ഗിഫ്റ്റ് സിറ്റി: അയ്യമ്പുഴയിൽ ജനകീയ പ്രതിഷേധം
text_fieldsകാലടി: ഗിഫ്റ്റ് സിറ്റിയുടെ ഭാഗമായി ജനവാസ കേന്ദ്രമായ അയ്യമ്പുഴയിൽനിന്ന് ജനങ്ങളെ കുടിയിറക്കി ഭൂമി ഏറ്റെടുക്കലിൽ ജനകീയ പ്രതിഷേധം.
സ്ഥിതി വിലയിരുത്താനെത്തിയ സ്ഥലം എറ്റെടുക്കൽ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ സുരേഷ്കുമാറിനെയും റവന്യൂ ഉദ്യോഗസ്ഥരെയും നാട്ടുകാർ തടഞ്ഞു.
ഉദ്യോഗസ്ഥർ എത്തുമെന്നറിഞ്ഞ് മഴപോലും വകവെക്കാതെ മൂന്നൂറോളം പേരാണ് പ്രദേശത്ത് തടിച്ചുകൂടിയത്. കോവിഡ് മാനദണ്ഡം പാലിച്ച് വ്യാഴാഴ്ച വൈകീട്ട് മൂന്ന് കിലോമീറ്റർ ദൂരത്തിൽ അരമണിക്കൂർ മെഴുകുതിരികൾ കത്തിച്ച് പ്രതിഷേധിച്ചു.
ഫെബ്രുവരിയിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുമെന്ന് അധികൃതർ പറയുമ്പോൾ പോലും പ്രദേശവാസികൾക്ക് പദ്ധതിയെക്കുറിച്ചും ഭൂമി ഏറ്റെടുക്കലിനെക്കുറിച്ചും കൃത്യമായ വിവരം നൽകിയിട്ടില്ല. അനധികൃത ഭൂമി ഏറ്റെടുക്കലിനെതിരെ അയ്യമ്പുഴയിൽ ജനകീയ മുന്നേറ്റ സമിതി രൂപവത്കരിച്ചിരുന്നു.
വികസനത്തിന് എതിരെല്ലന്നും എന്നാൽ, ഗിഫ്റ്റ് സിറ്റിയുടെ ഭാഗമായി വരാൻ പോകുന്ന വ്യവസായങ്ങളിൽ വ്യക്തതയില്ലാത്തതിനാൽ ഭൂമി വിട്ടുനൽകാൻ തയാറെല്ലന്നും സമരസമിതി കൺവീനർമാരായ ബിജോയി ചെറിയാൻ, ജോസ് ചുള്ളി എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.