ഹേബിയസ് കോർപസ് ഹരജി: രോഗിയായ യുവതിയെ ആംബുലൻസിൽ സന്ദർശിച്ച് കേസ് പരിഗണിച്ചു
text_fieldsകൊച്ചി: ഹേബിയസ് കോർപസ് ഹരജിയിൽ കോടതി വളപ്പിലെത്തിച്ച അർധബോധാവസ്ഥയിൽ കഴിയുന്ന യുവതിയെ ജഡ്ജിമാർ ആംബുലൻസിലെത്തി സന്ദർശിച്ച ശേഷം േകസ് പരിഗണിച്ചു. ജഡ്ജിമാർക്കൊപ്പമെത്തിയ ഹൈകോടതിയിലെ ഡോക്ടർ വിശദ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചതിെൻറ അടിസ്ഥാനത്തിൽ ആശുപത്രിയിലേക്കുതന്നെ യുവതിയെ മടക്കി അയച്ചു. എന്നാൽ, കോടതി ഉത്തരവില്ലാതെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യരുതെന്ന് അധികൃതർക്ക് നിർദേശം നൽകി.
തെൻറ ഭാര്യയെ അന്യായ തടങ്കലിലാക്കിയതായി ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശി നൽകിയ ഹേബിയസ് കോർപസ് ഹരജിയിലാണ് കടവന്ത്ര ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിൽ കഴിയുന്ന യുവതിയെ ആംബുലൻസിൽ കോടതി വളപ്പിലെത്തിച്ചത്. യുവതിയുടെ ചികിത്സയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് ടി.ആർ. രവി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
കോലഞ്ചേരി പുത്തൻകുരിശ് സ്വദേശിനിയും ആയുർവേദ ഡോക്ടറുമായ യുവതിയും ആലപ്പുഴ സ്വദേശിയായ യുവാവും ജൂലൈ ഏഴിന് വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. ഇതിനിടെ, യുവതിയുടെ പിതാവ് മകളെ കാണാനില്ലെന്നുകാട്ടി പുത്തൻകുരിശ് െപാലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിെൻറ അടിസ്ഥാനത്തിൽ യുവതിയെ കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. വിവാഹം കഴിഞ്ഞെന്നും ഭർത്താവിനൊപ്പം പോകാനാണ് താൽപര്യമെന്നും അറിയിച്ചതിനെത്തുടർന്ന് അതിന് കോടതി അനുവദിച്ചു. ഇരുവരും മടങ്ങുംവഴി യുവതിയുടെ പിതാവും സംഘവും ചേർന്ന് വാഹനം തടഞ്ഞ് യുവതിയെ തട്ടിക്കൊണ്ടുപോയെന്നാണ് ഹേബിയസ് കോർപസ് ഹരജിയിൽ പറയുന്നത്.
ഒക്ടോബർ 21ന് യുവതിയെ ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടെങ്കിലും കോടതിയിലേക്ക് വരുന്ന വഴി യുവതിക്ക് വയറുവേദന അനുഭവപ്പെട്ടെന്നും കടവന്ത്രയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അറിയിച്ചു. ആശുപത്രി അധികൃതരുടെ വിശദീകരണവും അന്ന് കോടതി തേടിയിരുന്നു. കിടത്തിച്ചികിത്സ ആവശ്യമാണെന്നായിരുന്നു വിശദീകരണം. തുടർന്ന് 23ന് ഹാജരാക്കാൻ നിർദേശിച്ചെങ്കിലും എം.ആർ.ഐ സ്കാനിങ്ങിെൻറ പേരിൽ അന്നും ഹാജരാക്കിയില്ല. ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടിനോട് നേരിട്ട് ഹാജരാകാനും യുവതിയെ ഹാജരാക്കാനും കോടതി നിർദേശിച്ചതിനെത്തുടർന്നാണ് ചൊവ്വാഴ്ച യുവതിയെ ആംബുലൻസിൽ ഹാജരാക്കിയത്. മെഡിക്കൽ സൂപ്രണ്ടിനോട് കോടതി വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.