ദേശീയപാതയിലെ സിഗ്നൽ സംവിധാനം പരിഷ്കരിച്ചു
text_fieldsഅത്താണി: ദേശീയപാത അത്താണിയിലെയും അസീസി കവലയിലെയും സിഗ്നൽ സംവിധാനം പരിഷ്കരിച്ചു. വാഹനങ്ങൾക്ക് രണ്ട് സിഗ്നലുകളിൽ സമയം നഷ്ടപ്പെടുന്നത് ഇതോടെ ഒഴിവായി. അങ്കമാലി-അത്താണി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെ ഇടപെടലാണ് പരിഷ്കാരത്തിന് തുണയായത്. ദേശീയപാത അത്താണിയിലും എയർപോർട്ട് കവാടമായ അസീസ് കവലയിലും രണ്ടുമാസം മുമ്പ് കാലപ്പഴക്കം ചെന്ന സിഗ്നലുകൾ മാറ്റി സ്ഥാപിച്ചതോടെയാണ് രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ, സ്വകാര്യ ബസുകൾ, ചരക്കു വാഹനങ്ങൾ തുടങ്ങി എയർപോർട്ടിൽ വന്ന് പോകുന്ന വാഹനങ്ങൾ വരെ രൂക്ഷമായ ഗതാഗതക്കുരുക്കിൽ വലയുകയായിരുന്നു. വ്യാപക പ്രതിഷേധം ഉയർന്നെങ്കിലും നടപടിയുണ്ടായില്ല. ശനിയാഴ്ചയാണ് സിഗ്നൽ പരിഷ്കരിച്ചത്. നേരത്തെ അങ്കമാലി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് അത്താണി സിഗ്നലിൽ നേരെയും വലത്തോട്ടും ഒരുമിച്ച് പോകുന്ന രീതിയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. എന്നാൽ സിഗ്നൽ മാറ്റി സ്ഥാപിച്ചതോടെ രണ്ട് വശത്തേക്കും ഒരേ സമയം സഞ്ചരിക്കാനുള്ള സൗകര്യം നഷ്ടമായി. പല ഡ്രൈവർമാരിലും ഇത് ആശയക്കുഴപ്പമുണ്ടാക്കുകയും അപകടങ്ങൾക്കിടയാക്കുകയും ചെയ്തിരുന്നു. വാഹനങ്ങളുടെ നിര എം.എ.എച്ച്.എസ് സ്കൂൾ വരെ നീളുകയും ചെയ്തു. ഇത് മേയ്ക്കാട് റോഡിൽനിന്ന് ദേശീയപാതയിലേക്കും യു.ടേൺ തിരിയുന്നതിനും സാധിക്കാതെ വന്നു.
പരിഹാര നടപടി സ്വീകരിച്ചതോടെ ഇപ്പോൾ പഴയ പോലെ അത്താണിയിലെയും എയർപോർട്ട് കവലയിലെയും നാല് സിഗ്നലുകളും ഇനി മുതൽ ഏകോപിച്ചായിരിക്കും പ്രവർത്തിക്കുക. അതിനാൽ വാഹനങ്ങൾക്ക് കൂടുതൽ സമയം കാത്തുകിടക്കുന്നത് ഒഴിവാക്കാനാകും.
മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളായ എ.പി. ജിബി, ബി.ഒ.ഡേവിസ്, ടി.എസ്. സിജുകുമാർ എന്നിവരുടെ നേതൃത്വത്തിൽ ദേശീയപാത അധികൃതർ, സർക്കിൾ ഇൻസ്പെക്ടർ സോണി മത്തായി, നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് തുടങ്ങിയവരെ നേരിട്ടും കത്ത് നൽകിയും യാത്രക്കുരുക്കും ദുരിതം ബോധ്യപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് സിഗ്നലുകളുടെയും പ്രവർത്തനങ്ങളിൽ ശനിയാഴ്ച രാത്രി മുതൽ മാറ്റം വരുത്തി അപാകത പരിഹരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.