കീഴ്മാടും എടത്തലയിലും പട്ടികജാതി വനിതകൾക്കായി തിരച്ചിൽ
text_fieldsആലുവ: കീഴ്മാട്, എടത്തല ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡൻറ് സ്ഥാനം പട്ടികജാതി വനിത സംവരണമായതോടെ കുപ്പായം തുന്നിയവർ നിരാശയിൽ. ഇതോടെ ഭൂരിപക്ഷം നേടി തങ്ങളുടെ നിയന്ത്രണത്തിൽ ഭരണം നടത്താനുള്ള ഓട്ടത്തിലാണ് നേതാക്കൾ. ഇതിെൻറ ഭാഗമായി ചൊൽപടിക്ക് നിൽക്കുന്ന പട്ടികജാതി വനിതകൾക്കായി തിരച്ചിൽ ആരംഭിച്ചു.
നിലവിൽ വനിതസംവരണമായ എടത്തലയിൽ പ്രസിഡൻറ് സ്ഥാനം പൊതുവിഭാഗത്തിനായിരിക്കുമെന്ന ധാരണയിലാണ് പാർട്ടികളും നേതാക്കളും നേരേത്ത പ്രവർത്തനങ്ങൾ തുടങ്ങിയത്. അതിനാൽതന്നെ ഇരു മുന്നണിയിലും ഒന്നിലധികം പ്രസിഡൻറ് സ്ഥാനമോഹികൾ തങ്ങൾക്ക് അനുകൂല വാർഡുകളിൽ സീറ്റ് ഉറപ്പിച്ചതാണ്.
കീഴ്മാട് നിലവിൽ പൊതുവിഭാഗമായതിനാൽ അടുത്ത തവണ പൊതുസ്ത്രീ വിഭാഗമായിരിക്കുമെന്നാണ് കരുതിയിരുന്നത്. ഇത് മുന്നിൽക്കണ്ട് തങ്ങൾക്ക് വേണ്ടപ്പെട്ട ചില വനിതകളെ നേതാക്കൾ അണിയറയിൽ ഒരുക്കിനിർത്തിയിരുന്നു. എന്നാൽ, ആ പദ്ധതിയും വെള്ളത്തിലായി. ചൂർണിക്കര പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം വനിതകൾക്ക് സംവരണം ചെയ്തിട്ടുണ്ട്.
ആലുവ നഗരസഭ അധ്യക്ഷസ്ഥാനം ജനറൽ വിഭാഗത്തിനാണ്. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷസ്ഥാനവും ജനറൽ വിഭാഗത്തിനാണ്. കാലങ്ങളായി യു.ഡി.എഫിന് മേൽകൈയുള്ള ബ്ലോക്കാണ് വാഴക്കുളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.