കോവിഡ് തീർത്ത പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഓണവിപണിയെ ആശ്രയിച്ച് അരുൺ
text_fieldsആലുവ: ഉപജീവനമാർഗം തടസപ്പെടുത്തി കോവിഡ് വില്ലനായപ്പോൾ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഓണവിപണിയെ ആശ്രയിച്ച് യുവാവ്. കുട്ടമശേരി പൊന്നായത്ത് വീട്ടിൽ ശശി കുമാരൻറെ മകൻ അരുണാണ് പ്രതികൂല സാഹചര്യത്തോട് പടവെട്ടി മുന്നോട്ട് പോകുന്നത്. ശാരീരിക ബുദ്ധിമുട്ടുകളെ അവഗണിച്ച് മുന്നേറാൻ ശ്രമിച്ചപ്പോഴെല്ലാം പ്രതിസന്ധികൾ വില്ലനായെത്തിയെങ്കിലും തോറ്റു പിൻമാറാൻ ആ ചെറുപ്പക്കാരൻ തയാറല്ല. ഇപ്പോൾ ഓണത്തിെൻറ അനുകൂല സാഹചര്യത്തെ ജീവിതോപാധിക്കായി ഉപയോഗപ്പെടുത്തുകയാണിദ്ദേഹം.
കുട്ടശേരിയിൽ ഒരു കടവരാന്തയിൽ ചിപ്‌സ്, പായസം തുടങ്ങിയവയുടെ വിൽപനയുമായി ഇരിക്കുകയാണ് അരുൺ. ശാരീരിക വൈകല്യള്ളതിനാൽ ഭാരപ്പെട്ട ജോലികൾ ചെയ്യാൻ അരുണിന് സാധിക്കില്ല. പത്താം ക്ലാസ് പഠനശേഷം വാഴക്കുളത്ത് സ്വന്തമായി ഒരു സി.ഡി കടയാണ് അരുൺ ആദ്യം തുടങ്ങിയത്. എന്നാൽ സി.ഡി വിപണി പ്രതിസന്ധിയിലായതോടെ കട നിർത്തേണ്ടിവന്നു. തുടർന്ന് ആലുവ റെയിൽവേ സ്റ്റേഷനിലെ ടെലിഫോൺ ബൂത്തിൽ ജോലിചെയ്തു. തുച്ഛമായ വരുമാനമായിരുന്നു ഇവിടെ നിന്ന് ലഭിച്ചിരുന്നത്.
തുടർന്ന് കീഴ്മാട് പഞ്ചായത്ത് സ്റ്റോപ്പിൽ ചെറിയ രീതിയിൽ മൊബൈൽ റീചാർജ്ജ് ചെയ്യുന്ന കട തുടങ്ങി. പിന്നീട് മൊബൈൽ ഉപകരണങ്ങളുടെ വിൽപനയും ആരംഭിച്ചു. ഇതിനിടയിലാണ് സമ്പൂർണ ലോക്ഡൗൺ വന്നത്. വീണ്ടും കട തുറന്നെങ്കിലും അധികം താമസിയാതെ കീഴ്മാട് പഞ്ചായത്തിൽ കോവിഡ് വ്യാപിക്കുകയും കണ്ടെയ്‌ൻമെൻറ് സോണിലാകുകയും ചെയ്തു. നിലവിൽ പഞ്ചായത്തിൽ കടകൾ തുറക്കുന്നുണ്ടെങ്കിലും ഈ വഴി ബസ് സർവീസ് ആരംഭിച്ചില്ല. ഇതോടെ ഇടപാടുകൾ നടക്കാതായി.
ഇതേ തുടർന്ന് ജീവിതം വഴിമുട്ടിയപ്പോളാണ് ഓണവിപണിയെ ആശ്രയിക്കാൻ തീരുമാനിച്ചത്. കുട്ടശേരിയിൽ ഒരു കടവരാന്തയിലാണ് ചിപ്‌സ്, പായസം തുടങ്ങിയവയുടെ വിൽപന ആരംഭിച്ചത്. ശുദ്ധമായ വെളിച്ചെണ്ണയിൽ തയാറാക്കിയ ചിപ്‌സ്, ശർക്കര ഉപ്പേരി, അച്ചാറുകൾ, പായസം തുടങ്ങിയവയാണ് വിൽപ്പനക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.