കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതി പിടിയിൽ
text_fieldsമൂവാറ്റുപുഴ: കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതിയെ മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊല്ലം ഇരവിപുരം പൊലീസിന് കൈമാറി. വിവാഹത്തിൽനിന്ന് വരൻ പിന്മാറിയതിനെ തുടർന്ന് കൊട്ടിയത്ത് ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരി ആൻസിയെയും കാമുകനെയുമാണ് വ്യാഴാഴ്ച വൈകീട്ട് കസ്റ്റഡിയിലെടുത്തത്. കോളിളക്കം സൃഷ്ടിച്ച കൊട്ടിയം സ്വദേശി റംസിയുടെ (24) മരണവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ യുവാവിനൊപ്പമാണ് ആൻസിയെ പിടികൂടിയത്. റംസി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇരയ്ക്കു നീതി ആവശ്യപ്പെട്ടുള്ള സമൂഹ മാധ്യമ പ്രതിഷേധ കൂട്ടായ്മയിലെ അംഗമാണിയാൾ.
കഴിഞ്ഞ 18നാണ് ആൻസിയെ കാണാതായത്. ഇവരെ കാണാനിെല്ലന്ന് ഭർത്താവ് മുനീർ ഇരവിപുരം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ മൂവാറ്റുപുഴയിൽ ഒളിവിൽ താമസിക്കുന്നതായി വിവരം ലഭിച്ചു. ഇരവിപുരം െപാലീസ് നൽകിയ വിവരത്തെ തുടർന്നു നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
റംസിയുടെ മരണവുമായി ബന്ധപ്പെട്ട് സഹോദരി ആൻസിയും സമൂഹ മാധ്യമങ്ങൾ വഴി വൻ പ്രചാരണം നടത്തിയിരുന്നു. ഇരയ്ക്കു നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളും അരങ്ങേറി. ഇതോടെ ജനശ്രദ്ധ ആകർഷിച്ച കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കേസിൽ സീരിയൽ നടി ഉൾപ്പെടെ മുൻകൂർ ജാമ്യം നേടുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് ആൻസിയെ കാണാതായത്.
സെപ്റ്റംബർ മൂന്നിനാണ് റംസി തൂങ്ങിമരിച്ചത്. വർഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞതിന് ശേഷം സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോൾ യുവാവ് റംസിയെ ഒഴിവാക്കിയെന്നും ഇതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തുവെന്നുമായിരുന്നു പരാതി. റംസി മൂന്നു മാസം ഗർഭിണിയായിരിക്കെ നിർബന്ധിത ഗർഭച്ഛിദ്രം നടത്താൻ വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ചുവെന്നായിരുന്നു സീരിയൽ നടിക്കെതിരായ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.