റെയിൽവേയുടെ സാധനങ്ങൾ മോഷ്ടിച്ച അഞ്ചുപേർ അറസ്റ്റിൽ
text_fieldsകൊച്ചി: റെയില്‍വേയുടെ രണ്ടു ലക്ഷം രൂപ വരുന്ന വസ്തുക്കള്‍ മോഷ്ടിച്ച കേസില്‍ അഞ്ചു പേര് ആര്.പി.എഫ് പിടിയില്‍. റെയില്‍വേ ട്രാക്കുകള്‍ ഉറപ്പിക്കാനുള്ള സി.എസ്.ടി-9 പ്ലേറ്റുകള്‍ മോഷ്ടിച്ച് വില്പന നടത്തിയ കേസിലാണ് തമ്മനം റെയില്‍വേ കോളനിയിൽ റസാഖ് (48), പറവൂര്‍ സ്വദേശി ധനേഷ് (46), തമ്മനം കൂത്താപ്പാടി കെ.കെ. നാസര്‍ (48), തമ്മനം സ്വദേശി ടി.കെ. സലാം (33), തമ്മനം സ്വദേശി ജമാല്‍ (42) എന്നിവരെ ആര്.പി.എഫ് പ്രത്യേക സ്ക്വാഡ് അറസ്റ്റ് ചെയ്തത്. കതൃക്കടവ് റെയില്‍വേ യാര്‍ഡിലെ സി.എസ്.ടി-9 പ്ലേറ്റുകളാണ് മോഷ്ടിച്ചത്.
റസാഖ്, ധനേഷ്, നാസര്‍, സലാം എന്നിവര്‍ മോഷ്ടിച്ച സി.എസ്.ടി-9 പ്ലേറ്റുകള്‍ അഞ്ചാം പ്രതി ജമാല്‍ കളമശ്ശേരി പാലയ്ക്കാമുഗള് മസ്ജിദിനു സമീപം നടത്തിയിരുന്ന ആക്രിക്കടയിലാണ് വിറ്റിരുന്നത്.
മോഷണമുതൽ കടത്താൻ ഉപയോഗിച്ച ഗുഡ്സ് വാഹനവും ആക്രിക്കടയിൽനിന്ന് മറ്റു പ്രതികൾക്ക് നൽകിയ 1.98 ലക്ഷം രൂപയും പിടിച്ചെടുത്തു. ആക്രിക്കട നടത്തിയിരുന്ന മറ്റൊരു പ്രതി തമ്മനം സ്വദേശി ഹസ്സനാര് (40) ഒളിവിലാണ്. ഇയാള്‍ 2019ല്‍ റെയില്‍വേ സിഗ്നലിങ് കേബിളുകള്‍ മോഷ്ടിച്ച കേസിലെ പ്രതിയാണ്.
ഈ കേസില്‍ ജാമ്യത്തിലിരിക്കെയാണ് വീണ്ടും മോഷണത്തിന് നേതൃത്വം നല്‍കിയത്.
ആര്.പി.എഫ് അസി. കമീഷണര്‍ ടി.എസ്. ഗോപകുമാര്‍, ഇന്‍സ്പെക്ടര്‍മാരായ വിനോദ് ജി. നായര്‍, എ.കെ. പ്രിന്‍സ്, സബ് ഇന്‍സ്പെക്ടര്‍മാരായ എ.വി. അജയഘോഷ്, എ.എസ്.ഐ കെ.ബി. ഷാജി, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ഫിലിപ്പ് ജോണ്‍, വി.എ. ജോര്‍ജ്, സുരേന്ദ്രന് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.