ആരവങ്ങളില്ലാതെ ആലുവക്കിന്ന് മഹാശിവരാത്രി
text_fieldsആലുവ: ആരവങ്ങളില്ലാതെ ആലുവക്കിന്ന് മഹാശിവരാത്രി. ചരിത്രത്തിലാദ്യമായാണ് ചടങ്ങുകൾ മാത്രമായി ശിവരാത്രി ഒതുങ്ങുന്നത്. രാവുറങ്ങാതെ മണപ്പുറത്ത് ബലിതർപ്പണത്തിനായി കഴിച്ചുകൂട്ടുന്ന പതിനായിരക്കണക്കായ ഭക്തജനങ്ങളും ഒരുമാസം നീളുന്ന വ്യാപാര മേളയും ഇക്കുറിയില്ല. കോവിഡ് നിയന്ത്രണങ്ങൾ മൂലമാണ് അവയെല്ലാം ഒഴിവാക്കിയത്.
കോവിഡ് വ്യാപനം കണക്കിലെടുത്ത് ബലിതർപ്പണം വേണ്ടെന്നാണ് ദേവസ്വം ബോർഡ് ആദ്യം തീരുമാനിച്ചത്. എന്നാൽ, പ്രതിഷേധം ഉയർന്നതോടെ ക്ഷേത്ര ചടങ്ങുകൾക്കൊപ്പം നിയന്ത്രണങ്ങൾക്ക് വിധേയമായി ബലിതർപ്പണവും അനുവദിക്കുകയായിരുന്നു. ശിവരാത്രിയോടനുബന്ധിച്ച ബലിത്തര്‍പ്പണം വെള്ളിയാഴ്ച പുലര്‍ച്ച നാല് മണി മുതല്‍ ഉച്ചക്ക് 12 മണിവരെയാണ് നടക്കുക.
ശിവരാത്രി നാളില്‍ രാത്രിയില്‍ മണപ്പുറത്ത് ഉറക്കമൊഴിക്കാന്‍ ആരെയും അനുവദിക്കില്ല. അതേ സമയം ശിവരാത്രി ദിനമായ വ്യാഴാഴ്ച പുലര്‍ച്ച നാല് മണി മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ക്ഷേത്രദര്‍ശനം നടത്താം. ദര്‍ശനം കഴിഞ്ഞാല്‍ ഉടന്‍ മണപ്പുറം വിട്ട് പോകണം. ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് പ്രവേശനം 'അപ്നാ ക്യൂ' ആപ്പ് ഡൗണ്‍ ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും. ആപ്പില്‍ പേര് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ കൊണ്ടുവരണം.
50 ബലിത്തറകളാണ് ഒരുക്കിയിട്ടുള്ളത്. ഒരേ സമയം ആയിരം പേര്‍ക്ക് ബലിതര്‍പ്പണം നടത്താം. കോവിഡിെൻറ പശ്ചാത്തലത്തില്‍ പുഴയില്‍ മുങ്ങിക്കുളിക്കാന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കില്ല. ബലിതര്‍പ്പണത്തിന് മുമ്പും പിമ്പും ശരീര ശുദ്ധി വരുത്തുന്നതിനും ബലിതര്‍പ്പണത്തിന് ശേഷമുള്ള ബലിപിണ്ഡങ്ങള്‍ പെരിയാറ്റില്‍ ഒഴുക്കുന്നതിനും സൗകര്യം ബലിത്തറകളില്‍ തന്നെ സജ്ജമാക്കിയിട്ടുണ്ട്.
