ഹാർബറുകൾ അടച്ചിട്ടും കൊച്ചിയിൽ മത്സ്യം സുലഭം
text_fieldsമട്ടാഞ്ചേരി: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ജില്ലയിലെ ഹാർബറുകളും ഫിഷ് ലാൻറിംഗ് സെൻററുകളും അടക്കുകയും തീരദേശ മേഖലയിൽ മത്സ്യബന്ധനം താൽക്കാലികമായി നിരോധിച്ചിട്ടും കൊച്ചിയിൽ മത്സ്യത്തിന് ക്ഷാമമില്ല. കൊച്ചിയിലെ വഴിയോര തട്ടുകളിലെല്ലാം മത്സ്യം സുലഭമാണ്.
ഫോർട്ട്കൊച്ചിയിൽ കല്ലുപുറത്ത് മാത്രമാണ് അൽപമെങ്കിലും മത്സ്യം വരുന്നത്. ഇത് വാങ്ങാനാകട്ടെ വലിയ തിരക്കുമാണ്. ഇവിടെ നിന്നുള്ള മത്സ്യം കൊണ്ട് മാത്രം കൊച്ചിയിലെ മുഴുവൻ തട്ടുകളിലും മീൻ ലഭിക്കില്ല. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യം ഇതര ജില്ലകളിൽ എത്തിക്കുകയും അവിടെ നിന്ന് ഇൻസുലേറ്റഡ് വാഹനങ്ങളിൽ കൊച്ചിയിലെത്തുന്നതാണ് ഇത്തരത്തിൽ മത്സ്യം സുലഭമായി ലഭിക്കാൻ കാരണമെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ഇത്തരത്തിൽ എത്തിയ വാഹനം മട്ടാഞ്ചേരി പൊലീസ് പിടികൂടിയിരുന്നു. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി രജിസ്ട്രേഷനുള്ള ഇൻസുലേറ്റർ വാഹനമാണ് പിടിച്ചത്. വാഹനത്തിലെ മത്സ്യം മോശമായതല്ലാത്തത് കൊണ്ട് പകർച്ച വ്യാധിയുമായി ബന്ധപ്പെട്ട പുതിയ നിയമ പ്രകാരം കേസെടുക്കുക മാത്രമാണുണ്ടായതെന്ന് പൊലീസ് പറഞ്ഞു. കരിപ്പാലത്തും നാട്ടുകാർ മത്സ്യവുമായി എത്തിയ വണ്ടി കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. ഇത് കർശനമായി തടയാൻ നടപടി സ്വീകരിക്കണമെന്ന് ജനകീയ സമിതി കൺവീനർ എ.ജലാൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.