ആലുവയിൽ ഗുണ്ട സംഘങ്ങൾ സജീവമാകുന്നു
text_fieldsആലുവ: ടൗണിലും പരിസര പ്രദേശങ്ങളിലും ഗുണ്ട സംഘങ്ങൾ വീണ്ടും സജീവമാകുന്നു. വർഷങ്ങൾക്ക് മുമ്പ് ആലുവയെ വിറപ്പിച്ചിരുന്ന ഗുണ്ട സംഘം ഇല്ലാതായശേഷം പലഘട്ടങ്ങളിൽ ചിലർ വന്നിരുന്നെങ്കിലും ഒതുക്കിയിരുന്നു. എന്നാൽ, നിലവിൽ കൂടുതൽ ശക്തമായ രീതിയിലാണ് ഗുണ്ട സംഘങ്ങൾ ഉടലെടുത്തിരിക്കുന്നത്.
തോട്ടക്കാട്ടുകര, മണപ്പുറം തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായാണ് പരാതികൾ. സ്വകാര്യ ബസ് സ്റ്റാൻഡ്, സിവിൽ സ്‌റ്റേഷൻ റോഡ്, എസ്.എൻ.ഡി.പി സ്കൂൾ-റെയിൽവേ ലൈൻ പരിസരം തുടങ്ങിയ പ്രദേശങ്ങളിലും ഗുണ്ടകളും പിടിച്ചുപറിക്കാരും വിലസുന്നുണ്ട്. ഇവരുടെയെല്ലാം പിന്നിൽ മയക്കുമരുന്ന് മാഫിയകളാണ് പ്രവർത്തിക്കുന്നത്. ചില രാഷ്ട്രീയക്കാരും ഇവർക്ക് ഒത്താശ ചെയ്യുന്നതായും ആക്ഷേപമുണ്ട്. ഇപ്പോഴത്തെ ഗുണ്ട സംഘം കഞ്ചാവിനും മറ്റ് മയക്കുമരുന്നിനും അടിമകളായവരാണ്. നിരവധി വിദ്യാർഥികളെയും യുവാക്കളെയും മയക്കുമരുന്ന് ഇടപാടുകാർ കാരിയർമാരാക്കിയിരുന്നു.
പണവും ഫോണും ബൈക്കുമെല്ലാം നൽകിയാണ് ഇവരെ വലയിലാക്കിയത്. തോട്ടയ്ക്കാട്ടുകര ഭാഗത്തുമാത്രം ഗുണ്ടപ്രവർത്തനങ്ങളും മയക്കുമരുന്ന് ഇടപാടുകളുമായും ബന്ധമുള്ള 25 ഓളം യുവാക്കളുള്ളതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയതായി അറിയുന്നു. ഗുണ്ടാസംഘങ്ങൾ എന്തിനും മടിക്കാത്തവരായതിനാൽ സാധാരണക്കാർ പരാതി നൽകാൻ മടിക്കുകയാണ്. സന്ധ്യ കഴിഞ്ഞാൽ സ്വകാര്യ ബസ് സ്റ്റാൻഡും ഇത്തരക്കാരുടെ നിയന്ത്രണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.