് എടത്തല പഞ്ചായത്ത് പിടിച്ചെടുക്കുകയും ചെയ്തു. കീഴ്മാട് പഞ്ചായത്തിൽ 10 സീറ്റ് ഇടത് നേടിയപ്പോൾ നാല് സീറ്റ് മാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്. മൊത്തം 19ൽ മൂന്ന് സീറ്റിൽ മത്സരിച്ച വെൽഫെയർ പാർട്ടി രണ്ടെണ്ണത്തിൽ വിജയിച്ചു. പഞ്ചായത്തിൽ തനിച്ചാണ് പാർട്ടി മത്സരിച്ചത്. മൂന്ന് കോൺഗ്രസ് വിമതരും വിജയം നേടി.
കോൺഗ്രസ് കോട്ടയായ എടത്തല 21 സീറ്റിൽ 13 ഉം നേടിയാണ് ഇടതുപക്ഷം തിരിച്ചുപിടിച്ചത്. ആലുവ മേഖലയിലെ, കളമശ്ശേരി നിയോജക മണ്ഡലത്തിൽപെടുന്ന കടുങ്ങല്ലൂർ പഞ്ചായത്തിൽ ആർക്കും ഭൂരിപക്ഷമില്ല. ഇടത് ഭരിച്ചിരുന്ന ഇവിടെ ഇടതിനും വലതിനും എട്ട് സീറ്റ് വീതമാണ് ലഭിച്ചത്. മൊത്തം 21 സീറ്റിൽ മൂന്നെണ്ണം ബി.ജെ.പി നേടിയപ്പോൾ എസ്.ഡി.പി.ഐ രണ്ടെണ്ണം പിടിച്ചെടുത്തു. വാഴക്കുളം ബ്ലോക്കിലെ ആലുവ മേഖലയിലെ ഏഴ് ഡിവിഷനിൽ നാലും എൽ.ഡി.എഫ് നിലനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.