ദേശീയപാതയിൽ രാത്രി മാലിന്യം തള്ളൽ; പിടികൂടാൻ പഞ്ചായത്ത് അംഗങ്ങളും
text_fieldsആലുവ: ചൂർണിക്കര പഞ്ചായത്ത് പരിധിയിലെ ദേശീയപാത പുളിഞ്ചോട് മുതൽ മുട്ടം വരെയുള്ള ഭാഗത്ത് മാലിന്യം തള്ളുന്നവരെ പിടികൂടാൻ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ രാത്രി സ്ക്വാഡ് പ്രവർത്തനം ആരംഭിച്ചു. ദേശീയപാതയിൽ കഴിഞ്ഞ ഒരുവർഷമായി മാലിന്യം തള്ളിയത് നീക്കാതെ കിടക്കുകയായിരുന്നു. പുതിയ ഭരണസമിതി അധികാരമേറ്റ് മൂന്നാഴ്ച ഇവ നീക്കിയിരുന്നു.
എന്നാൽ, വീണ്ടും മാലിന്യം തള്ളാൻ തുടങ്ങിയതോടെയാണ് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ രാത്രി സ്ക്വാഡ് രംഗത്തിറങ്ങിയത്. ദേശീയപാതയിലും കട്ടേപ്പാടത്തും എട്ട് കാമറ 24 ലക്ഷം രൂപ െചലവിൽ സ്ഥാപിക്കാനുള്ള നടപടി പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്. മാലിന്യം നീക്കിയ ശേഷം പുളിഞ്ചോട്, കമ്പനിപ്പടി, മുട്ടം എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം കക്കൂസ് മാലിന്യം തള്ളിയിരുന്നു. ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യവും കവറിലാക്കി കൊണ്ടുവന്നും ഇട്ടുതുടങ്ങി.
പുറമെനിന്നുള്ള വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ഫ്ലാറ്റുകൾ എന്നിവിടങ്ങളിൽനിന്നാണ് കൂടുതലും മാലിന്യം തള്ളുന്നത്. കക്കൂസ് മാലിന്യം പുലർച്ചയാണ് തള്ളുന്നത്. കഴിഞ്ഞ ദിവസം കക്കൂസ് മാലിന്യം തള്ളിയ സ്ഥലത്ത് പഞ്ചായത്ത് ബ്ലീച്ചിങ് പൗഡർ വിതറിയിരുന്നു.
വൈസ് പ്രസിഡൻറ് ബാബു പുത്തനങ്ങാടി, സ്ഥിരം സമിതി അധ്യക്ഷരായ കെ.എസ്. മുഹമ്മദ് ഷെഫീഖ്, റൂബി ജിജി, അംഗം രാജേഷ് പുത്തനങ്ങാടി എന്നിവരുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരായ മനു മൈക്കിൾ, ജയദേവൻ, ഫെലിക്ക്സ്, ജിജി ജോർജ് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് സ്ക്വാഡ് പ്രവർത്തിക്കുന്നത്.
രാത്രി 11 മുതൽ പുലർച്ചെ വരെയാണ് കാമറ സ്ഥാപിക്കുന്നത് വരെ നിരീക്ഷണം. ആരെങ്കിലും മാലിന്യം തള്ളുന്നത് കണ്ടാൽ തടയണമെന്നും അധികാരികളെ വിവരം അറിയിക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.