ചാത്തങ്ങാട് പാലത്തിന്റെ സ്ലാബ് തകർന്നു; അപകട ഭീഷണിയിൽ വാഹന യാത്ര
text_fieldsഎടവനക്കാട്: ടാറിങ് സംബന്ധിച്ച് ഇരു വകുപ്പുകൾ തമ്മിൽ തർക്കം നിലനിൽക്കുന്നതിനിടയിൽ എടവനക്കാട് ചാത്തങ്ങാട് പാലത്തിന്റെ മേൽ ഭാഗത്തെ സ്ലാബ് പൊട്ടിപ്പൊളിഞ്ഞ് ഇരുചക്ര വാഹനങ്ങൾക്ക് ഭീഷണിയായി മാറി. ടാറിങ്ങിനെ ചൊല്ലി പൊതുമരാമത്ത് റോഡ് വിഭാഗവും പാലം വിഭാഗവും തമ്മിലാണ് തർക്കം നിലനിൽക്കുന്നത്.
സ്ലാബ് പൊട്ടിപ്പൊളിഞ്ഞത് പാലത്തിന്റെ ബലക്ഷയത്തിനും കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വൈപ്പിൻ സംസ്ഥാനപാതയിൽ പുനർനിർമിച്ച എട്ട് പാലങ്ങളുടെയും അവസ്ഥ സമാനമാണ്. ഏതാണ്ട് 10 വർഷംമുമ്പ് ജിഡ സഹായത്തോടെയാണ് ഈ പാലങ്ങൾ പുനർനിർമിച്ചത്. നിർമാണം പൂർത്തിയാക്കി ഏറെ താമസിയാതെ എല്ലാം ഗതാഗതത്തിന് തുറന്നു നൽകുകയും ചെയ്തു. എന്നാൽ, പാലം നിർമാണ ചുമതലയുണ്ടായിരുന്ന പൊതുമരാമത്ത് വിഭാഗമാകട്ടെ പാലത്തിന്റെ പ്രധാന സ്ലാബിന് മുകളിൽ ടാറിങ് നടത്തിയില്ല. ഇത് റോഡ് വിഭാഗത്തിന്റെ പണിയാണെന്ന് പറഞ്ഞാണ് ടാറിങ് ഒഴിവാക്കിയത്. ഇതിനെതിരെ ആക്ഷേപമുയർന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഇതിനിടെ പാലത്തിന്റെ മേൽ സ്ലാബുകളിൽ വിള്ളൽ വീഴാൻ തുടങ്ങി. ചില പാലങ്ങളിലെ വിള്ളലുകൾ ഗുരുതരമായതോടെ ഇരു ചക്ര വാഹനങ്ങൾക്ക് ഭീഷണിയായി. എന്നിട്ടും അധികൃതർ അനങ്ങിയില്ല.
പള്ളിപ്പുറം കോൺെവന്റ് പാലത്തിലും കരുത്തല പാലത്തിലും കോൺക്രീറ്റിന് ഉപയോഗിച്ച കമ്പികൾ പുറത്തേക്ക് കണ്ടു തുടങ്ങിയതോടെ അധികൃതർ ഈ രണ്ട് പാലങ്ങളിൽ മാത്രം ടാർ കൊണ്ട് ഓട്ടകൾ അടച്ചു. മറ്റു പാലങ്ങളുടെ കാര്യത്തിൽ നടപടിയുണ്ടായില്ല. ഇപ്പോൾ ചാത്തങ്ങാട് പാലത്തിലെ വിള്ളൽ മുമ്പത്തെക്കാൾ ഗുരുതരാവസ്ഥയിലായിരിക്കുകയാണ്. എന്നിട്ടും പൊതുമരാമത്ത് മൗനം പാലിക്കുകയാണെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.