ഓട്ടപ്പാച്ചിലിനിടയിലെ വോട്ട് ചർച്ചകളുമായി ഓട്ടോ ഡ്രൈവർമാർ
text_fieldsആലുവ: ജീവിതത്തിെൻറ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ ഗിയറും ബ്രേക്കും മാത്രം മനസ്സിൽ നിറച്ച് ഓട്ടപ്പാച്ചിൽ നടത്തുന്നതിനിടയിലും ഓട്ടോറിക്ഷ ഡ്രൈവർമാർ തെരഞ്ഞെടുപ്പ് ആവേശത്തിലാണ്. നഗരങ്ങളിലെയും നാട്ടിൻപുറങ്ങളിലെയും ഓട്ടോ സ്റ്റാൻഡുകളെല്ലാം തെരഞ്ഞെടുപ്പ് ചൂടിലാണ്. ഓട്ടത്തിെൻറ ഇടവേളകളിൽ നാടിെൻറ പ്രധാന വിഷയങ്ങളിലുള്ള ചർച്ചകളും സജീവമാണ്. കീഴ്മാട് പഞ്ചായത്തിലെ പ്രധാന കവലയായ കുട്ടമശ്ശേരിയിലെ ഓട്ടോസ്റ്റാൻഡിലും സ്ഥിതി വ്യത്യസ്തമല്ല. കുട്ടമശ്ശേരി യുവജന വായനശാലയുടെ മരത്തണലാണ് വിശ്രമ കേന്ദ്രവും തെരഞ്ഞെടുപ്പ് ചർച്ച വേദിയും. നാട്ടിലെ വികസന പ്രവർത്തനങ്ങളിലും പരിഹരിക്കപ്പെടേണ്ട വിഷയങ്ങളിലും ചൂടേറിയ ചർച്ചകളാണ് ഓരോ ദിവസവും നടക്കുന്നത്. വികസനത്തിൽ ഒറ്റക്കെട്ടായി നിൽക്കണമെന്നാണ് തൊഴിലാളികൾ ഒന്നടങ്കം പറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിെൻറ ചൂടിലാണെങ്കിലും രാജ്യത്തെ പ്രധാന വിഷയങ്ങളും ചർച്ച ചെയ്യപ്പെടുന്നു. കർഷകരെ ദ്രോഹിക്കുന്ന പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയാറാകണമെന്ന് ഓട്ടോ ഡ്രൈവറായ സലീം കുറുപ്പാലി പറയുന്നു. കാർഷിക വളർച്ചക്ക് ഉപകാരപ്രദമാകും വിധം തൊഴിലുറപ്പ് പദ്ധതിയെ പ്രയോജനപ്പെടുത്താൻ ത്രിതല പഞ്ചായത്തുകൾ തയാറാകണം. തരിശ് പാടങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കൃഷി ഇറക്കി നെൽകൃഷിയെ പ്രോത്സാഹിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണമെന്നും സലീം പറയുന്നു. ഓട്ടോ തൊഴിലാളിയായ അബ്ബാസ് വാത്തശ്ശേരിക്ക് പറയാനുള്ളത് തകർന്ന് കിടക്കുന്ന കുട്ടമശ്ശേരി - കീഴ്മാട് സർക്കുലർ റോഡിനെ പറ്റിയാണ്. ഫണ്ട് ഉണ്ടായിട്ടും പണി നടത്താതെ സ്തംഭനാവസ്ഥയിൽ കിടക്കുന്ന പഞ്ചായത്തിലെ പ്രധാന റോഡ് ആകെ തകർന്നിരിക്കുകയാണ്. ഈ റോഡിലൂടെയുള്ള യാത്ര ദുർഘടം നിറഞ്ഞതാണെന്നും അബ്ബാസ് പറയുന്നു. കോടതി കേസുകളും കരാറുകാരനുമായുള്ള വിഷയങ്ങളും കാരണം സ്തംഭിച്ച റോഡ് പണി ഉടൻ നടത്തണമെന്ന അബ്ബാസിെൻറ അഭിപ്രായത്തോട് കരീം കുന്നപ്പിള്ളി, അസീസ് ചെറോടത്ത്, അലി കൊടവത്ത് തുടങ്ങിയവരും യോജിക്കുന്നു.
കേന്ദ്ര സ്ഥാപനങ്ങളിലേക്കടക്കമുള്ള നിയമനങ്ങൾക്കുള്ള പരീക്ഷ നടക്കുന്ന ഓൺലൈൻ പരീക്ഷ കേന്ദ്രം, അന്ധ വിദ്യാലയം, എം.ആർ.എസ് സ്കൂൾ തുടങ്ങിയ നിരവധി സ്ഥാപനങ്ങളുള്ള ഫെയർ സ്റ്റേജ് സ്റ്റോപ് ആയ കുട്ടമശ്ശേരിയിൽ ദീർഘദൂര ബസുകൾ നിർത്താൻ നടപടി വേണമെന്നാണ് സുരേഷ് പുൽപ്രപുന്നതിെൻറ ആവശ്യം. പെരുമ്പാവൂരിൽനിന്നും കീഴ്മാട് വഴി പെരുമ്പാവൂരിലേക്ക് സർക്കുലർ ബസ് അനുവദിക്കണമെന്ന് ബഷീർ വളപ്പുങ്കൽ പറയുന്നത്. ഓൺലൈൻ പരീക്ഷ സെൻററിൽ പരീക്ഷക്കെത്തുന്നവരുടെ വാഹനങ്ങൾ കീഴ്മാട് സർക്കുലർ റോഡിൽ പാർക്ക് ചെയ്യുന്നത് മൂലമുള്ള ഗതാഗത തടസ്സം ഇല്ലാതാക്കാനുള്ള നടപടികളാണ് നാസർ നീലേക്കിെൻറ ആവശ്യം.
ജില്ലയിലെ തന്നെ ഏറ്റവും വലിയ ജല സംഭരണികളിലൊന്നായ തുമ്പിച്ചാൽ - വട്ടച്ചാൽ ജല സംഭരണി സംരക്ഷിക്കണമെന്ന് അഷറഫ് നീലേത്ത് പറയുന്നു. തങ്ങളുടെ ജീവിതത്തെ നേർക്ക് ബാധിക്കുന്ന ഇന്ധന വിലവർധനവിൽ ഏവർക്കും പ്രതിഷേധമുണ്ട്. അടിക്കടി ഇന്ധന വില വർധിപ്പിക്കുന്നത് ചെലവ് വർധിപ്പിക്കുകയാണ്. അന്യായ വില വർധന ഒഴിവാക്കി അന്താരാഷ്ട്ര തലത്തിലുള്ള വിലക്കനുസൃതമായി കുറക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു. പാചകവാതക വിലവർധന ഇരുട്ടടിയായി മാറിയതായും അവർ പറയുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില വർധന പിടിച്ചുനിർത്താൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ശക്തമായി ഇടപെടണമെന്നും ആവശ്യമുന്നയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.