പ്രളയ രക്ഷാ ദൗത്യത്തിന് ചങ്ങാടം നിർമിച്ച് വാട്സ്ആപ് ഗ്രൂപ്
text_fieldsആലുവ: പ്രളയ രക്ഷാപ്രവർത്തനത്തിന് ചങ്ങാടം നിർമിച്ച് മുൻകരുതലെടുക്കുകയാണ് ബി.എൻ.കെ എന്ന ചുരുക്ക നാമത്തിൽ അറിയപ്പെടുന്ന േബ്രകിങ് ന്യൂസ് കുട്ടമശ്ശേരി എന്ന വാട്സ്ആപ് കൂട്ടായ്മ. വർഷങ്ങളായി തുടർച്ചയായുള്ള പ്രളയ ഭീതിയാണ് ഇത്തരമൊരു ചങ്ങാടം നിർമിക്കാൻ ഗ്രൂപ്പ് അംഗങ്ങളെ പ്രേരിപ്പിച്ചത്.
2018ലെ പ്രളയത്തിന് ബോട്ടോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തതിനാൽ ബിരിയാണി ചെമ്പിലും മറ്റും ഇരുത്തിയാണ് ആളുകളെ മാറ്റിയിരുന്നത്. കുട്ടമശ്ശേരിയിലെ റേഷൻ കടയിൽനിന്നും അരിയും മറ്റു സാധനങ്ങളും ദുരിതാശ്വാസ ക്യാമ്പിൽ എത്തിക്കുന്നതിനും ഏറെ ബുദ്ധിയിട്ടിരുന്നു. ഇൗ സാഹചര്യത്തിലാണ് ചങ്ങാടം നിർമിക്കാൻ ഗ്രൂപ്പ് മുന്നിട്ടിറങ്ങിയത്.
അംഗങ്ങളിൽനിന്ന് സ്വരൂപിച്ച കാൽ ലക്ഷം മുടക്കി നിർമിച്ച ചങ്ങാടത്തിൽ 12 പേർക്ക് ഇരിക്കാം. ഗ്രൂപ്പംഗം ആലുവ സാബു എഞ്ചിനീയറിങ്ങ് വർക്സിലെ തോമസാണ് രൂപകൽപനയും നിർമാണവും. സൗജന്യമായാണ് നിർമ്മാണ ജോലികൾ ചെയ്തത്.
ചങ്ങാടം കഴിഞ്ഞ ദിവസം വെള്ളത്തിൽ ഇറക്കി. വെള്ളം കയറി മുങ്ങിയ തുമ്പിച്ചാൽ വട്ടച്ചാൽ പാടത്താണ് ചങ്ങാടം ഇറക്കിയത്. പരീക്ഷണം വിജയകരമായിരുന്നെന്ന് ഗ്രൂപ് അഡ്മിൻ ഷിഹാബ് മിയ്യത്ത് പറഞ്ഞു.
ദുരിതാശ്വാസ പ്രവർത്തനത്തിനായി ചങ്ങാടം ഇറക്കുന്നതിന് എഞ്ചിൻ, ലൈഫ് ജാക്കറ്റ്, രക്ഷാദൗത്യത്തിനുള്ള മറ്റ് സാധനങ്ങൾ എന്നിവ കൂടി ആവശ്യമാണെന്നും ഇതിനായി സുമനസ്സുകളുടെ സഹായം ആവശ്യമാണെന്നും മറ്റൊരു അഡ്മിനായ ജബ്ബാർ മങ്ങാട്ടുകര പറഞ്ഞു.
കഴിഞ്ഞ വർഷം പ്രളയം ബാധിച്ച മലബാർ മേഖലയിലേക്ക് ചൊവ്വര ചാരിറ്റിബിൾ സൊസൈറ്റിയുമായി സഹകരിച്ച് ഇവർ സാധനങ്ങൾ എത്തിച്ചിരുന്നു. അർബുദ രോഗികൾ ഉൾപ്പടെയുള്ളവർക്കും ഇവർ കൈത്താങ്ങേകുന്നുണ്ട്.
കീഴ്മാട് പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറഎ അടക്കമുള്ളവർ അംഗങ്ങളായ ഈ ഗ്രൂപ് നാട്ടിലെ ഏത് പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിലും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.