ആലുവയിൽ വട്ടിപ്പലിശ സംഘങ്ങൾ സജീവമാകുന്നു
text_fieldsആലുവ: മേഖലയിൽ വട്ടിപ്പലിശ സംഘം സജീവമാകുന്നു. നഗരത്തിൽ മാർക്കറ്റ് കേന്ദ്രീകരിച്ചും ചെറുകിട വ്യാപാരികൾക്കിടയിലുമാണ് സംഘങ്ങൾ വേരുറപ്പിച്ച് പ്രവർത്തിക്കുന്നത്. അന്തർ സംസ്ഥാനക്കാരാണ് പലിശ ഇടപാടുകാരിൽ ഏറെയും.
കോവിഡിനെ തുടർന്ന് സാമ്പത്തികമായി വിഷമിക്കുന്ന വ്യാപാരികളെയും മറ്റുമാണ് ഇക്കൂട്ടർ സമീപിക്കുന്നത്. ഇതിനു പുറമെ മുമ്പ് നൽകിയ പണത്തിൽ കിട്ടാനുള്ള തുകകൾ പിരിക്കാനും ആരംഭിച്ചിട്ടുണ്ട്. പുതിയ ഇടപാടുകാർക്കിടയിൽ സഹായികളെന്ന വ്യാജേനയാണ് ഈ സംഘം പണം നൽകുന്നത്. മുൻകൂറായി പലിശ എടുത്ത ശേഷമാണ് തുക നൽകുന്നത്. എല്ലാ ദിവസവും വൈകീട്ടെത്തി കുറേശ്ശയായി തുക കൈപ്പറ്റുകയും ചെയ്യും. പലിശയും മുതലും കൃത്യമായി അടക്കുന്നവർക്ക് പൂർണമായി അടച്ചുതീരുന്നതിനു മുമ്പായി വീണ്ടും പണം നൽകുകയും ചെയ്യും.
ഗത്യന്തരമില്ലാതെ വളരെയേറെ പേർ ഇത്തരത്തിൽ വായ്പയെടുക്കാൻ നിർബന്ധിതമാകുകയാണ്. ഏതാനും മാസം സ്ഥാപനങ്ങൾ കാര്യമായി പ്രവർത്തിക്കാത്തതിനാൽ പലർക്കും നിത്യേന വിവിധ വായ്പകളുടെ തവണകൾ അടക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെയാണ് പിടിച്ചുനിൽക്കുന്നതിന് പലരും വട്ടിപ്പലിശക്കാരെ വീണ്ടും അഭയം പ്രാപിക്കേണ്ടതായി വരുന്നത്.
രാവിലെ പണം കടം നൽകി വൈകീട്ട് നിശ്ചിത പലിശക്ക് തിരികെ വാങ്ങുന്ന മീറ്റർ പലിശക്കാരും രംഗത്തുണ്ട്. ചെറുകിട വ്യാപാരികൾ, തൊഴിലാളികൾ തുടങ്ങിയവരാണ് ഇവരുടെ ഇരകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.