കാരുണ്യത്തിെൻറ മരുന്ന് പെട്ടികൾ നാലാം വയസ്സിലേക്ക്
text_fieldsആലുവ: നിർധന രോഗികൾക്ക് തണലായി മാറിയ കോറയുടെ മെഡിസിൻ ബാങ്ക് പദ്ധതി നാലാം വയസ്സിലേക്ക്. സാധുക്കൾക്ക് മരുന്ന് വാങ്ങാൻ വേണ്ട സഹായങ്ങൾ പല ഭാഗത്തും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് ആലുവയിലെ റെസിഡൻറ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ 'കോറ' വ്യത്യസ്തമായ മരുന്ന് ശേഖരണ-വിതരണ പദ്ധതിയുമായി രംഗത്തുവന്നത്. ഭീമമായ ചികിത്സ ചെലവുകൾ താങ്ങാനാകാതെ വിഷമിക്കുന്ന രോഗികളെ സഹായിക്കാനാണ് 'കോറ മെഡിസിൻ ബാങ്ക്' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.
ചികിത്സ കഴിഞ്ഞ് ബാക്കി വരുന്ന കാലാവധി കഴിയാത്ത മരുന്നുകൾ ശേഖരിച്ച് ആവശ്യക്കാരായ നിർധനർക്ക് എത്തിച്ച് നൽകലാണ് പദ്ധതി. നഗരത്തിലെ മുഖ്യമായ സ്ഥലങ്ങളിലും പൊതുജന സമ്പർക്കമുള്ള പ്രദേശങ്ങളിലുമായി മരുന്ന് കലക്ഷൻ ബോക്സുകൾ സ്‌ഥാപിച്ചിട്ടുള്ളത്.
നഗരത്തിൽ പലഭാഗങ്ങളിലും ബോക്സുകൾ െവച്ചത് കണ്ട് സമീപ ഗ്രാമങ്ങളിൽനിന്നും സന്നദ്ധ പ്രവർത്തകർ സംഘടനയെ സമീപിച്ചു. ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര, കാട്ടൂപ്പാടം, ഏലൂക്കര തുടങ്ങിയ പ്രദേശങ്ങളിലും പെട്ടികൾ സ്‌ഥാനം പിടിച്ചു. ഓരോ തവണയും പതിനായിരത്തിലധികം രൂപ വിലവരുന്ന മരുന്നുകളാണ് പെട്ടികളിൽനിന്ന് ലഭിക്കാറുള്ളത്. ആദ്യ തവണ ലഭിച്ച മരുന്നുകൾ ആലുവ ജില്ല ആശുപത്രിക്കും പിന്നീട് ലഭിച്ചത് വെളിയത്തുനാട് വിൽഫെയർ ട്രസറ്റ് അഗതി മന്ദിരത്തിനുമാണ് നൽകിയത്.
കോറ പ്രസിഡൻറ് പി.എ. ഹംസക്കോയയാണ് പദ്ധതിയുടെ ഉപജ്ഞാതാവ്. പദ്ധതിയുടെ വാർഷികം നവംബർ ഒന്നിന് തോട്ടക്കാട്ടുകര കവലയിലെ പനാമ സ്റ്റോർ പരിസരത്ത് മരുന്ന് ശേഖരണപെട്ടി സ്‌ഥാപിച്ചുകൊണ്ട് നടക്കും.
48ാമത്തെ പെട്ടിയാണ് ഇവിടെ ഇടംപിടിക്കുന്നത്. ആലുവ ബ്രാഹ്മണ സഭ പ്രസിഡൻറ് ആർ.വി. പതി സംഭാവന നൽകുന്ന മരുന്നുകൾ പെട്ടിയിൽ ഇട്ടുകൊണ്ട് അർജുന ആരോമാറ്റിക് മാനേജിങ് ഡയറക്ടർ പി.ജെ. കുഞ്ഞച്ചൻ വാർഷികം ഉദ്ഘാടനം ചെയ്യും.
45 ലക്ഷം രൂപ വില മതിക്കുന്ന മരുന്നുകൾ സ്വരൂപിച്ചിട്ടുണ്ടെന്നും അതെല്ലാം സൗജന്യ ചികിത്സകൾ നടത്തുന്ന ക്ലിനിക്കുകൾ, പാലിയേറ്റിവ് കെയർ കേന്ദ്രങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയവക്ക് നൽകുകയാണ് ചെയ്തതെന്നും 'കോറ' പ്രസിഡൻറ് പി.എ. ഹംസക്കോയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.