വായ്പയുടെ മറവിൽ ഒാൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി റൂറൽ ജില്ല പൊലീസ്
text_fieldsആലുവ: ആധാർ കാർഡും പാൻ കാർഡും രണ്ടു ഫോട്ടോയുമുണ്ടോ, 20 ലക്ഷം രൂപവരെ ഒാൺലൈൻ വഴി വായ്പ കിട്ടും...ഇങ്ങനെ ഒരു മെസേജ് വന്നാൽ ഒരുവട്ടം കൂടി ആലോചിക്കുക... പെട്ടുപോയാൽ കൈയിലുള്ളതും കൂടി അവർ കൊണ്ടുപോകും. ഓർമിപ്പിക്കുന്നത് എറണാകുളം റൂറൽ ജില്ല പൊലീസ്.
കോവിഡ് കാലത്ത് ഓൺലൈൻ സമ്മാന പദ്ധതികളെപ്പോലെ വ്യാപകമായി പ്രചരിക്കുന്ന മറ്റൊരു തട്ടിപ്പാണിത്. ഇത്തരം സംഘങ്ങളുമായി വാട്സ്ആപ്പിലൂടെയോ മെയിൽ വഴിയോ ബന്ധപ്പെട്ടാൽ വായ്പ ലഭിക്കാൻ യോഗ്യനാണോ എന്നറിയാൻ ഫോട്ടോയും തിരിച്ചൽ കാർഡും രണ്ട് ഫോട്ടോയുമാണ് ആവശ്യപ്പെടുക. അയച്ചുകഴിഞ്ഞാൽ താമസിയാതെ ലോണിന് നിങ്ങൾ അർഹരാണെന്നും പ്രോസസിങ് ഫീസായി ഒരു തുക അടക്കണമെന്നും ആവശ്യപ്പെട്ട് ഉടൻ മെസേജ് വരും. പണം അടച്ചുകഴിഞ്ഞാൽ ലോൺ അപ്രൂവായി എന്ന അഭിനന്ദനസന്ദേശവും എത്തും. പിന്നീട് ലോൺ ലഭിക്കുന്നതിന് ഓരോ കാരണം പറഞ്ഞ് ഘട്ടം ഘട്ടമായി വലിയൊരു തുക കൈക്കലാക്കുകയാണ് ഇവരുടെ രീതി.
അടക്കുന്ന തുകയെല്ലാം തിരിച്ച് ലഭിക്കുമെന്ന് സംഘം ഉറപ്പുനൽകുകയും ചെയ്യും. ഇങ്ങനെ ലക്ഷങ്ങൾ പോയവർ നിരവധിയാണ്. ജില്ലയിൽ 50,000 രൂപയുടെ ലോൺ ലഭിക്കുന്നതിന് ഒരു ലക്ഷത്തോളം രൂപ അടച്ചയാളുമുണ്ട്. പ്രമുഖ ലോൺ ദാതാക്കളുടെ പേരിൽ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി പണം തട്ടുന്നവരും നിരവധിയാണ്. ഇതര സംസ്ഥാനങ്ങളിലാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്. കൃത്യമായ വിലാസമോ, ഓഫിസോ അനുബന്ധ വിവരങ്ങളോ ഇല്ലാത്തതുകൊണ്ട് ഇവരെ കണ്ടെത്താനോ ഇവരിലേക്ക് എത്താനോ എളുപ്പമല്ല.
ഒരു പരിചയവും ഇല്ലാത്ത ഒരു സംഘം ഒരു രേഖയുമില്ലാതെ ലോൺ തരാമെന്നു പറഞ്ഞ് വരുമ്പോൾ അവരുടെ ചതിയിൽപെട്ട് പണം കളയരുതെന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.