2004 ഡിസംബർ 26; വാഗ്ദാന ലംഘനത്തിന്റെ രണ്ടുപതിറ്റാണ്ട്
text_fieldsഎടവനക്കാട്: ഓരോ ക്രിസ്മസ് കാലവും എടവനക്കാട് തീരത്തിന് കണ്ണീർ ഓർമയാണ്. 20 വർഷം മുമ്പുയർന്ന നിലവിളി ഇന്നും അവരുടെ ഉറക്കം കെടുത്തുന്നു. രണ്ട് പിഞ്ചുകുട്ടികളടക്കം അഞ്ചുപേരുടെ ജീവനാണ് സുനാമി തിരമാലകൾ എടവനക്കാട് നിന്നും കവർന്നെടുത്തത്. ഒരു മനുഷ്യായുസ്സ് കൊണ്ട് സ്വരുക്കൂട്ടിയ സമ്പാദ്യവും വീടും ഉറ്റവരും ഉടയവരും നിമിഷ നേരം കൊണ്ട് ഇല്ലാതാകുന്നത് കണ്ട് പകച്ചുനിന്ന ജനത. കടലെടുത്ത ജീവനുകൾ ഒഴികെ ബാക്കിയെല്ലാം തിരികെ പിടിക്കാമെന്ന് പ്രതീക്ഷിച്ചവർക്ക് പക്ഷേ നിരാശയായിരുന്നു ഫലം. വര്‍ഷങ്ങള്‍ പിന്നിട്ട് സുനാമി പുനരധിവാസ പദ്ധതിയില്‍ വീടുകള്‍ പുനര്‍ നിർമിച്ചെങ്കിലും പ്രഖ്യാപിക്കപ്പെട്ട പല പദ്ധതികളും പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. ഫണ്ടുകള്‍ എറെ ലഭ്യമായിട്ടും ശാസ്ത്രീയമായ കടല്‍ ഭിത്തി നിര്‍മാണമോ തീരദേശ റോഡ് നിർമാണമോ എങ്ങുമെത്തിയില്ല. സുനാമിക്ക് ശേഷം നാമാവശേഷമാകുകയും മണല്‍ കയറി സഞ്ചാര യോഗ്യമല്ലാതാകുകയും ചെയ്ത തീരദേശ റോഡ് പുനര്‍ നിർമിക്കുന്ന കാര്യത്തില്‍ ഇന്നും അവഗണന തുടരുകയാണ്. സുനാമി ദുരന്തത്തില്‍ അഞ്ചുപേരുടെ ജീവന് നഷ്ടപ്പെട്ട സ്ഥലമാണ് എടവനക്കാട് അണിയില്‍ കടപ്പുറം. പുനരധിവാസ പ്രത്യേക പാക്കേജായി എടവനക്കാടിന് 12.5 കോടി രുപയാണ് ലഭിച്ചത്. എന്നിട്ടും തീരദേശറോഡ് പൂര്‍വ സ്ഥിതിയിലാക്കാനോ കടല്‍ ഭിത്തി നിര്‍മാണം പൂര്‍ത്തീകരിക്കാനോ അധികൃതര്‍ തയ്യാറായില്ല.
സൂനാമിക്ക് ശേഷം തുടർച്ചയായി കടൽ കയറുന്ന പ്രദേശമായി എടവനക്കാട് തീരം മാറി. താൽക്കാലിക സംവിധാനങ്ങൾ അല്ലാതെ കടൽക്ഷോഭത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്താൻ ഇപ്പോഴും അധികൃതർക്കായിട്ടില്ല. നിരന്തരമായ സമരവുമായി ഇന്നും അവർ രംഗത്തുണ്ട് ചാത്തങ്ങാട് മുതല്‍ അണിയില്‍ കടപ്പുറം വരെ രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഇപ്പോഴും റോഡ് മണല്‍മൂടി കിടക്കുകയാണ്. പലയിടത്തും കടല്‍ കയറി റോഡ് ഇല്ലാത്ത അവസ്ഥ. വാഹനങ്ങള്‍ പലതും ഇവിടേക്ക് സര്‍വിസ് നടത്താന്‍ തയ്യാറല്ല. രോഗികളെ അടിയന്തര ഘട്ടങ്ങളില്‍ ഏറെ ദൂരം തോളില്‍ ചുമന്നാണ് ആശുപത്രിയില്‍ എത്തിക്കുന്നത്. സുനാമി പുനരധിവാസ പദ്ധതിയിൽ നിർമിക്കപ്പെട്ട ഫ്ലാറ്റുകളുടെ ശോചനീയാവസ്ഥ ഇരകളെ വാടക വീടുകൾ തേടാൻ നിർബന്ധിതരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.