ശക്തമായ സുരക്ഷക്രമീകരണങ്ങളുമായി പൊലീസ്
ശിവരാത്രി മഹോത്സവത്തിെൻറ സുഗമമായ നടത്തിപ്പിന് റൂറൽ ജില്ല പൊലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി. ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിെൻറ നേതൃത്വത്തിൽ പത്ത് ഡിവൈ.എസ്.പിമാര്‍, 26 ഇൻസ്പെക്ടർമാര്‍, 146 എസ്.ഐ, എ.എസ്.ഐമാര്‍, 524 എസ്.സി.പി.ഒ, സി.പി.ഒമാര്‍, 150 വനിത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന വിപുലമായ പൊലീസ് സംഘത്തെയാണ് ഡ്യൂട്ടിക്കായി നിയോഗിച്ചത്. പോക്കറ്റടിക്കാരെയും പിടിച്ചുപറിക്കാരെയും മറ്റും നിരീക്ഷിക്കാൻ എല്ലാ ജില്ലകളില്‍ നിന്നുള്ള മഫ്തി പൊലീസ് ഉൾപ്പെടുന്ന പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചു. നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
മണപ്പുറത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് കൺട്രോൾ റൂം വ്യാഴാഴ്ച രാവിലെ പ്രവർത്തനം തുടങ്ങും. ആംബുലൻസ് സർവിസും ലഭ്യമാണ്. മണപ്പുറെത്ത അമ്പലത്തിൽനിന്ന് 50 മീറ്റര്‍ ചുറ്റളവില്‍ ഒരുവിധ വഴിയോര കച്ചവടങ്ങളും അനുവദിക്കുന്നതല്ല. കുളിക്കടവിലും പുഴയിലും ലൈഫ് ബാഗ് ഉൾപ്പെടെയുള്ള ബോട്ടുകള്‍ ഇൻസ്പെക്ടറുടെ നേതൃത്വത്തില്‍ പട്രോളിങ് നടത്തും. ആലുവ റെയിൽവെ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേകമായി പൊലീസ് സംഘത്തെ വിന്യസിക്കും.
ആലുവ പട്ടണത്തിലും പരിസര പ്രദേശത്തും വ്യാഴം, വെള്ളി ദിവസങ്ങളിൽ മദ്യവിൽപനയും ഉപഭോഗവും നിരോധിച്ചിട്ടുണ്ട്. ആലുവ നഗരസഭ ഏരിയ യാചകനിരോധന മേഖലയായി പ്രഖ്യാപിക്കും. ശിവരാത്രി മണപ്പുറത്തേക്ക് ബലിയിടുന്നതിന് പോകുന്ന ഭക്തജനങ്ങള്‍ പാലത്തിലൂടെ സഞ്ചരിക്കുമ്പോൾ തിരക്ക് ഒഴിവാക്കാൻ പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങള്‍ പൂർണമായും പാലിക്കണമെന്ന് എസ്.പി കാർത്തിക് പറഞ്ഞു.
ഇന്ന് വൈകീട്ട് മുതൽ ഗതാഗത നിയന്ത്രണം
ശിവരാത്രിയോടനുബന്ധിച്ച് വ്യാഴാഴ്ച വൈകീട്ട് നാലു മുതല്‍ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുവരെ ആലുവ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മണപ്പുറത്തേക്ക് വരുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും സെമിനാരിപ്പടിയില്‍നിന്ന് ജി.സി.ഡി.എ റോഡു വഴി ആയുർവേദ ആശുപത്രിക്ക് മുന്നിലൂടെ പോകണം. മണപ്പുറത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഗ്രൗണ്ട് തയാറാക്കിയിട്ടുണ്ട്. വൺവേ ആയിരിക്കും. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് മണപ്പുറത്ത് ഉണ്ടായിരിക്കുന്നതല്ല. തോട്ടക്കാട്ടുക്കര ജങ്ഷനില്‍നിന്ന് മണപ്പുറത്തേക്ക് ഗതാഗതം അനുവദിക്കില്ല.
അങ്കമാലി, പറവൂര്‍, വരാപ്പുഴ, എടയാര്‍ ഭാഗത്തുനിന്നുവരുന്ന സ്വകാര്യ ബസുകള്‍ പറവൂര്‍ കവല, തോട്ടക്കാട്ടുകര ഭാഗത്ത് ഭക്തജനങ്ങളെ ഇറക്കണം. തുടർന്ന് പുളിഞ്ചോട് എത്തി ഇടത്തോട്ട് തിരിഞ്ഞ് കാരോത്തുകുഴിവഴി, പ്രൈവറ്റ് സ്റ്റാൻഡില്‍ എത്തി തിരികെ ബാങ്ക് കവല, ബൈപാസ് സർവിസ് റോഡ് അടിപ്പാതവഴി തിരികെ പോകണം. എറണാകുളം ഭാഗത്തുനിന്ന് ദേശീയപാത വഴി ആലുവക്ക് വരുന്ന പ്രൈവറ്റ് ബസുകള്‍ പുളിഞ്ചോടുനിന്ന് വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴി വഴി പ്രൈവറ്റ് സ്റ്റാൻഡിലെത്തി ആളെയിറക്കി പ്രൈവറ്റ് സ്റ്റാൻഡില്‍നിന്ന് തിരികെ ബാങ്ക് ജങ്ഷന്–ബൈപാസ് വഴി എറണാകുളം ഭാഗത്തേക്ക് പോകണം.
