ദുരിതങ്ങൾക്കൊപ്പം നഗരസഭ വാടക ഭാരവും; വ്യാപാരികൾ പ്രതിസന്ധിയിൽ
text_fieldsആലുവ: ദുരിതങ്ങൾക്കൊപ്പം വാടക ഭാരവും താങ്ങാനാകാതെ നഗരസഭ കെട്ടിടത്തിലെ വ്യാപാരികൾ. ബാങ്ക് കവലയിലെ നഗരസഭയുടെ നെഹ്റു പാർക്ക് അവന്യൂ കെട്ടിടത്തിലാണ് അമിത വാടക മൂലം വ്യാപാരികൾ വലയുന്നത്. ഇതുമൂലം പലരും മുറികൾ ഒഴിയുകയാണ്.
നിലവിൽ വളരെകുറച്ച് വ്യാപാരികൾ മാത്രമാണ് തുടരുന്നത്. അവരും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. പാർക്കിങ് സൗകര്യമുൾപ്പെടെ മനോഹരമായി നിർമിച്ച കെട്ടിടത്തിൽ 36 മുറികളുണ്ട്. 26 എണ്ണം പൂട്ടിക്കിടക്കുകയാണ്. താഴത്തെയും രണ്ടാമത്തെയും നിലയിൽ മൂന്ന് വീതവും മുകളിലത്തെ നിലയിൽ നാലും സ്‌ഥാപനങ്ങളാണ് തുറക്കുന്നത്. അമിത വാടകയും അഡ്വാൻസുമാണ് കച്ചവടക്കാരെ പ്രതിസന്ധിയിലാക്കിയത്. താഴത്തെ നിലയിൽ 19 ലക്ഷം വരെയാണ് അഡ്വാൻസ് വാങ്ങിയത്. മാസ വാടകയാണെങ്കിൽ ചതുരശ്ര അടിക്ക് 60 രൂപയും. ഏറ്റവും മുകളിലെ നിലയിൽ നാല് ലക്ഷം രൂപ അഡ്വാൻസും പ്രതിമാസം 20 രൂപ ചതുരശ്ര അടിക്കും നൽകണം. ഇതിനിടയിൽ നോട്ട് നിരോധനം, ജി.എസ്.ടി, പ്രളയം, കോവിഡ് തുടങ്ങിയവ ഒന്നിനുപിറകെ ഒന്നായി വന്നതോടെ കച്ചവടമില്ലാതെയായതായി വ്യാപാരികൾ പറയുന്നു. താഴത്തെ നിലയിലെ ആറ് കടയുടമകൾ നഗരസഭയിൽ മുറി തിരിച്ചേൽപ്പിച്ച് കഴിഞ്ഞു. എന്നാൽ, ഇവർക്ക് അഡ്വാൻസ് പണം മടക്കി നൽകിയിട്ടില്ല. വാടക കുറച്ച് നൽകാതെ പിടിച്ചുനിൽക്കാനാകില്ലെന്നാണ് നിലവിലെ കടമുറികൾ വാടകക്കെടുത്തവർ പറയുന്നത്. അടഞ്ഞുകിടക്കുന്ന കടമുറികളുടെ വരാന്തകളെല്ലാം ഇപ്പോൾ സാമൂഹ്യവിരുദ്ധരുടെ താവളമാണ്.
വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്
തങ്ങളുടെ പ്രശ്‌നങ്ങൾ നഗരസഭ അവഗണിക്കുകയാണെന്ന് വ്യാപാരികൾ ആരോപിക്കുന്നു. രണ്ട് തരം വാടകയും, അന്യായമായ ഡെപ്പോസിറ്റും നൽകിവരുന്ന കച്ചവടക്കാർക്ക് യാതൊരു വിധ സൗകര്യങ്ങളും അധികൃതർ ചെയ്യുന്നില്ല. ലോക് ഡൗൺ കാലത്ത് വാടക കുറച്ചില്ല. വ്യാപാരികൾ 'കണ്ണ് തുറക്കൂ പരിഗണിക്കൂ' പേരിൽ പ്രക്ഷോഭം സംഘടിപ്പിച്ചു.
സമരസമിതി കൺവീനർ ഗഫൂർ ലജൻറ് ഉദ്ഘാടനം ചെയ്തു. ഇനിയും ഈ അനാസ്‌ഥ തുടർന്നാൽ നഗരസഭ ഓഫിസിന് മുന്നിലും സമരം നടത്താനാണ് തീരുമാനമെന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.