കനാലിന് തുല്യമായി റോഡ്; കൊച്ചിൻബാങ്ക്-മെഡിക്കൽ കോളജ് റോഡിൽ ദുരിത യാത്ര
text_fieldsഎടത്തല: കൊച്ചിൻബാങ്ക്-മെഡിക്കൽ കോളജ് റോഡിൽ യാത്ര ദുരിതം തുടരുന്നു. ഒരു വർഷത്തിലധികമായി റോഡ് തകർന്നുകിടക്കുകയാണ്. കനാലിന് തുല്യമായ റോഡിൽ സഞ്ചരിക്കാൻ വഞ്ചിയിറക്കേണ്ട അവസ്ഥയാണ്. ജില്ലയിലെ തന്നെ പ്രധാനപ്പെട്ട പൊതുമരാമത്ത് റോഡാണിത്.
മഴ തുടങ്ങിയതോടെ റോഡിലെ കുഴികളിലും കിടങ്ങുകളിലും വെള്ളം നിറഞ്ഞ അവസ്ഥയാണ്. ജൽ ജീവൻ പദ്ധതിയുടെ പണികളാണ് റോഡിന് പാരയായത്. ജല അതോറിറ്റി ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും അനാസ്ഥയാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്.
ഇതുവരെ പണി പൂർത്തിയാക്കി റോഡ് കൈമാറാത്തതിനാൽ പൊതുമരാമത്ത് വകുപ്പിന് പണികൾ ചെയ്യാനാകുന്നില്ല. പൈപ്പിട്ട ഭാഗങ്ങളിൽ മെറ്റലിട്ട് നികത്തുകയെന്ന പണി കരാറുകാർ ചെയ്യാത്തതിനാൽ ഈ ഭാഗങ്ങളെല്ലാം താഴ്ന്നു. മഴ തുടങ്ങിയതോടെ റോഡിൽ വെള്ളക്കെട്ട് പതിവാണ്. ഇതുമൂലം ഇരുചക്ര വാഹനയാത്രക്കാർക്കോ കാൽനടയാത്രക്കാർക്കോ സഞ്ചരിക്കാൻ പറ്റുന്നില്ല.
റോഡ് സൈഡിൽ വലിയ വാഹനങ്ങൾ താഴുന്നതും പതിവാണ്. പൈപ്പിടാൻ കുഴിയെടുത്ത മണ്ണ് കാനകളിൽ വീണിരുന്നു. ഇത് നീക്കാത്തതിനാൽ കാനകളിലൂടെ വെള്ളം ഒഴുകുന്നില്ല. കൊടികുത്തുമല ജങ്ഷൻ മുതൽ അടിവാരം ബസ് സ്റ്റോപ്പ് വരെ റോഡിന്റെ ഒരു ഭാഗം പൂർണമായും കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ പൊളിച്ചിരുന്നു. കുത്തനെ കയറ്റവും ഇറക്കവും കൊടും വളവുകളുമുള്ള ഇടുങ്ങിയ റോഡിൽ സാധാരണ നിലയിൽ തന്നെ വാഹനങ്ങൾക്ക് ദുരിതയാത്രയാണ്.
ഇതിനിടെയാണ് റോഡിന് ഒരു വശം പൂർണമായും പൊളിച്ചത്. കുടിവെള്ളപൈപ്പ് സ്ഥാപിച്ച ശേഷം പൊളിച്ച ഭാഗം മണ്ണിട്ടു മൂടിയെങ്കിലും ടാർ ചെയ്തില്ല. ഇതു മൂലം മഴപെയ്തതോടെ ഈ ഭാഗത്ത് വെള്ളം കുത്തിയൊലിച്ച് മണ്ണ് താഴ്ന്ന നിലയിലാണ്.
ഇടുങ്ങിയ റോഡരികിൽ കുടിവെള്ളപൈപ്പ് ഇട്ടത് കാട് മൂടിയ അവസ്ഥയിലായതോടെ അപകടം പതിവാവുകയാണ്. ആലുവയിൽ നിന്ന് പെരുമ്പാവൂർ, കോതമംഗലം, ഇടുക്കി ജില്ല ഉൾപ്പെടെ കിഴക്കൻ മേഖലയിൽ നിന്നും ആംബുലൻസുകൾ എറണാകുളം ഗവ. മെഡിക്കൽ കോളജിലെത്താൻ ആശ്രയിക്കുന്ന റോഡാണ് മാസങ്ങളായി അപകടാവസ്ഥയിലായത്. നിയമ സർവകലാശാലയായ നുവാൽസ്, അൽ അമീൻ കോളജ് തുടങ്ങിയ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തുന്നവരും ആശ്രയിക്കുന്നത് ഈ റോഡാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.