തോട്ടറ പുഞ്ച; ഇത് പ്രകൃതി കനിഞ്ഞ മനോഹാരിത
text_fieldsകാഞ്ഞിരമറ്റം: പുലര്‍വേളകളിലെ നനുത്ത മഞ്ഞുപൊഴിയുന്ന പാടവരമ്പുകളും സൂര്യോദയവും സിനിമ ഗാനങ്ങളില്‍ കേട്ടിട്ടുള്ള പ്രകൃതിയുടെ വര്‍ണനകളും നേരില്‍കാണാനും കാമറയില്‍ പകര്‍ത്താനും കൂടുതല്‍ ദുരമൊന്നും പോകേണ്ട. എറണാകുളം നഗരത്തിൽനിന്ന് 30 കിലോമീറ്റര്‍ മാറി കാഞ്ഞിരമറ്റം, ഒലിപ്പുറം റൂട്ടിലൂടെ സഞ്ചരിച്ചാല്‍ മതി. പുലര്‍വേളകളില്‍ മഞ്ഞുപൊഴിയുന്ന കാഴ്ചകളും ഇരുവശവും പച്ചപ്പണിഞ്ഞുനില്‍ക്കുന്ന പാടത്തിന് നടുവിലൂടെയുള്ള യാത്രയും പാടവരമ്പുകളില്‍ ഇടക്കിടക്കായി ചീരയും പയറും കപ്പയുമൊക്കെ കൃഷിചെയ്തിരിക്കുന്നതും ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണത്തിനുതകുന്ന കാഴ്ചകളാണ് സമ്മാനിക്കുക.
കൊച്ചിയുടെ നെല്ലറ എന്നറിയപ്പെടുന്ന തോട്ടറ പുഞ്ചയിലെ കാഴ്ചകളാണിത്. ജില്ലയിലെ ആമ്പല്ലൂര്‍, എടയ്ക്കാട്ടുവയല്‍ പഞ്ചായത്തുകളിലും കോട്ടയം ജില്ലയിലെ വെള്ളൂര്‍ പഞ്ചായത്തിലുമായി 1400ഓളം ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നതാണ് തോട്ടറ പുഞ്ച എന്ന ഒരുപ്പൂനിലം. നൂറുമേനി വിളവ് തരുന്ന ഈ പുഞ്ചപ്പാടം ഒറ്റകൃഷികൊണ്ട് നൂറുകണക്കിന് കര്‍ഷക കുടുംബങ്ങളുടെയും കര്‍ഷകത്തൊഴിലാളികളുടെ കുടുംബങ്ങളുടെയും ആശ്രയമായിരുന്നു. എന്നാല്‍, നശിച്ചുകൊണ്ടിരിക്കുന്ന തോട്ടറ പുഞ്ചയില്‍ അവശേഷിക്കുന്നത് പ്രകൃതി കനിഞ്ഞുനല്കിയ കാഴ്ചകളാണ്.
മമ്മൂട്ടി അഭിനയിച്ച ബെസ്റ്റ് ആക്ടര്‍ എന്ന സിനിമയിലെ ‘സ്വപ്നം ഒരു ചാക്ക്’ ഗാനം ഈ തോട്ടറപുഞ്ചക്ക് സമീപത്താണ് ഷൂട്ട് ചെയ്തത്. പ്രകൃതിയുടെ മനോഹാരിത അത്ര മനോഹരമായി സിനിമയില്‍ അവതരിപ്പിച്ചതോടെ ഈ പ്രദേശം വീണ്ടും ശ്രദ്ധയാകര്‍ഷിച്ചു. വൈകുന്നേരങ്ങളിലെ ഇടവേളകളില്‍ സൂര്യാസ്തമയ നിമിഷങ്ങളിലെ ചുവപ്പണിഞ്ഞു നില്ക്കുന്ന സൂര്യനെ കാമറയില്‍ പകര്‍ത്താന്‍ നിരവധിയാളുകളാണ് എത്തുന്നത്. സമീപത്തെ റെയില്‍പാളത്തിലൂടെ കടന്നുപോകുന്ന ട്രെയിനും പശുക്കളെ മേയ്ക്കുന്ന കാഴ്ചകളും വേറിട്ടതാണ്.
പുലര്‍വേളകളില്‍ പശുവിന് പുല്ല് ചെത്താന്‍ വരുന്നവരും താറാവിന്‍കൂട്ടങ്ങളെ മേയ്ക്കുന്ന കാഴ്ചകളും നാട്ടിന്‍പുറത്തിന്റെ മനോഹാരിത വിളിച്ചോതുന്നതാണ്. കാലംതെറ്റി വരുന്ന മഴയില്‍ പുഞ്ചയിലെ കൃഷി നശിക്കുന്നത് പതിവായതോടെ പലരും കൃഷി ഉപേക്ഷിച്ചു. സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ കൊച്ചിയുടെ നെല്ലറയിലൂടെ കൃഷി ഉല്പാദനം വര്‍ധിപ്പിക്കുകയും ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തുകയും ചെയ്താല്‍ ലോകഭൂപടത്തില്തന്നെ ഇടംപിടിക്കാന്‍ സാധ്യതയുള്ള ഇടമാണ് ഇവിടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.