ഇനി മെട്രോ വെള്ളത്തിൽ
text_fieldsകൊച്ചി: കൊച്ചി വാട്ടർ മെട്രോയും യഥാർഥ്യമാകുന്നു. ദ്വീപുകളെ നഗരവുമായി കൂട്ടിയോജിപ്പിക്കുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെത്തി. സംയോജിത ജലഗതാതഗ സംവിധാനം അഥവാ വാട്ടർ മെട്രോ പദ്ധതിയിലൂടെ നഗരത്തിലൂടെയും നഗരത്തിനുചുറ്റുമുള്ള ദ്വീപുകളിലൂടെയും ആധുനിക ഗതാഗത സംവിധാനങ്ങളുപയോഗിച്ച് ലളിതസുന്ദരമായി യാത്ര ചെയ്യാം. 15 പ്രധാന റൂട്ടിലൂടെ, 10 ദ്വീപ് ബന്ധിപ്പിച്ച് 78 കി.മീ. ദൈർഘ്യത്തിൽ 38 െജട്ടി കേന്ദ്രീകരിച്ചാണ് ഇലക്ട്രിക് ബോട്ടുകൾ കുതിക്കുക.
ഒരു ലക്ഷത്തോളം ദ്വീപുവാസികൾക്ക് പദ്ധതിയുടെ പ്രയോജനമുണ്ടാവും. ദ്വീപുകളിലുള്ളവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുക, വരുമാനം സൃഷ്ടിക്കുക, അനുബന്ധ തൊഴിലവസരങ്ങൾ ഒരുക്കുക എന്നീ ലക്ഷ്യങ്ങളും പദ്ധതിക്കുണ്ട്.
819 കോടി രൂപയാണ് ആകെ ചെലവ്. ഇന്തോ-ജർമൻ സാമ്പത്തിക സഹകരണത്തിെൻറ ഭാഗമായി ജർമൻ ഫണ്ടിങ് ഏജൻസിയായ കെ.എഫ്.ഡബ്ല്യുവാണ് ഇതിൽ 579 കോടി മുടക്കുന്നത്. നിലവിൽ റൂട്ടുകളിലേറെയും ജലഗതാഗതത്തിന് ഉപയോഗിക്കുന്നതിനാൽ ഡ്രെഡ്ജിങ്ങിെൻറ ആവശ്യമില്ല. എന്നാലും ചെറിയ തോതിൽ നടത്തേണ്ടിവരും.
ആദ്യഘട്ടം ഉദ്ഘാടനം ഉടൻ
വൈറ്റില മൊബിലിറ്റി ഹബിൽനിന്ന് കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള ആദ്യഘട്ടത്തിെൻറ ഉദ്ഘാടനം ഉടൻ ഉണ്ടാവും. എന്നാൽ, ഉദ്ഘാടന തീയതി തീരുമാനിച്ചിട്ടില്ലെന്നും അന്തിമഘട്ട പ്രവൃത്തി നടന്നുവരുകയാണെന്നും കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു. 90 ശതമാനം ജോലി തീർന്നു. പിണറായി സർക്കാറിെൻറ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിലൊന്നായ പദ്ധതി, നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംമുമ്പ് ഉദ്ഘാടനം ചെയ്യും. രാവിലെ ആറുമുതൽ രാത്രി 10 വരെയായിരിക്കും സർവിസ്. വൈറ്റില-എരൂർ-ഇൻഫോപാർക്ക്, എറണാകുളം-സൗത്ത് ചിറ്റൂർ, ഹൈകോടതി-വില്ലിങ്ടൺ ഐലൻഡ്-മട്ടാഞ്ചേരി, ഹൈകോടതി-വൈപ്പിൻ-ഫോർട്ട്കൊച്ചി, ഹൈകോടതി-എറണാകുളം-തേവര-കുമ്പളം, ഫോർട്ട്കൊച്ചി-മട്ടാഞ്ചേരി തുടങ്ങിയവയാണ് പ്രധാന റൂട്ടുകൾ.
മെട്രോ ട്രെയിൻ പോലൊരു ബോട്ട്
സാധാരണ കാണുന്ന ബോട്ടുകളായിരിക്കില്ല യാത്രക്കാരെ കാത്തിരിക്കുന്നത്. കൊച്ചി മെട്രോയുടെ ട്രെയിനുകളുടെ മാതൃകയിെല സുന്ദരമായ, അത്യാധുനിക സംവിധാനങ്ങളുള്ള ബോട്ടുകളാണ് സർവിസ് നടത്തുക. സംയോജിത പദ്ധതിയായതുകൊണ്ടുതന്നെ മെട്രോ ട്രെയിനിലെ ടിക്കറ്റ് വാട്ടർ മെട്രോക്കും ഉപയോഗിക്കാം. 100 പേർക്ക് കയറാവുന്ന ബോട്ടിൽ 50 പേർക്ക് ഇരുന്നും 50 പേർക്ക് നിന്നും യാത്ര ചെയ്യാം. അത്യാധുനിക സുരക്ഷസംവിധാനം, വൈ-ഫൈ, എ.സി, ജി.പി.എസ്, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, ഓട്ടോമാറ്റിക് ടിക്കറ്റ് കലക്ഷൻ സൗകര്യം, സി.സി ടി.വി തുടങ്ങിയവ ബോട്ടുകളുടെ പ്രത്യേകതയാണ്. കൊച്ചി കപ്പൽശാലയിൽ ബോട്ടുകൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ആദ്യഘട്ടത്തിൽ വളരെ കുറച്ച് ബോട്ടുകൾ മാത്രമേ സർവിസിന് നൽകൂ. ബോട്ട് സർവിസ് നടത്തുന്ന ടെർമിനലുകൾക്കും പ്രത്യേകതകളേറെയാണ്. ആളുകളുടെ എണ്ണം, വലുപ്പം എന്നിവ അനുസരിച്ച് വലുത്, ചെറുത്, ഇടത്തരം എന്നിങ്ങനെ ടെർമിനലുകളെ തരംതിരിച്ചിട്ടുണ്ട്. നിലവിൽ വൈറ്റില, കാക്കനാട് ടെർമിനലുകളുടെ നിർമാണവും അന്തിമഘട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.