എറണാകുളം ഭാഗത്തുനിന്ന് ആലുവക്ക് വരുന്ന കെ.എസ്.ആർ.ടി.സി ബസുകള്‍ പുളിഞ്ചോടുനിന്ന് വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴി, ഗവ. ഹോസ്പിറ്റല്‍ ജങ്ഷന്‍വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് കേന്ദ്രീകരിച്ച് സർവിസ് നടത്തണം. കെ.എസ്.ആർ.ടി.സി സ്റ്റാൻഡില്‍നിന്ന് എറണാകുളം ഭാഗത്തേക്കുള്ള ബസുകള്‍ സ്റ്റാൻഡില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴി പുളിഞ്ചോടുവഴി പോകേണ്ടതാണ്. പെരുമ്പാവൂര്‍ ഭാഗത്തുനിന്നുവരുന്ന കെ.എസ്.ആർ.ടി.സി ബസുകള്‍ പമ്പ്കവല വഴി ആലുവ മഹാത്മാഗാന്ധി ടൗൺ ഹാളിനു മുൻവശമുള്ള താൽക്കാലിക സ്റ്റാൻഡില്‍ എത്തി അവിടെ നിന്ന് തിരികെ സർവിസ് നടത്തണം.
പെരുമ്പാവൂര്‍ ഭാഗത്തുനിന്ന് വരുന്ന പ്രൈവറ്റ് ബസുകള്‍ പൊലീസ് സ്റ്റേഷന്‍വഴി സീനത്ത്, റെയിൽവേ സ്റ്റേഷന്, കാരോത്തുകുഴിവഴി സ്റ്റാൻഡില്‍ പ്രവേശിക്കേണ്ടതും അവിടെനിന്ന് തിരികെ പെരുമ്പാവൂര്‍ ഭാഗത്തേക്കുള്ള പ്രൈവറ്റ് ബസുകള്‍ ബാങ്ക് കവല, ബൈപാസ് സർവിസ് റോഡിലൂടെ പുളിഞ്ചോട് ജങ്ഷനില്‍ എത്തി കാരോത്തുകുഴിവഴി ഗവ. ഹോസ്പിറ്റല്‍ റോഡിലൂടെ പവർഹൗസ് ജങ്ഷനില്‍ എത്തി സർവിസ് നടത്തേണ്ടതുമാണ്.
ബാങ്ക് കവല മുതല്‍ മഹാത്മാഗാന്ധി ടൗൺഹാൾ റോഡുവരെ സ്വകാര്യ വാഹനങ്ങള്‍ ഉൾപ്പെടെ വാഹന ഗതാഗതം അനുവദിക്കുന്നതല്ല. ആലുവ പാലസിന് സമീപമുള്ള കൊട്ടാരംകടവില്നിന്ന് മണപ്പുറത്തേക്ക് പോകുന്നതിന് പാലമുള്ളതിനാൽ കടത്തു വഞ്ചിയിലൂടെയുള്ള ഗതാഗതം അനുവദിക്കുന്നതല്ല. വ്യാഴാഴ്ച രാത്രി 10 മുതല്‍ വെള്ളിയാഴ്ച രാവിലെ 10വരെ തൃശൂര്‍ ഭാഗത്തുനിന്നുവരുന്ന ഹെവി വാഹനങ്ങള്‍ അങ്കമാലിയില്‍നിന്ന് എം.സി റോഡിലൂടെ അതത് സ്ഥലങ്ങളിലേക്ക് പോകണം. എറണാകുളത്തുനിന്നുവരുന്ന ഹെവി വാഹനങ്ങള്‍ കളമശ്ശേരിയില്‍നിന്ന് കണ്ടെയ്നര്‍ റോഡ് വഴി പറവൂര്‍ എത്തി മാഞ്ഞാലി റോഡില്‍ പ്രവേശിച്ച് അത്താണി ജങ്ഷന്‍വഴി തൃശൂര്‍ ഭാഗത്തേക്ക് പേകേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.