ഇന്ന് മത്സ്യ കർഷക ദിനം: മനസ്സുവെച്ചാൽ തിരുതയും വിളയും; ഇത് നിസാറിെൻറ 'കൃഷിപാടം'
text_fieldsഎടവനക്കാട്: മത്സ്യ കൃഷിയിൽ എങ്ങനെ ലാഭം കൊയ്യാമെന്ന് എടവനക്കാട് അഴിവേലിക്കകത്ത് വീട്ടിൽ നിസാറിനോട് ചോദിക്കണം. ഒരാൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന പാടം, കനത്ത നഷ്ടം വന്നതോടെ അയാൾ കൃഷി ഉപേക്ഷിക്കുന്നു. തുടർന്ന് നിസാർ അവിടെ പരീക്ഷണാടിസ്ഥാനത്തിൽ ചെമ്മീൻ കൃഷി തുടങ്ങുന്നു. തൊഴിലാളികളുടെ സഹായത്തോടെ മൂന്നു മാസത്തോളം കഠിനാധ്വാനം. മുടക്കു മുതൽ പോലും കിട്ടിയില്ല. നേരിട്ടത് കനത്ത തിരിച്ചടി. പക്ഷെ പിന്തിരിയാൻ അദ്ദേഹം തയാറായില്ല. നഷ്ടത്തിലായ ചെമ്മീൻ കൃഷിയിൽനിന്നും തിരുതയിലേക്ക് മാറി. ഒപ്പം പശുവളർത്തലും. അത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. വളർച്ചക്കുറവായിരുന്നു തിരുത കൃഷിയിലെ പ്രധാന വെല്ലുവിളി. ഡയറി ഫാമിൽ നിന്നുള്ള ചാണകവും മൂത്രവും ഓരു വെള്ളത്തിൽ കലരാൻ തുടങ്ങിയതോടെ വളർച്ച വേഗം കൂടി. ഇന്നിപ്പോൾ പള്ളിപ്പുറം കോവിലകത്തുംകടവ് കിഴക്ക് പുഴയോരത്തായി തിരുതകൾ നിറഞ്ഞ പത്തേക്കർ പാടം ആരുടെയും മനം കവരും.
ഒരു വർഷം കൊണ്ട് 800-900 ഗ്രാം തൂക്കത്തിലേക്ക് വളരുന്നു നിസാറിെൻറ തിരുതകൾ. ഒരു വർഷം എത്തുമ്പോഴാണ് വിളവെടുപ്പെങ്കിലും കൈയിൽ കിട്ടാതെ രക്ഷപ്പെടുന്നവ രണ്ടു മൂന്നു വർഷം കൊണ്ട് നാലു കിലോ വരെ വളരും. വർഷം 30,000 തിരുത കുഞ്ഞുങ്ങളെയാണ് നിസാർ നിക്ഷേപിക്കുന്നത്.
ഡയറി ഫാം വന്നതോടെ ചെമ്മീനിെൻറ രോഗബാധ ഗണ്യമായി കുറഞ്ഞു. ചെമ്മീനു പുറമെ ഓരിനൊപ്പം കയറി വരുന്ന കണമ്പ്, കരിമീൻ എന്നിവയും പ്ലവക സമ്പന്നമായ വെള്ളത്തിൽ നന്നായി വളരുന്നു. വിറ്റഴിക്കാൻ കഴിയാതെ തിരികെയെത്തുന്ന ബ്രെഡ്, ചപ്പാത്തി, മറ്റു ബേക്കറി ഉൽപന്നങ്ങൾ എന്നിവ നിർമാണ ശാലകളിൽനിന്ന് സംഭരിക്കുന്നതാണ് മീനിെൻറ മുഖ്യ ഭക്ഷണം. തിരുതക്കുഞ്ഞുങ്ങൾക്ക് ഏറ്റവുമിഷ്ടം ആൽഗകളെയും സൂക്ഷ്മ ജലസസ്യങ്ങളെയുമാണ്. വളക്കൂറുള്ള വെള്ളമാണെങ്കിൽ ചെറു ജലസസ്യങ്ങൾ നന്നായി വളരും. കിലോ 650 രൂപക്ക് ഫാമിൽ നേരിട്ടാണ് തിരുത വിൽപന. രുചിയുടെ മേന്മയാണ് ഓരു ജല തിരുതയ്ക്ക് വില ഉയരാൻ കാരണം. ജൂൺ- ആഗസ്റ്റ് മാസങ്ങളിൽ തീരങ്ങളിലെത്തിയാണ് തിരുത മുട്ടയിടുക. ഈ സമയത്തു സംഭരിക്കുന്ന കുഞ്ഞുങ്ങളെയാണ് നിസാർ കുളത്തിൽ നിക്ഷേപിക്കുന്നത് .
വർഷം മുഴുവൻ ലൈസൻസുള്ള ചെമ്മീൻ കെട്ടുകളിൽ തിരുത വളർത്തിയാൽ തീര മേഖലയിലുള്ളവർക്ക് നേട്ടമാണെന്ന് നിസാർ പറയുന്നു. നിസാറിെൻറ കൃഷി പരിചയപ്പെടാനായി കാർഷിക സർവകലാശാലയിൽ നിന്നുള്ള വിദ്യാർഥികൾ ഫാം സന്ദർശിക്കാൻ എത്താറുണ്ട്. പാടത്തുനിന്ന് കിട്ടുന്ന ചെറുമത്സ്യങ്ങൾ ഉണക്കിപ്പൊടിച്ച് കാലിത്തീറ്റയിൽ ചേർത്ത് പശുക്കൾക്ക് കൊടുക്കും. മൂന്ന് പശുവിൽ തുടങ്ങിയ നിസാറിന് ഇപ്പോൾ ഇരുപതിലേറെ പശുക്കളുണ്ട്. പിന്തുണയുമായി ഭാര്യ വാഹിദയും മക്കളായ നെഹ്നയും നെഹാറും ഒപ്പമുണ്ട് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.